ആസൂത്രണ ബോർഡിലെ വിവാദമായ നിയമനത്തട്ടിപ്പ് കേസിൽ കടുത്ത ഒളിച്ചുകളികൾക്കൊടുവിൽ ക്രൈംബ്രാഞ്ചിന് രേഖകൾ കൈമാറി പിഎസ്സി. ഇന്നലെ വൈകിട്ടോടെയാണ് അന്വേഷണസംഘം ആവശ്യപ്പെട്ട നിർണായക വിവരങ്ങൾ പിഎസ്സി ഔദ്യോഗികമായി കൈമാറിയത്. കേസ് അന്വേഷണത്തിന്റെ ഭാഗമായി ചോദ്യപേപ്പർ, ഉത്തര സൂചിക, ഉദ്യോഗാർത്ഥികളുടെ പട്ടിക, അഭിമുഖത്തിന് വിളിക്കപ്പെട്ടവരുടെ വിവരങ്ങൾ, ഓൺസ്ക്രീൻ മാർക്കിങ്ങിന്റെ വിശദാംശങ്ങൾ തുടങ്ങിയ സുപ്രധാന രേഖകളാണ് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് പുറത്തുകൊണ്ടുവന്ന ആസൂത്രണ ബോർഡിലെ നിയമനതട്ടിപ്പ് പിഎസ്സിയുടെ വിശ്വാസ്യതയെത്തന്നെ ചോദ്യം ചെയ്യുന്നതായിരുന്നു. പത്ത് ചോദ്യങ്ങൾ മൂല്യനിർണ്ണയം നടത്താതെ റാങ്ക് ലിസ്റ്റ് തയ്യാറാക്കിയതും, അതിലൂടെ ഇടത് സംഘടനാ നേതാവിന് ഒന്നാം റാങ്ക് ലഭിച്ചതുമാണ് വൻ വിവാദങ്ങൾക്ക് വഴിവെച്ചത്. ഈ നിയമനവുമായി ബന്ധപ്പെട്ട് മൂടിവെച്ച മുഴുവൻ രേഖകളും ഏഴ് ദിവസത്തിനകം പരാതിക്കാരനായ ഉദ്യോഗാർത്ഥിക്ക് നൽകാൻ ഈ മാസം ആറിന് വിവരാവകാശ കമ്മീഷൻ ഉത്തരവിട്ടിരുന്നു. പുറമെ ഉദ്യോഗാർത്ഥികളുടെ വിശ്വാസ്യത കാത്തുസൂക്ഷിക്കുമെന്ന് കാട്ടി പിഎസ്സി വാർത്താക്കുറിപ്പ് ഇറക്കുകയും ചെയ്തു.
എന്നാൽ വാഗ്ദാനങ്ങൾ നൽകിയെങ്കിലും രേഖകൾ നൽകാൻ പിഎസ്സി തയ്യാറായിരുന്നില്ല. ആസൂത്രണ ബോർഡിലെ ചീഫ് ഇൻസ്ട്രക്ടർ ആൻഡ് ഇൻഫ്രാസ്ട്രക്ചർ തസ്തികയുടെ റാങ്ക് പട്ടികയിൽ ഉൾപ്പെട്ടവരുടെ എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും മാർക്കുകൾ ഈ ഘട്ടത്തിൽ കൈമാറാൻ കഴിയില്ലെന്ന നിലപാടാണ് പിഎസ്സി ഒടുവിൽ സ്വീകരിച്ചത്. വിവരാവകാശ കമ്മീഷന്റെ ഉത്തരവിനെതിരെ അപ്പീൽ നൽകാൻ പിഎസ്സി തീരുമാനിച്ചതും ഉദ്യോഗാർത്ഥികൾക്കിടയിൽ കനത്ത പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ഈ തർക്കങ്ങൾ നിലനിൽക്കെയാണ് ഇപ്പോൾ ക്രൈംബ്രാഞ്ചിന് മുന്നിൽ പിഎസ്സിക്ക് രേഖകൾ സമർപ്പിക്കേണ്ടി വന്നിരിക്കുന്നത്.
PSC finally gives in! Crucial documents handed over to Crime Branch in recruitment scam
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt





