ഒട്ടാവ: പ്രധാനമന്ത്രി മാർക്ക് കാർണിയുടെ ആദ്യത്തെ ഫെഡറൽ ബജറ്റിന് മുന്നോടിയായി പൊതുമേഖലാ ജീവനക്കാർക്ക് കൂട്ടത്തോടെ ജോലി നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന് പബ്ലിക് സർവീസ് അലയൻസ് ഓഫ് കാനഡയുടെ (PSAC) മുന്നറിയിപ്പ്. സർക്കാർ ജീവനക്കാരുടെ എണ്ണം കോവിഡിന് മുൻപുള്ള നിലയിലേക്ക് കുറച്ചാൽ 70,000 പൊതുമേഖലാ ജീവനക്കാർക്ക് വരെ തങ്ങളുടെ സ്ഥാനങ്ങൾ നഷ്ടപ്പെടുമെന്നാണ് PSAC-യുടെ മുന്നറിയിപ്പ്.
കോവിഡ്-19 മഹാമാരിയുടെ സമയത്ത് രാജ്യത്തെ ഫെഡറൽ ജീവനക്കാരുടെ എണ്ണം ഗണ്യമായി വർധിച്ചിരുന്നു. ഈ എണ്ണം കുറയ്‌ക്കേണ്ടതുണ്ടെന്ന് ധനമന്ത്രി ഫ്രാങ്കോയിസ്-ഫിലിപ്പ് ഷാംപെയ്ൻ ഈ ആഴ്ച ആദ്യം സൂചിപ്പിച്ചിരുന്നു. “സിവിൽ സർവീസിനെ സുസ്ഥിരമായ നിലയിലേക്ക് തിരികെ കൊണ്ടുവരേണ്ടതുണ്ട്. വരാനിരിക്കുന്ന ബജറ്റിൽ ഈ മാറ്റത്തിന്റെ സൂചനകൾ കാനഡക്കാർക്ക് കാണാൻ കഴിയും,” അദ്ദേഹം പറഞ്ഞു.
നിർദ്ദേശിച്ചിട്ടുള്ള ഈ വെട്ടിച്ചുരുക്കലിനെ ‘എ റെസിപ്പി ഫോർ ഡിസാസ്റ്റർ’ എന്നാണ് PSAC വിശേഷിപ്പിച്ചത്. ഇത്രയധികം ജീവനക്കാരെ പിരിച്ചുവിടുന്നത് അത്യാവശ്യ പൊതുസേവനങ്ങൾ നൽകാനുള്ള കാനഡയുടെ ശേഷിയെ ഗുരുതരമായി ദുർബലപ്പെടുത്തുമെന്ന് യൂണിയൻ മുന്നറിയിപ്പ് നൽകുന്നു. ഇത്തരത്തിലുള്ള സമീപനം പൊതുമേഖലയെ ‘പൊള്ളയാക്കും’ എന്നും കുടുംബങ്ങൾ, വിമുക്തഭടന്മാർ, മുതിർന്ന പൗരന്മാർ എന്നിവർക്കായുള്ള നിർണായക പദ്ധതികളെ സമ്മർദ്ദത്തിലാക്കുമെന്നും PSAC ദേശീയ പ്രസിഡന്റ് ഷാരോൺ ഡിസൂസ അഭിപ്രായപ്പെട്ടു. “കോവിഡിന് ശേഷം നമ്മുടെ ലോകം മാറി, പൊതുസേവനങ്ങൾ ഇപ്പോൾത്തന്നെ വലിയ സമ്മർദ്ദത്തിലാണ്. ഈ ഘട്ടത്തിൽ ജീവനക്കാരെ വെട്ടിക്കുറയ്ക്കുന്നത് തികഞ്ഞ അശ്രദ്ധയാണ്,” അവർ കൂട്ടിച്ചേർത്തു.
ട്രഷറി ബോർഡ് കണക്കുകൾ പ്രകാരം, 2025-ൽ ഫെഡറൽ പൊതുമേഖലാ ജീവനക്കാരുടെ എണ്ണം ഏകദേശം 10,000-ത്തോളം കുറഞ്ഞെങ്കിലും, 2019-ലെ നിലയേക്കാൾ ഇപ്പോഴും 70,000 അധികമാണ്. ഇതേ കാലയളവിൽ കാനഡയിലെ ജനസംഖ്യ ഏകദേശം 43 ലക്ഷം വർധിക്കുകയും, സർക്കാർ സേവനങ്ങൾക്കുള്ള ആവശ്യം വർധിക്കുകയും ചെയ്തിരുന്നു. നിലവിൽ വിവിധ വകുപ്പുകളിലും ഏജൻസികളിലുമായി 3,57,965 ഫെഡറൽ ജീവനക്കാരുണ്ട്. 2019-ൽ ഇത് 2,87,983 ആയിരുന്നു.
നവംബർ 4-ന് പ്രധാനമന്ത്രി കാർണി പുതിയ ഫെഡറൽ ബജറ്റ് അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനായി ‘തലമുറകൾക്കുള്ള നിക്ഷേപം’ അദ്ദേഹം വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും, ഈ പദ്ധതിക്ക് ‘ചില വിട്ടുവീഴ്ചകൾ’ ആവശ്യമായി വരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു. 2025-ലെ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ പൊതുമേഖലയെ ‘വെട്ടിച്ചുരുക്കില്ല, നിയന്ത്രിക്കും’ എന്ന് ലിബറൽ പാർട്ടി വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ, ജീവനക്കാർ പിരിച്ചുവിടൽ ഭീഷണിയിലായതോടെ ഈ വാഗ്ദാനം ഇപ്പോൾ നിരീക്ഷണത്തിലാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
PSAC warns of massive layoffs in Canada,






