ഒട്ടാവ: കാനഡ സർക്കാർ അമേരിക്കൻ മദ്യത്തിനുള്ള നിരോധനം മാറ്റിയാലും തങ്ങളുടെ പ്രവിശ്യയിൽ വിലക്ക് തുടരുമെന്ന് ക്യുബെക്. പ്രവിശ്യയുടെ സാമ്പത്തിക താല്പര്യങ്ങൾ സംരക്ഷിക്കുന്ന ഉറപ്പുകൾ ലഭിക്കുന്നത് വരെ അമേരിക്കൻ ബിയറും മദ്യവും വിപണിയിൽ തിരിച്ചെത്തിക്കില്ലെന്ന് പ്രീമിയർ ക്രിസ്റ്റിൻ ഫ്രെഷെറ്റിന്റെ ഓഫീസ് പ്രസ്താവനയിലൂടെ അറിയിച്ചു. അമേരിക്കയും കാനഡയും തമ്മിൽ പുതിയ വ്യാപാര കരാറിനായുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് ക്യുബെക് സർക്കാർ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.
അമേരിക്കൻ ഉൽപന്നങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് മാറ്റുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ കാനഡയുടെ പരിഗണനയിലുണ്ടെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ പ്രവിശ്യയിലെ മദ്യവിൽപ്പന ശൃംഖലയായ SAQ വഴി അമേരിക്കൻ മദ്യം വീണ്ടും വിൽക്കണമോ എന്ന് തീരുമാനിക്കാനുള്ള പൂർണ അധികാരം ക്യുബെക്കിനാണെന്ന് പ്രീമിയറുടെ ഓഫീസ് ചൂണ്ടിക്കാട്ടി. ന്യായമായ ഒരു വ്യാപാര കരാർ ഉണ്ടാകുന്നത് വരെ യു.എസ്. ഉൽപ്പന്നങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് തുടരുമെന്നും, നിലവിലെ വ്യാപാര തർക്കങ്ങളിൽ പ്രദേശവാസികളുടെ താല്പര്യം സംരക്ഷിക്കുകയാണ് പ്രധാനമെന്നും അധികൃതർ അറിയിച്ചു.
കാനഡയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉയർന്ന തീരുവ പ്രഖ്യാപിച്ചതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള തർക്കം രൂക്ഷമായത്. ഇതിന് തിരിച്ചടിയായാണ് 2025 മാർച്ച് മുതൽ ക്യുബെക് യു.എസ്. മദ്യത്തിന് നിരോധനം ഏർപ്പെടുത്തിയത്. വിലക്ക് വന്നതോടെ കഴിഞ്ഞ ഒരു വർഷത്തിനിടെ ക്യുബെക്കിൽ തദ്ദേശീയമായി നിർമ്മിക്കുന്ന മദ്യത്തിന്റെ വിൽപ്പനയിൽ 70 ശതമാനം വർധനവുണ്ടായിട്ടുണ്ട്. ആഗസ്റ്റ് 19 മുതൽ പുതിയ അമേരിക്കൻ തീരുവകൾ പ്രാബല്യത്തിൽ വരാനിരിക്കെ, ഇരുരാജ്യങ്ങളിലെയും ഉദ്യോഗസ്ഥർ പ്രശ്നപരിഹാരത്തിനായുള്ള ചർച്ചകൾ തുടരുകയാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Even if Canada lifts the ban, Quebec will not; Premier Christine Fréchette states the ban on U.S. liquor will continue.





