തണുപ്പുകാലത്തും വ്യായാമം പതിവാക്കുന്നത് ആരോഗ്യത്തിന് ഗുണകരമാണ്. എന്നാൽ താപനില കുറയുമ്പോൾ ശരീരത്തിൽ ചില മാറ്റങ്ങൾ സംഭവിക്കുകയും അത് ഹൃദയത്തിന്റെ പ്രവർത്തനത്തെയും ബാധിക്കുകയും ചെയ്യാം. തണുപ്പ് കാരണം രക്തക്കുഴലുകൾ ചുരുങ്ങുന്നത് രക്തസമ്മർദം ഉയരാൻ ഇടയാക്കും. ഇതോടെ ഹൃദയത്തിന് രക്തം പമ്പ് ചെയ്യാൻ കൂടുതൽ അധ്വാനിക്കേണ്ടിവരും. ഈ സാഹചര്യത്തിൽ കഠിനമായ വ്യായാമം ചെയ്യുന്നത് ഹൃദയത്തിന് അധിക സമ്മർദമുണ്ടാക്കാം. പ്രത്യേകിച്ച് ഹൃദ്രോഗവും ഉയർന്ന രക്തസമ്മർദവുമുള്ളവർ കൂടുതൽ ശ്രദ്ധിക്കണം. അതിനാൽ തണുപ്പുകാലത്ത് വ്യായാമം ചെയ്യുമ്പോൾ ചില മുൻകരുതലുകൾ സ്വീകരിക്കേണ്ടതുണ്ട്.
വ്യായാമത്തിന് മുമ്പ് Warm-up ചെയ്യുക
തണുപ്പുള്ളപ്പോൾ പെട്ടെന്ന് കഠിനമായ വ്യായാമത്തിലേക്ക് കടക്കരുത്. വ്യായാമം തുടങ്ങുന്നതിന് മുമ്പ് ലഘുവായ നടത്തം, സ്ട്രെച്ചിങ് തുടങ്ങിയവ ചെയ്യാം. ഇത് ശരീരത്തെ വ്യായാമത്തിന് തയ്യാറാക്കാൻ സഹായിക്കും. തുടക്കത്തിൽ കുറഞ്ഞ വേഗത്തിൽ വ്യായാമം ചെയ്ത് പിന്നീട് തീവ്രത ക്രമേണ കൂട്ടുന്നതാണ് നല്ലത്.
READ MORE: കൊടുംതണുപ്പ് അപകടമാകാം; ഫ്രോസ്റ്റ്‌ബൈറ്റ് ഒഴിവാക്കാൻ ഇക്കാര്യങ്ങൾ അറിയണം
അനുയോജ്യമായ വസ്ത്രം ധരിക്കുക
തണുപ്പിൽ പുറത്തുവെച്ച് വ്യായാമം ചെയ്യുമ്പോൾ ശരീരത്തിലെ ചൂട് നിലനിർത്താൻ അനുയോജ്യമായ വസ്ത്രങ്ങൾ ധരിക്കണം. ഒന്നിലധികം ലെയറുകളായി വസ്ത്രം ധരിക്കുന്നത് ഇതിന് സഹായിക്കും. വിയർപ്പ് വേഗത്തിൽ ആഗിരണം ചെയ്ത് ഉണങ്ങുന്ന വസ്ത്രങ്ങൾ തിരഞ്ഞെടുക്കുന്നതും പ്രധാനമാണ്. കൈകൾക്കും ചെവികൾക്കും തലയ്ക്കും തണുപ്പ് ഏൽക്കാതിരിക്കാനും ശ്രദ്ധിക്കണം.
കാലാവസ്ഥ പരിശോധിച്ചശേഷം പുറത്തിറങ്ങുക
വ്യായാമത്തിന് പോകുന്നതിന് മുമ്പ് കാലാവസ്ഥ പരിശോധിക്കുന്നത് നല്ലതാണ്. ശക്തമായ കാറ്റ്, മഴ, മഞ്ഞ് എന്നിവയുള്ളപ്പോൾ പുറത്തുള്ള വ്യായാമം ബുദ്ധിമുട്ടുണ്ടാക്കാം. ഇത്തരം ദിവസങ്ങളിൽ വീടിനുള്ളിൽ ചെയ്യാവുന്ന വ്യായാമങ്ങൾ തിരഞ്ഞെടുക്കാം. വഴുക്കലുള്ള പ്രതലങ്ങളിൽ ഓടുന്നതും നടക്കുന്നതും വീഴ്ചയ്ക്കും പരിക്കിനും കാരണമാകാം.
ആവശ്യത്തിന് വെള്ളം കുടിക്കുക
തണുപ്പുകാലത്ത് ദാഹം കുറവായി അനുഭവപ്പെടാമെങ്കിലും വ്യായാമത്തിനിടെ ശരീരത്തിന് വെള്ളം ആവശ്യമാണ്. അതിനാൽ വ്യായാമത്തിന് മുമ്പും ശേഷവും ആവശ്യത്തിന് വെള്ളം കുടിക്കണം. വ്യായാമത്തിനിടെ ആവശ്യാനുസരണം ചെറിയ ഇടവേളകളിൽ വെള്ളം കുടിക്കുന്നതും നല്ലതാണ്.
വ്യായാമത്തിന്റെ തീവ്രത നിയന്ത്രിക്കുക
പതിവായി വ്യായാമം ചെയ്യാത്തവർ തണുപ്പുകാലത്ത് പെട്ടെന്ന് കഠിനമായ പരിശീലനം തുടങ്ങരുത്. ശരീരത്തിന്റെ ശേഷിക്കനുസരിച്ച് വ്യായാമത്തിന്റെ സമയവും വേഗവും ക്രമേണ വർധിപ്പിക്കണം. തണുപ്പിൽ പെട്ടെന്ന് കഠിനമായ ശാരീരിക അധ്വാനത്തിലേർപ്പെടുന്നത് ഹൃദയത്തിന് അധിക സമ്മർദമുണ്ടാക്കാം. പ്രത്യേകിച്ച് ഹൃദ്രോഗമുള്ളവരും ഉയർന്ന രക്തസമ്മർദമുള്ളവരും ഡോക്ടറുടെ നിർദേശപ്രകാരം വ്യായാമം ചെയ്യണം.
ശരീരം നൽകുന്ന സൂചനകൾ ശ്രദ്ധിക്കുക
വ്യായാമത്തിനിടെ നെഞ്ചുവേദന, നെഞ്ചിൽ മുറുക്കം, ശ്വാസംമുട്ടൽ, തലകറക്കം, അസാധാരണമായ ക്ഷീണം തുടങ്ങിയ ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ അവ അവഗണിക്കരുത്. ഉടൻ വ്യായാമം നിർത്തണം. കടുത്ത നെഞ്ചുവേദനയോ ശ്വാസംമുട്ടലോ അനുഭവപ്പെട്ടാൽ അടിയന്തര വൈദ്യസഹായം തേടണം. ഹൃദ്രോഗമുള്ളവർ വ്യായാമം തുടങ്ങുന്നതിന് മുമ്പ് ഡോക്ടറുടെ നിർദേശം തേടുന്നതും പ്രധാനമാണ്.
തണുപ്പുകാലത്ത് വ്യായാമം ചെയ്യുന്നത് എല്ലാവർക്കും ഹൃദയസംബന്ധമായ അപകടമുണ്ടാക്കുമെന്നല്ല. എന്നാൽ തണുപ്പ് ഹൃദയത്തിന്റെ പ്രവർത്തനഭാരം വർധിപ്പിക്കാമെന്നതിനാൽ ശരീരത്തിന്റെ ശേഷിയും ആരോഗ്യസ്ഥിതിയും പരിഗണിച്ച് വ്യായാമം ചെയ്യണം. ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചാൽ തണുപ്പുകാലത്തും വ്യായാമം സുരക്ഷിതമായി തുടരാം.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt





