സംസ്ഥാനത്ത് കടുത്ത വേനൽച്ചൂടിനെത്തുടർന്ന് വൈദ്യുതി ഉപഭോഗം റെക്കോർഡുകൾ ഭേദിക്കുന്ന സാഹചര്യത്തിൽ പ്രഖ്യാപിത നിയന്ത്രണങ്ങളുമായി കെഎസ്ഇബി. പീക്ക് ലോഡ് മാനേജ്‌മെന്റിന്റെ ഭാഗമായി ഓരോ പ്രദേശത്തും 15 മിനിറ്റ് മുതൽ അര മണിക്കൂർ വരെ വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് ബോർഡ് അറിയിച്ചു. വൈകുന്നേരം 6 മണി മുതൽ 11 മണി വരെയുള്ള സമയങ്ങളിൽ വൈദ്യുതി ഉപഭോഗം ക്രമാതീതമായി കൂടുന്നതിനാലാണ് ഈ താത്കാലിക ക്രമീകരണം.
വൈദ്യുതി ഉപഭോഗം കുതിച്ചുയരുന്നത് ഗ്രിഡിന്റെ സുരക്ഷയെ ബാധിക്കാതിരിക്കാനാണ് പ്രാദേശികമായി നിയന്ത്രണം ഏർപ്പെടുത്തുന്നത്. ഉപഭോഗം കൂടുന്ന മുറയ്ക്ക് ലോഡ് ക്രമീകരിക്കുന്നതിന്റെ ഭാഗമായിട്ടായിരിക്കും വൈദ്യുതി മുടങ്ങുക. പവർകട്ട് സംബന്ധിച്ച വിവരങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് ഉപഭോക്താക്കളെ എസ്എംഎസ് വഴി അറിയിക്കാൻ ശ്രമിക്കുമെന്ന് കെഎസ്ഇബി വ്യക്തമാക്കി. അപ്രഖ്യാപിത വൈദ്യുതി തടസ്സങ്ങളിൽ ജനരോഷം ശക്തമായ പശ്ചാത്തലത്തിലാണ് ഔദ്യോഗികമായി നിയന്ത്രണം പ്രഖ്യാപിച്ചിരിക്കുന്നത്.
വൈദ്യുതി പ്രതിസന്ധി മറികടക്കാൻ ജനങ്ങൾ സഹകരിക്കണമെന്ന് കെഎസ്ഇബി അഭ്യർത്ഥിച്ചു. പീക്ക് അവറായ 6 PM മുതൽ 11 PM വരെയുള്ള സമയങ്ങളിൽ എയർ കണ്ടീഷണറുകൾ, വാട്ടർ ഹീറ്ററുകൾ, ഇൻഡക്ഷൻ സ്റ്റൗ തുടങ്ങിയ ഉയർന്ന വൈദ്യുതി ഉപയോഗിക്കുന്ന ഉപകരണങ്ങൾ പരമാവധി നിയന്ത്രിക്കണം. വൈദ്യുതി ബോർഡിന്റെ നിർദ്ദേശങ്ങളോട് സഹകരിച്ചാൽ മാത്രമേ വൻതോതിലുള്ള പവർകട്ട് ഒഴിവാക്കി മുന്നോട്ട് പോകാൻ സാധിക്കൂ എന്നും അധികൃതർ അറിയിച്ചു.
Power outage in the state; Power outages likely to last 15 minutes to half an hour
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



