ഓട്ടവ: ഓട്ടവയ്ക്കും ലണ്ടനും ഇടയിൽ പുതിയ നേരിട്ടുള്ള വിമാന സർവീസുകളുമായി പോർട്ടർ എയർലൈൻസ് രംഗത്ത്. അടുത്ത വർഷം വസന്തകാലം മുതൽ ഓട്ടവയിൽ നിന്ന് തെക്കുപടിഞ്ഞാറൻ ഒന്റാറിയോയിലെ ലണ്ടൻ നഗരത്തിലേക്ക് യാത്രക്കാർക്ക് പുതിയ സർവീസ് ലഭ്യമാകും. ലണ്ടൻ ഇന്റർനാഷണൽ എയർപോർട്ടിന്റെ വിപുലീകരണത്തിന്റെ ഭാഗമായാണ് ഒട്ടാവയുമായുള്ള ഈ പുതിയ കണക്റ്റിവിറ്റി.
ലണ്ടനിൽ നിന്ന് ഹാലിഫാക്സ്, വൻകൂവർ, എഡ്മിന്റൻ, മോൺട്രിയൽ തുടങ്ങിയ നഗരങ്ങളിലേക്കും പോർട്ടർ പുതിയ സർവീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ലണ്ടൻ നഗരത്തെ തങ്ങളുടെ ശൃംഖലയുടെ പ്രധാന ഭാഗമാക്കാൻ കമ്പനി പ്രതിജ്ഞാബദ്ധമാണെന്ന് പോർട്ടർ എയർലൈൻസ് പ്രസിഡന്റ് കെവിൻ ജാക്സൺ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. പ്രദേശത്തെ രണ്ടു ദശലക്ഷത്തിലധികം വരുന്ന ജനങ്ങൾക്ക് ഇത് മികച്ച യാത്രാ സൗകര്യമൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഓട്ടവ-ലണ്ടൻ റൂട്ടിൽ ആഴ്ചയിൽ 20 സർവീസുകൾ വീതം ഉണ്ടായിരിക്കുമെന്ന് എയർലൈൻസ് അറിയിച്ചു. 2027 ഏപ്രിൽ 12 മുതലാണ് സർവീസുകൾ ആരംഭിക്കുന്നത്. 78 സീറ്റുകളുള്ള ഡി ഹാവിലാൻഡ് ഡാഷ് 8-400 (De Havilland Dash 8-400) വിമാനങ്ങളായിരിക്കും ഈ സർവീസുകൾക്കായി ഉപയോഗിക്കുന്നത്.
ഈ പുതിയ റൂട്ട് ബിസിനസ്സ്, ടൂറിസം, കുടുംബ യാത്രകൾ എന്നിവ കൂടുതൽ എളുപ്പമാക്കുമെന്ന് ഓട്ടവ ഇന്റർനാഷണൽ എയർപോർട്ട് അതോറിറ്റി ബിസിനസ്സ് ഡെവലപ്മെന്റ് ആൻഡ് മാർക്കറ്റിംഗ് വൈസ് പ്രസിഡന്റ് ജോയൽ ത്കാച്ച് പറഞ്ഞു.
Also Read ; ഓട്ടവയിൽ വീടുകളുടെ വിൽപ്പനയിൽ ഇടിവ്; സെപ്റ്റംബറിൽ പുതിയ ലിസ്റ്റിംഗുകൾ വർധിച്ചതായി OREB റിപ്പോർട്ട്
പ്രവിശ്യയിലുടനീളമുള്ള യാത്രക്കാർക്ക് വേഗതയേറിയതും സൗകര്യപ്രദവുമായ യാത്രാമാർഗ്ഗമാണ് ഇതിലൂടെ ലഭിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ആവശ്യക്കാരുടെ കുറവമൂലം മൂന്ന് മാസം മാത്രം സർവീസ് നടത്തിയ ഒട്ടാവ-സഡ്ബറി നോൺ-സ്റ്റോപ്പ് വിമാന സർവീസുകൾ പോർട്ടർ കഴിഞ്ഞിടെ റദ്ദാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് ഇപ്പോൾ പുതിയ സർവീസുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq





