തിരുവനന്തപുരം: സംസ്ഥാന ആസൂത്രണ ബോർഡിലെ മൂന്ന് തസ്തികകളിലേക്ക് നടന്ന പി.എസ്.സി പരീക്ഷാ മൂല്യനിർണയത്തിലെ ഗുരുതരമായ ക്രമക്കേടിൽ വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഒരുങ്ങുന്നു. ഭരണഘടനാ സ്ഥാപനമായ പി.എസ്.സിക്കെതിരെ വിജിലൻസ് അന്വേഷണം നടത്തുന്നതിലെ നിയമപരമായ വശങ്ങളെക്കുറിച്ച് സർക്കാർ നിയമോപദേശം തേടിയിട്ടുണ്ട്. ആസൂത്രണ ബോർഡിലെ മൂന്ന് വിഭാഗങ്ങളുടെ ചീഫ് തസ്തികയ്ക്കായി നടത്തിയ പൊതുപരീക്ഷയിൽ 228 ഉദ്യോഗാർത്ഥികളുടെയും 10 പ്രധാന ഉത്തരങ്ങൾ (ഏകദേശം 58 മാർക്കിന്റെ ചോദ്യങ്ങൾ) മൂല്യനിർണയം നടത്താതെ ഒഴിവാക്കിയെന്നാണ് കണ്ടെത്തൽ.
ഈ ഗുരുതരമായ പിഴവ് പി.എസ്.സി സമ്മതിച്ചെങ്കിലും, റാങ്ക് പട്ടിക പരിഷ്കരിക്കാനോ പുനർമൂല്യനിർണയം നടത്താനോ ഇതുവരെ തയ്യാറായിട്ടില്ല. ഇതിനിടെ രണ്ട് തസ്തികകളിൽ ഇതേ റാങ്ക്പട്ടിക അടിസ്ഥാനമാക്കി നിയമന ശുപാർശ നൽകി രണ്ടുപേർക്ക് നിയമനം നൽകിയതും ഉദ്യോഗാർത്ഥികൾക്കിടയിൽ കടുത്ത അമർഷത്തിന് കാരണമായിട്ടുണ്ട്.
തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണം അട്ടിമറിക്കാൻ പി.എസ്.സി ചെയർമാന്റെ ഭാഗത്തുനിന്ന് നീക്കമുണ്ടാകുന്നതായി കടുത്ത ആരോപണമാണ് ഉയരുന്നത്. മുൻ യോഗത്തിലെ തീരുമാനപ്രകാരം ആഭ്യന്തര വിജിലൻസ് എസ്.പിയെക്കൊണ്ട് നിഷ്പക്ഷ അന്വേഷണം നടത്തിക്കുന്നതിന് പകരം, ചെയർമാൻ അത് മരവിപ്പിച്ച് പരീക്ഷാ കൺട്രോളറെ അന്വേഷണ ചുമതലപ്പെടുത്തിയതിനെതിരെ പി.എസ്.സിയിലെ ഒരു വിഭാഗം അംഗങ്ങൾക്കിടയിൽ കടുത്ത അമർഷമുണ്ട്.
തട്ടിപ്പുകാരെ സംരക്ഷിക്കാനുള്ള ഈ നീക്കത്തിനെതിരെ ഇന്ന് ചേരുന്ന നിർണായക പി.എസ്.സി യോഗത്തിൽ അംഗങ്ങൾ ചെയർമാനെതിരെ ശക്തമായ പ്രതിഷേധം ഉയർത്തിയേക്കും. ക്രമക്കേടിൽ ആഭ്യന്തര അന്വേഷണം കൊണ്ട് മാത്രം കാര്യമില്ലെന്നും, അടിയന്തരമായി സമഗ്രമായ പോലീസ് അല്ലെങ്കിൽ വിജിലൻസ് അന്വേഷണം വേണമെന്ന ആവശ്യവും ചില അംഗങ്ങൾ യോഗത്തിൽ ഉന്നയിക്കും.
സംഘടനാ നേതാവായ ഒരു ഉദ്യോഗാർത്ഥിക്ക് ഒന്നാം റാങ്ക് ഉറപ്പാക്കുന്നതിനായി മനഃപൂർവ്വം നടത്തിയ അട്ടിമറിയാണ് ഇതെന്നാണ് ഉദ്യോഗാർത്ഥികളുടെ പ്രധാന ആരോപണം. പരീക്ഷ കഴിഞ്ഞ് മൂന്ന് വർഷമായിട്ടും മാർക്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാതിരുന്നതും, ഉദ്യോഗാർത്ഥികൾ വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ചിട്ടും കഴിഞ്ഞ ഒരു വർഷമായി ഉത്തരക്കടലാസിന്റെ പകർപ്പുകൾ നൽകാതിരുന്നതും ഈ സംശയങ്ങൾക്ക് ആക്കം കൂട്ടുന്നു.
വിവരാവകാശ രേഖകളിലൂടെ ക്രമക്കേട് പുറത്തുവന്നതോടെയാണ് ഉദ്യോഗാർത്ഥികൾ കോടതിയെയും കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെയും സമീപിച്ചത്. ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികളുടെ വിശ്വാസ്യത തകർക്കുന്ന ഇത്തരം പ്രവണതകൾക്കെതിരെ ശക്തമായ നടപടി വേണമെന്ന ആവശ്യം രാഷ്ട്രീയ-സാമൂഹിക മേഖലകളിൽ നിന്നും ഇപ്പോൾ ശക്തമായിട്ടുണ്ട്.
Planning Board appointment scam: Government ready for vigilance investigation
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt





