കാൽഗറി : കാനഡയിലെ പടിഞ്ഞാറൻ പ്രവിശ്യകളിലെയും വടക്കൻ ടെറിട്ടറികളിലെയും പ്രീമിയർമാർ പങ്കെടുക്കുന്ന രണ്ടുദിവസത്തെ യോഗം ഇന്ന് ആൽബർട്ടയിലെ കാനനാസ്കിസിൽ ആരംഭിക്കും. ബ്രിട്ടീഷ് കൊളംബിയ (ബി.സി.) തീരത്തേക്ക് നിർദ്ദേശിക്കപ്പെട്ടിട്ടുള്ള പുതിയ പൈപ്പ്‌ലൈൻ പദ്ധതിയെച്ചൊല്ലിയുള്ള ഭിന്നതകളും, കാനഡയിൽ നിന്ന് വേർപിരിയുന്നതുമായി ബന്ധപ്പെട്ട് ജനഹിതപരിശോധന നടത്താനുള്ള ആൽബർട്ടയുടെ പദ്ധതിയും യോഗത്തിൽ പ്രധാന ചർച്ചാവിഷയങ്ങളാകുമെന്ന് വിലയിരുത്തപ്പെടുന്നു. നിലവിലെ സാഹചര്യത്തിൽ യോഗം നേരിയ തോതിൽ അസ്വസ്ഥതകൾ നിറഞ്ഞതാകാൻ സാധ്യതയുണ്ടെന്ന് ബി.സി. പ്രീമിയർ ഡേവിഡ് ഈബിയും ആൽബർട്ട പ്രീമിയർ ഡാനിയേൽ സ്മിത്തും മുൻകൂട്ടി വ്യക്തമാക്കിയിട്ടുണ്ട്.
പുതിയ പൈപ്പ്‌ലൈൻ പദ്ധതിയുടെ ധാരണാപത്രവുമായി ബന്ധപ്പെട്ട് ഇരു നേതാക്കളും കഴിഞ്ഞ ഏതാനും മാസങ്ങളായി വിയോജിപ്പിലാണ്. ചൊവ്വാഴ്ച സംയുക്ത വാർത്താസമ്മേളനത്തോടെ യോഗം സമാപിക്കും. കാനഡയിൽ നിന്ന് വേർപിരിയാൻ പ്രീമിയർ ഭീഷണിപ്പെടുത്തുന്ന പ്രവിശ്യകളുടെ പദ്ധതികൾക്ക് ഫെഡറൽ സർക്കാർ മുൻഗണന നൽകുന്ന രീതി അംഗീകരിക്കാനാകില്ലെന്ന് ഡേവിഡ് ഈബി ഈ മാസം ആദ്യം പ്രസ്താവനയിലൂടെ കുറ്റപ്പെടുത്തിയിരുന്നു. പ്രധാനമന്ത്രി മാർക്ക് കാർണി മറ്റ് പ്രവിശ്യകളെ ഉൾപ്പെടുത്താതെആൽബർട്ടയുമായി പൈപ്പ്‌ലൈൻ കരാറുകളിൽ ഏർപ്പെടുന്നുവെന്ന് ബി.സി. ഊർജ്ജ മന്ത്രാലയവും ആരോപിച്ചിരുന്നു.
അതേസമയം, വിഘടനവാദ വിഷയത്തിൽ സ്മിത്തിന്റെ നിലപാടിനോട് താൻ വിയോജിക്കുന്നുവെന്നും എന്നാൽ ഒരുമിച്ച് പ്രവർത്തിക്കാൻ പ്രതിജ്ഞാബദ്ധനാണെന്നും ഈബി വ്യക്തമാക്കി. മുൻ പ്രീമിയർമാരായ ക്രിസ്റ്റി ക്ലാർക്ക്, അലിസൺ റെഡ്‌ഫോർഡ് എന്നിവർ നോർത്തേൺ ഗേറ്റ്‌വേ പദ്ധതിയിലും, റേച്ചൽ നോട്ട്‌ലിയും ജോൺ ഹോർഗനും ട്രാൻസ് മൗണ്ടൻ പദ്ധതിയിലും മുൻപ് വിയോജിച്ചിട്ടുള്ളതായി മൗണ്ട് റോയൽ യൂണിവേഴ്സിറ്റിയിലെ രാഷ്ട്രീയ നിരീക്ഷകൻ ഡുവെയ്ൻ ബ്രാറ്റ് ചൂണ്ടിക്കാട്ടി.
പൈപ്പ്‌ലൈൻ തർക്കങ്ങൾക്ക് പുറമെ പ്രവിശ്യകൾ തമ്മിലുള്ള സാമ്പത്തിക തുല്യത ഉറപ്പാക്കുന്ന ‘ഇക്വലൈസേഷൻ പേയ്‌മെന്റുക’ളെക്കുറിച്ചും സ്മിത്ത് ശനിയാഴ്ച നടന്ന ഓൺലൈൻ ടൗൺഹാളിൽ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
ഭരണഘടനയിൽ നിർദ്ദേശിച്ചിട്ടുള്ള തദ്ദേശീയ ജനവിഭാഗങ്ങളുടെ ഭൂമിപരമായ അവകാശങ്ങൾ പുനഃപരിശോധിക്കുന്നതിനെക്കുറിച്ച് മറ്റ് പ്രീമിയർമാരോട് ചർച്ച നടത്താൻ സാധ്യതയുണ്ടെന്നും സ്മിത്ത് വെള്ളിയാഴ്ച അറിയിച്ചു. മാനിറ്റോബ പ്രീമിയർ വാബ് കിന്യൂ, സസ്‌കാച്ചവാൻ പ്രീമിയർ സ്കോട്ട് മോ തുടങ്ങിയവരും തങ്ങളുടെ പ്രവിശ്യകളിലെ വ്യത്യസ്ത നിലപാടുകളുമായി ഈ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. പടിഞ്ഞാറൻ പ്രവിശ്യകൾ ഒരേ നിലപാടുള്ളവരല്ലെന്നും ബി.സി.യും ആൽബർട്ടയും തമ്മിൽ മാത്രമല്ല മറ്റ് പ്രവിശ്യകൾക്കിടയിലും വ്യക്തമായ അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കുന്നുണ്ടെന്നും ഡുവെയ്ൻ ബ്രാറ്റ് വിലയിരുത്തി.
Pipeline dispute: Crucial meeting of Western premiers begins in Alberta today
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla









