മനില: പടിഞ്ഞാറൻ ഫിലിപ്പൈൻ ദ്വീപായ പാലാവാനിൽ ഫെറി ബോട്ടിന് തീപിടിച്ച് അഞ്ച് പേർ ദാരുണമായി കൊല്ലപ്പെട്ടു. അപകടത്തിൽ നിരവധി പേരെ കാണാതായിട്ടുണ്ട്, ഇവർക്കായുള്ള തിരച്ചിൽ രക്ഷാപ്രവർത്തകർ ഊർജിതമായി തുടരുകയാണ്. അപകടത്തിൽപ്പെട്ടവരെ രക്ഷപ്പെടുത്തുന്നതിനായി കപ്പലുകൾ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ വിന്യസിച്ചിട്ടുണ്ടെന്നും, അത്യാധുനിക ഉപകരണങ്ങളുടെ സഹായത്തോടെയുള്ള തിരച്ചിലാണ് പുരോഗമിക്കുന്നതെന്നും ഫിലിപ്പൈൻ കോസ്റ്റ് ഗാർഡ് അറിയിച്ചു.
ഔദ്യോഗിക രേഖകൾ പ്രകാരം 117 യാത്രക്കാരും 17 ക്രൂ അംഗങ്ങളുമടക്കം ആകെ 134 പേരാണ് ഫെറിയിൽ ഉണ്ടായിരുന്നത്. മനിലയിലെ ബസേക്കോയിൽ നിന്നും പാലാവാനിലെ കോറാണിലേക്കുള്ള യാത്രയ്ക്കിടെ കരയിൽ നിന്നും 1.3 മൈൽ അകലെ വെച്ചാണ് ‘M/V June Aster’ എന്ന ഫെറിക്ക് തീപിടിച്ചത്. ശക്തമായ കാറ്റിലും ഓളങ്ങളിലും പെട്ട് തീപിടിച്ച ഫെറി കൂടുതൽ അകലേക്ക് നീങ്ങിപ്പോയത് രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചിരുന്നു.
അപകടത്തിൽ ഇതുവരെ 43 പേരെ രക്ഷപ്പെടുത്താൻ സാധിച്ചിട്ടുണ്ട്. എന്നാൽ 87 പേരെയോളം ഇനിയും കാണാതായെന്നാണ് ഔദ്യോഗികമായി ലഭിക്കുന്ന കണക്കുകൾ വ്യക്തമാക്കുന്നത്. തീപിടുത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ഫെറിയിൽ നിന്നും കനത്ത പുക ഉയരുന്നതും, അതികഠിനമായ ചൂടും പൊട്ടിത്തെറികളുണ്ടാകാനുള്ള സാധ്യതയും കാരണം രക്ഷാപ്രവർത്തകർക്ക് തീപിടിച്ച ബോട്ടിലേക്ക് പ്രവേശിക്കാൻ സാധിച്ചിട്ടില്ലെന്ന് കോസ്റ്റ് ഗാർഡ് വക്താവ് അറിയിച്ചിട്ടുണ്ട്.
Also Read : അമേരിക്ക–ഇറാൻ യുദ്ധം തീരുന്നു? ഇടക്കാല തെരഞ്ഞെടുപ്പിന് ശേഷം യുദ്ധം അവസാനിക്കുമെന്ന് ട്രംപ്
7,600-ഓളം ദ്വീപുകൾ ചേർന്ന ഫിലിപ്പൈൻസിൽ ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് യാത്ര ചെയ്യാൻ പ്രധാനമായും ഫെറി സംവിധാനത്തെയാണ് ലക്ഷക്കണക്കിന് ജനങ്ങൾ ആശ്രയിക്കുന്നത്. എന്നാൽ കൃത്യസമയത്ത് ഫെറികളുടെ അറ്റകുറ്റപ്പണികൾ നടത്താത്തതും, അനുവദനീയമായതിലും അധികം യാത്രക്കാരെ കുത്തിനിറച്ച് സർവീസ് നടത്തുന്നതുമാണ് ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാൻ കാരണമാകുന്നതെന്ന് വിലയിരുത്തപ്പെടുന്നു. കഴിഞ്ഞ ജനുവരിയിലും സമാനമായ രീതിയിൽ ബലൂക്ക് ദ്വീപിന് സമീപം ഫെറി അപകടത്തിൽപ്പെട്ട് 18 പേർ മരിച്ചിരുന്നു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq




