വാഷിംഗ്ടൺ: അമേരിക്കൻ ആകാശത്ത് കണ്ടെത്തിയ അജ്ഞാത പേടകത്തെ (യു.എഫ്.ഒ) വ്യോമസേനയുടെ എഫ്-35 യുദ്ധവിമാനം മിസൈൽ അയച്ച് തകർക്കുന്ന ദൃശ്യങ്ങൾ യു.എസ് പ്രതിരോധ വകുസ്ഥാനമായ പെന്റഗൺ പുറത്തുവിട്ടു. യു.എസ് ഇന്റലിജൻസ് വിഭാഗം ഈയിടെ പരസ്യപ്പെടുത്തിയ രണ്ടാം ഘട്ട രഹസ്യ ഫയലുകളുടെ ഭാഗമായാണ് ഈ നിർണായക ദൃശ്യങ്ങൾ പുറത്തുവന്നത്. 2023 മെയ് മുതൽ 2024 ജൂൺ വരെയുള്ള ഒരു വർഷക്കാലയളവിൽ രാജ്യത്ത് 757 അജ്ഞാത പേടകങ്ങൾ കണ്ടെത്തിയതായി പെന്റഗണിന് കീഴിലുള്ള ‘ഓൾ-ഡൊമെയ്ൻ അനോമലി റെസല്യൂഷൻ ഓഫീസ്’ (AARO) തയ്യാറാക്കിയ ഔദ്യോഗിക റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ലഭിച്ച പരാതികളിൽ ഭൂരിഭാഗവും ബലൂണുകളോ പക്ഷികളോ ഉപഗ്രഹങ്ങളോ ആണെന്ന് കണ്ടെത്തിയെങ്കിലും 21 കേസുകളിൽ കൃത്യമായ ശാസ്ത്രീയ വിശദീകരണം നൽകാൻ ഇതുവരെ പ്രതിരോധ വകുപ്പിന് സാധിച്ചിട്ടില്ല. ഈ പേടകങ്ങളുടെ സഞ്ചാരരീതിയും രൂപവും നിലവിലുള്ള മനുഷ്യനിർമ്മിത വിമാനങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായിരുന്നുവെന്ന് അധികൃതർ സ്ഥിരീകരിച്ചു. മുൻപ് ന്യൂയോർക്കിന് മുകളിലൂടെ പറന്ന യാത്രാവിമാനത്തിന് തൊട്ടടുത്തായി സിലിണ്ടർ ആകൃതിയിലുള്ള അജ്ഞാത വസ്തു കണ്ടെത്തിയ സംഭവം വലിയ ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ യുദ്ധവിമാനം ഉപയോഗിച്ച് പേടകം വെടിവെച്ചിടുന്ന വീഡിയോ സൈന്യം പുറത്തുവിട്ടിരിക്കുന്നത്.
അതേസമയം, ഈ സംഭവങ്ങൾക്കൊന്നും തന്നെ ഭൂമിക്ക് പുറത്തുള്ള ജീവന്റെ സാന്നിധ്യവുമായോ അന്യഗ്രഹ ജീവികളുമായോ ബന്ധമുള്ളതായി സ്ഥിരീകരിക്കത്തക്ക തെളിവുകൾ ലഭിച്ചിട്ടില്ലെന്ന് റിപ്പോർട്ട് ആവർത്തിക്കുന്നു. എന്നാൽ, ഇത്തരം നിഗൂഢമായ ആകാശ വസ്തുക്കൾ വ്യോമയാന സുരക്ഷയ്ക്ക് വലിയ ഭീഷണിയാണെന്ന് പെന്റഗൺ മുന്നറിയിപ്പ് നൽകി. ദേശീയ സുരക്ഷയുടെ ഭാഗമായി ഇത്തരം വിഷയങ്ങളെ ഗൗരവത്തോടെയാണ് കാണുന്നതെന്നും, മുൻ സർക്കാരുകൾ രഹസ്യമാക്കി വെച്ചിരുന്ന ഇത്തരം വിവരങ്ങൾ പൊതുജനങ്ങൾക്ക് പരിശോധിക്കാനായി ഇപ്പോൾ ലഭ്യമാക്കുകയാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
UFO in US skies again? Pentagon releases footage of missile destroying unidentified craft










