ഷാർലറ്റ് ടൗൺ: പ്രിൻസ് എഡ്വേഡ് ഐലൻഡിൽ ജനങ്ങൾക്ക് കുറഞ്ഞ ചെലവിൽ മരുന്നുകൾ ലഭ്യമാക്കുന്ന പബ്ലിക് പ്രിസ്ക്രിപ്ഷൻ ഡ്രഗ് കവറേജ് പദ്ധതിക്കായി ഫെഡറൽ പ്രവിശ്യാ സർക്കാർ ചേർന്ന് അടുത്ത മൂന്ന് വർഷത്തേക്ക് 32 മില്യൺ ഡോളറിലധികം ധനസഹായം പ്രഖ്യാപിച്ചു. വെള്ളിയാഴ്ച പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പ്രവിശ്യയിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും ജനങ്ങൾക്കും ചികിത്സാ ചെലവ് ഭാരമാകാതിരിക്കാൻ ‘ഇംപ്രൂവിങ് അഫോർഡബിൾ ആക്‌സസ് ടു പ്രിസ്‌ക്രിപ്ഷൻ ഡ്രഗ്സ്’ (IAAPD) എന്ന പദ്ധതിയുടെ കാലാവധി നീട്ടുന്നതിനാണ് ഈ തുക പ്രധാനമായും വിനിയോഗിക്കുന്നത്.
2021 മുതൽ ആരംഭിച്ച ഈ പദ്ധതിയിലൂടെ ഇതുവരെ കാൻസർ, ഹൃദയരോഗങ്ങൾ എന്നിവയ്ക്കുള്ളവ ഉൾപ്പെടെ നൂറിലധികം പ്രധാന മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാൻ സർക്കാരിന് സാധിച്ചിട്ടുണ്ട്. കൂടാതെ ഹൃദയരോഗങ്ങൾ, പ്രമേഹം, മാനസികാരോഗ്യ പ്രശ്നങ്ങൾ എന്നിവയ്ക്കായി ജനങ്ങൾ വ്യാപകമായി ഉപയോഗിക്കുന്ന മരുന്നുകൾക്ക് നല്കേണ്ടിവരുന്ന കോ-പേയ്മെന്റ് തുക വലിയ തോതിൽ കുറയ്ക്കാനും പദ്ധതി സഹായിച്ചു. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട രോഗ ചികിത്സകൾക്കും പദ്ധതി പിന്തുണ നൽകുന്നുണ്ട്.
Also Read: കുടിയേറ്റ നയം മാറുമോ? ഫെഡറൽ സർക്കാരിന്റെ ‘ 2027-2029 ഇമിഗ്രേഷൻ ലെവൽസ് പ്ലാൻ’ ഉടൻ
കഴിഞ്ഞ 2021 മുതൽ 2025 വരെയുള്ള കാലയളവിൽ 35 മില്യൺ ഡോളറാണ് പദ്ധതിയ്ക്കായി ലഭിച്ചത്. ഇതിലൂടെ 2025 മാർച്ചോടെ പ്രവിശ്യയിലെ ജനങ്ങൾക്ക് മൊത്തത്തിൽ 13.8 മില്യൺ ഡോളറിന്റെ സാമ്പത്തിക ലാഭമുണ്ടായതായി റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. ഇതിൽ 9 മില്യൺ ഡോളറിലധികം ലാഭം ലഭിച്ചത് സാധാരണക്കാർക്കാണ്, ഇതിന്റെ 70 ശതമാനം ആനുകൂല്യവും ലഭിച്ചത് മുതിർന്ന പൗരന്മാർക്കാണ്. പുതിയ ധനസഹായം ലഭ്യമാകുന്നതോടെ വരും വർഷങ്ങളിലും കുറഞ്ഞ നിരക്കിൽ മരുന്നുകൾ ലഭ്യമാകും.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq





