ഒട്ടാവ: കാനഡയിലെ പരോൾ നിയമങ്ങളിൽ മാറ്റം നിർദ്ദേശിച്ചുകൊണ്ട് അവതരിപ്പിച്ച സ്വകാര്യ ബിൽ (Bill C-243) ഹൗസ് ഓഫ് കോമൺസിൽ പരാജയപ്പെട്ടു. ബുധനാഴ്ച ഉച്ചയ്ക്ക് നടന്ന വോട്ടെടുപ്പിൽ 136-നെതിരെ 192 വോട്ടുകൾക്കാണ് ബിൽ തള്ളിയത്. 2012-ൽ എഡ്മന്റണിലെ ഹബ് മാളിലുണ്ടായ വെടിവെയ്പ്പിൽ കൊല്ലപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥൻ ബ്രയാൻ ഐലെസിക്കിന്റെ സ്മരണാർത്ഥം ‘ബ്രയാൻസ് ബിൽ’ എന്ന പേരിലാണ് ഈ ഭേദഗതി അവതരിപ്പിക്കപ്പെട്ടത്.
നിലവിലെ ഫെഡറൽ കറക്ഷൻസ് ആൻഡ് കണ്ടീഷണൽ റിലീസ് ആക്ട് പ്രകാരം, കൊലക്കേസ് പ്രതികളുടെ പരോൾ അപേക്ഷ നിരസിക്കപ്പെട്ടാൽ ഓരോ വർഷവും വീണ്ടും അപേക്ഷിക്കാൻ സാധിക്കും. ഇത് ഇരകളുടെ കുടുംബങ്ങൾക്ക് മാനസിക വിഷമമുണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് അപേക്ഷാ കാലാവധി അഞ്ച് വർഷമായി ഉയർത്താൻ ബിൽ നിർദ്ദേശിച്ചത്. 2012-ൽ യൂണിവേഴ്സിറ്റി ഓഫ് ആൽബർട്ടയിൽ വെച്ച് സഹപ്രവർത്തകരെ വെടിവെച്ചുകൊന്ന കേസിൽ 40 വർഷം പരോൾ ഇല്ലാത്ത ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ട്രാവിസ് ബാംഗാർട്ട്നറുടെ ഇരകളുടെ കുടുംബങ്ങളാണ് നിയമമാറ്റത്തിനായി വാദിച്ചത്.
നീതി ന്യായ വ്യവസ്ഥയിലെ അപാകതകൾ പരിഹരിക്കാനാണ് തങ്ങൾ ശ്രമിക്കുന്നതെന്ന് ബ്രയാന്റെ മാതാവ് ഡയാനെ ഐലെസിക് പറഞ്ഞു. പരോൾ അപേക്ഷകൾ അടിക്കടി വരുന്നത് ഇരകളുടെ കുടുംബങ്ങളെ വീണ്ടും തളർത്തുന്നുവെന്നും അവർ വ്യക്തമാക്കി. ക്രിമിനൽ നീതിന്യായ വ്യവസ്ഥയിൽ കൃത്യമായ സന്തുലിതാവസ്ഥ ആവശ്യമാണെന്നും കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾ ആജീവനാന്ത ശിക്ഷയാണ് അനുഭവിക്കുന്നതെന്നും ബ്രാന്റ്ഫോർഡ്-ബ്രാന്റ് എം.പി ലാറി ബ്രോക്ക് പാർലമെന്റിൽ അഭിപ്രായപ്പെട്ടു.
Parole law reform in Canada: House of Commons rejects ‘Brian’s Bill’
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



