ന്യൂയോർക്ക്: ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ മൊറോക്കോയ്‌ക്കെതിരായ മത്സരത്തിൽ റഫറിയിംഗിനെച്ചൊല്ലിയുള്ള വിവാദങ്ങൾക്ക് മറുപടിയുമായി ഫ്രഞ്ച് പരിശീലകൻ ദിദിയർ ദെഷാംപ്‌സ്. തങ്ങളുടെ എതിരാളികൾ റഫറിമാരല്ലെന്നും മികച്ച ഫോമിലുള്ള മൊറോക്കോ ടീമാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. മത്സരത്തിന് മുന്നോടിയായി റഫറിമാരുടെ നിഷ്പക്ഷതയെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ അടക്കം വലിയ ചർച്ചകൾ ഉയർന്ന പശ്ചാത്തലത്തിലാണ് ദെഷാംപ്‌സ് നിലപാട് വ്യക്തമാക്കിയത്. പൂർണ ശ്രദ്ധ മത്സരത്തിലും തന്ത്രങ്ങളിലും മാത്രമാണെന്നും ബാഹ്യമായ കാര്യങ്ങൾ ടീമിനെ ബാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫ്രാൻസ്-മൊറോക്കോ ക്വാർട്ടർ മത്സരം നിയന്ത്രിക്കുന്നത് അർജന്റീനയിൽ നിന്നുള്ള റഫറിമാരാണ് എന്ന പ്രഖ്യാപനമാണ് പുതിയ വിവാദങ്ങൾക്ക് വഴിതുറന്നത്. ടൂർണമെന്റിലെ മുൻ മത്സരങ്ങളിലെ റഫറിയിംഗ് പിഴവുകളും, അർജന്റീന-ഈജിപ്ത് മത്സരത്തിലെ ചില തീരുമാനങ്ങളും നേരത്തെ തന്നെ വലിയ ചർച്ചയായിരുന്നു. കൂടാതെ, യുഎസ് താരത്തിന്റെ സസ്‌പെൻഷൻ പിൻവലിച്ചതുമായി ബന്ധപ്പെട്ട രാഷ്ട്രീയ ഇടപെടലുകളും വിവാദം കൂട്ടി. ഇതോടെ, ഫ്രാൻസിന്റെ സെമി പ്രവേശം തടയാൻ റഫറിമാർ ഇടപെട്ടേക്കുമെന്ന തരത്തിലുള്ള ആശങ്കകൾ ഫ്രഞ്ച് ആരാധകർക്കിടയിൽ ശക്തമായിരുന്നു. എന്നാൽ, റഫറിമാരിൽ തനിക്ക് പൂർണ വിശ്വാസമുണ്ടെന്നാണ് ഫ്രഞ്ച് പരിശീലകൻ വ്യക്തമാക്കുന്നത്.
നിലവിൽ മിന്നും ഫോമിലുള്ള ഇരുടീമുകളും നേർക്കുനേർ വരുമ്പോൾ മത്സരം കടുക്കുമെന്നുറപ്പാണ്. ഫ്രാൻസ് നിരയിൽ 7 ഗോളുകളുമായി കിലിയൻ എംബാപെയും, അസിസ്റ്റുകളുമായി മൈക്കിൾ ഒലീസെ, ഒസ്മാൻ ഡംബെലെ എന്നിവരും മികച്ച ഫോമിലാണ്. മറുഭാഗത്ത് കാനഡയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്ത്, തുടർച്ചയായി രണ്ടാം തവണയാണ് മൊറോക്കോ ക്വാർട്ടറിലെത്തുന്നത്. കഴിഞ്ഞ ലോകകപ്പ് സെമി ഫൈനലിൽ ഫ്രാൻസിനോട് ഏറ്റ പരാജയത്തിന് പകരം വീട്ടാനാണ് അഷ്‌റഫ് ഹക്കിമി നയിക്കുന്ന മൊറോക്കോ നാളെ കളത്തിലിറങ്ങുന്നത്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
'Our opponents are not the referees, but Morocco'; French coach responds to controversies.






