ഫ്രെഡറിക്ടൺ: ന്യൂ ബ്രൺസ്വിക്കിൽ ഇലക്ട്രിക് വാഹന (EV) അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനും നൂതന ഗവേഷണങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമായി ഫെഡറൽ സർക്കാർ $10 Million അനുവദിച്ചു. കാനഡയിലുടനീളം സീറോ എമിഷൻ വാഹനങ്ങളിലേക്കുള്ള മാറ്റം എളുപ്പമാക്കുക എന്നതാണ് ഈ ഫണ്ട് വഴി ലക്ഷ്യമിടുന്നത്.
രാജ്യത്തുടനീളം 1,200-ൽ അധികം പുതിയ EV ചാർജറുകൾ സ്ഥാപിക്കുന്നതിനായി സീറോ എമിഷൻ വെഹിക്കിൾ ഇൻഫ്രാസ്ട്രക്ചർ പ്രോഗ്രാം (ZEVIP) വഴി ഈ പണം ചെലവഴിക്കും. ഇതിൽ ന്യൂ ബ്രൺസ്വിക്കിൽ നിരവധി ചാർജറുകൾ സ്ഥാപിക്കുമെന്ന് അധികൃതർ അറിയിച്ചു. ജോലിസ്ഥലങ്ങൾ, പൊതുസ്ഥലങ്ങൾ, മൾട്ടി-യൂണിറ്റ് റെസിഡൻഷ്യൽ കെട്ടിടങ്ങൾ, ഓൺ-സ്ട്രീറ്റ് പാർക്കിംഗ് സ്ഥലങ്ങൾ എന്നിവിടങ്ങളിലാണ് ചാർജറുകൾ സ്ഥാപിക്കുക.
ഗവേഷണത്തിനായും തുക ചെലവഴിക്കും. ഇലക്ട്രിക് വാഹനങ്ങളുടെ കാര്യക്ഷമത വർദ്ധിപ്പിക്കാനും ചെലവ് കുറയ്ക്കാനും സഹായിക്കുന്ന പുതിയ മാഗ്നറ്റിക് മെറ്റീരിയലുകൾ വികസിപ്പിക്കുന്നതിനുള്ള യൂണിവേഴ്സിറ്റി ഓഫ് ന്യൂ ബ്രൺസ്വിക്കിന്റെ (UNB) ഗവേഷണ പ്രവർത്തനങ്ങൾക്കായി എനർജി ഇന്നൊവേഷൻ പ്രോഗ്രാം വഴിയാകും പദ്ധതികൾ തയ്യാറാക്കുക.
ഇ.വി. സാങ്കേതികവിദ്യയിൽ യു.എൻ.ബി. ഗവേഷകർ നേതൃത്വം നൽകുന്നതിൽ അഭിമാനമുണ്ടെന്ന് യു.എൻ.ബി. പ്രസിഡന്റും വൈസ് ചാൻസലറുമായ ഡോ. പോൾ ജെ. മാസെറോൾ പറഞ്ഞു. കാനഡയിൽ തന്നെ നിർമ്മിക്കുന്നതും കൂടുതൽ സുസ്ഥിരവുമായ ഒരു ഗതാഗത ഭാവിക്കായി ഡോ. ക്ലോഡുവൽഡോ അരനാസിന്റെയും സംഘത്തിന്റെയും പ്രവർത്തനങ്ങൾക്ക് ഈ ഫണ്ട് സഹായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുന്ന കനേഡിയൻസിന് ആത്മവിശ്വാസം നൽകാനും, തങ്ങൾക്ക് ആവശ്യമായ സ്ഥലങ്ങളിൽ ചാർജിങ് സൗകര്യം ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പുവരുത്താനും ഈ പദ്ധതി സഹായിക്കുമെന്ന് ഫ്രെഡറിക്ടൺ-ഓറോമോക്റ്റോ എം.പി. ഡേവിഡ് മൈൽസ് പ്രസ്താവനയിൽ അറിയിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Ottawa spending $10M on EV chargers, research in N.B.






