ഒട്ടാവയിലെ മുതിർന്ന പൗരനായ പോൾ മലൂയിൻ തന്റെ 1,547 ഡോളർ വാട്ടർ ബിൽ കണ്ട് അക്ഷരാർത്ഥത്തിൽ ഞെട്ടിയിരിക്കുകയാണ്. തന്റെ ബേസ്മെന്റിലെ ടോയ്ലറ്റിലുണ്ടായ ഒരു ചെറിയ ചോർച്ചയാണ് സാധാരണ ലഭിക്കുന്ന ബില്ലിന്റെ 15 മടങ്ങിലധികം തുക വരാൻ കാരണമെന്ന് അദ്ദേഹം പറയുന്നു.
എന്താണ് സംഭവിച്ചതെന്ന് അറിയാൻ അധികൃതരുമായി ബന്ധപ്പെട്ടപ്പോൾ, ബിൽ അടയ്ക്കുകയല്ലാതെ മറ്റ് മാർഗമില്ലെന്ന് അവർ അറിയിച്ചു. ഇത് ബൈലോ പ്രകാരമുള്ളതാണ്, അതുകൊണ്ട് നിങ്ങൾക്ക് ബില്ലിൽ ഒരു തരത്തിലുള്ള കുറവും ലഭിക്കില്ല, മുഴുവൻ ബില്ലും അടയ്ക്കണം എന്നൊരു ഉദ്യോഗസ്ഥ പറഞ്ഞതായാണ് മലൂയിൻ പറയുന്നത്. സഹായം ലഭിക്കുമെന്ന പ്രതീക്ഷയിൽ മേയറുടെ ഓഫീസുമായി ബന്ധപ്പെട്ടെങ്കിലും ഒരു മറുപടിയും ലഭിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അസാധാരണമായ വെള്ളത്തിന്റെ ഉപയോഗം ഉയർന്നപ്പോൾ തനിക്ക് മുന്നറിയിപ്പ് നൽകേണ്ടതായിരുന്നുവെന്നും മലൂയിൻ പറയുന്നു. താമസക്കാർക്ക് അവരുടെ മൈ സർവീസ് ഒട്ടാവ അക്കൗണ്ടിൽ ലോഗിൻ ചെയ്ത് അലേർട്ട് സബ്‌സ്‌ക്രിപ്ഷൻ തിരഞ്ഞെടുത്ത് ഉപഭോഗ അലേർട്ടുകൾക്കായി രജിസ്റ്റർ ചെയ്യാം. ഏഴ് ദിവസത്തേക്ക് തുടർച്ചയായ ഉപയോഗം, ഒരു നിശ്ചിത പരിധിയിൽ കൂടുതലാവുക തുടങ്ങിയ സാഹചര്യങ്ങളിൽ സിസ്റ്റത്തന് ഉപയോക്താക്കൾക്ക് ഇമെയിൽ വഴി അറിയിപ്പുകൾ അയക്കാൻ കഴിയും.
എല്ലാ പൗരന്മാർക്കും ഇത് സ്വയമേവയുള്ള സംവിധാനമായിരിക്കണമെന്നാണ് മലൂയിൻ ആവശ്യപ്പെടുന്നത്. ഏകദേശം 40 വർഷമായി ഈ വീട്ടിൽ താമസിക്കുന്ന അദ്ദേഹത്തിന് ഓരോ രണ്ട് മാസത്തിലും ശരാശരി 90 ഡോളറാണ് വാട്ടർ ബിൽ വരാറുള്ളത്. ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ മറ്റ് ദുർബലരായ വ്യക്തികളും പ്രശ്നങ്ങളിൽ അകപ്പെടാൻ സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.



