ഒട്ടാവ: ഒട്ടാവയിൽ പാർക്കിംഗ് ടിക്കറ്റ് നിയമങ്ങളിൽ നഗരസഭ മാറ്റങ്ങൾ വരുത്തി. ചൊവ്വാഴ്ച മുതൽ പ്രാബല്യത്തിൽ വന്ന പുതിയ പരിഷ്കാരങ്ങൾ പ്രകാരം ഡ്രൈവർമാർക്ക് പിഴ അടയ്ക്കുന്നതിനും ടിക്കറ്റിൻമേൽ പുനഃപരിശോധന ആവശ്യപ്പെടുന്നതിനും കൂടുതൽ സമയം ലഭിക്കും. സെപ്റ്റംബറിൽ റോഡുകളിൽ യാത്രക്കാരുടെ തിരക്ക് വർദ്ധിക്കുന്നത് കണക്കിലെടുത്താണ് നടപടിയെന്ന് നഗരസഭയുടെ എമർജൻസി പ്രിപ്പേർഡ്നെസ് ആൻഡ് പ്രൊട്ടക്റ്റീവ് സർവീസസ് കമ്മിറ്റി ചെയർമാൻ കൗൺസിലർ റൈലി ബ്രോക്കിംഗ്ടൺ അറിയിച്ചു. മുൻപ് ഉപയോഗിച്ചിരുന്ന വെള്ള കടലാസിന് പകരം മഞ്ഞ നിറത്തിലുള്ള കടലാസിലാണ് പുതിയ ടിക്കറ്റുകൾ അച്ചടിക്കുന്നത്.
ഇളവുകളോടെയുള്ള പിഴയടയ്ക്കാനുള്ള സമയപരിധി ഏഴ് ദിവസത്തിൽ നിന്ന് 15 ദിവസമായി ഉയർത്തിയിട്ടുണ്ട്. ഈ സമയപരിധിക്കുള്ളിൽ പിഴ അടച്ചില്ലെങ്കിൽ വാഹന ഉടമയെ കണ്ടെത്തുന്നതിനുള്ള ചാർജായ 16 ഡോളറും സാധാരണ പിഴയും ചേർത്ത് ഓർമ്മപ്പെടുത്തൽ നോട്ടീസ് അയക്കും. ലെവി അടയ്ക്കുന്നതിനുള്ള തീയതി 30 ദിവസത്തിൽ നിന്ന് 45 ദിവസമായും വർദ്ധിപ്പിച്ചു. ഇതിന് ശേഷവും തുക അടച്ചില്ലെങ്കിൽ 25 ഡോളർ വൈകിയതിനുള്ള പിഴയായി ഈടാക്കുകയും രണ്ടാമത്തെ നോട്ടീസ് നൽകുകയും ചെയ്യും. പിഴ അടയ്ക്കാത്ത ടിക്കറ്റുകൾ ഡിഫോൾട്ട് ആയി കണക്കാക്കുന്ന സമയം 61 ദിവസത്തിൽ നിന്ന് 76 ദിവസമാക്കി ഉയർത്തി. തുക അടച്ചുതീർക്കുന്നത് വരെ ലൈസൻസ് പ്ലേറ്റ് പുതുക്കുന്നതിൽ നിന്ന് ഡ്രൈവർമാരെ തടഞ്ഞേക്കാം.
പാർക്കിംഗ് ടിക്കറ്റുകളെക്കുറിച്ച് ചോദ്യം ചെയ്യാനുള്ള സമയപരിധിയും നീട്ടി നൽകിയിട്ടുണ്ട്. സ്ക്രീനിംഗ് ഓഫീസറുടെ അവലോകനത്തിന് അപേക്ഷിക്കാൻ ഇനി മുതൽ 15 ദിവസം വരെ സമയം ലഭിക്കും. പ്രത്യേക സാഹചര്യങ്ങൾ ചൂണ്ടിക്കാണിക്കുന്നവർക്ക് 45 ദിവസം വരെ സമയം ഉണ്ടാകും. അതേസമയം, സ്ക്രീനിംഗ് ഓഫീസറുടെ തീരുമാനത്തിൽ അപ്പീൽ ഹിയറിംഗിനായി അപേക്ഷിക്കാനുള്ള സമയപരിധി മാറ്റമില്ലാതെ 15 ദിവസമായി തുടരും. കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് തർക്ക പരിഹാര പ്രക്രിയയിലൂടെ ഇളവ് ലഭിക്കുമെന്നും വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി. ജൂലൈ 28 മുതലോ അതിനുശേഷമോ നൽകുന്ന ടിക്കറ്റുകൾക്ക് മാത്രമാണ് ഈ നിയമങ്ങൾ ബാധകമാകുന്നത്.
Ottawa changes parking ticket rules; new reforms come into effect
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla




