ഓട്ടവ: കാനഡയുടെ തലസ്ഥാന നഗരമായ ഓട്ടവ സ്ഥാപിതമായതിന്റെ ഇരുനൂറാം വാർഷികം വിപുലമായ ജനപങ്കാളിത്തത്തോടെ ആഘോഷിക്കുന്നു. ഓട്ടവ 200 ഡേ (Ottawa 200 Day) എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ ചരിത്ര നിമിഷത്തെ വരവേൽക്കാൻ നഗരത്തിലുടനീളം വൈവിധ്യമാർന്ന സാംസ്കാരിക കൂട്ടായ്മകളും പരിപാടികളുമാണ് സംഘാടകർ ഒരുക്കിയിരിക്കുന്നത്. തലസ്ഥാന നഗരത്തിന്റെ പാരമ്പര്യവും വൈവിധ്യവും വിളിച്ചോതുന്ന രീതിയിലാണ് ആഘോഷങ്ങൾ ആസൂത്രണം ചെയ്തിട്ടുള്ളത്.
ഇതിന്റെ ഭാഗമായി നടക്കുന്ന സൗജന്യ രാത്രികാല ആർട്ട് ഫെസ്റ്റിവലായ ‘നുയി ബ്ലാഞ്ച്’ (Nuit Blanche) ആഘോഷങ്ങൾക്ക് കൂടുതൽ മാറ്റുകൂട്ടും. ശനിയാഴ്ച വൈകുന്നേരം ഏഴു മണി മുതൽ ഞായറാഴ്ച പുലർച്ചെ ഏഴു മണി വരെ നീളുന്ന 12 മണിക്കൂർ ആഘോഷത്തിൽ വർണ്ണാഭമായ പ്രകാശാലങ്കാരങ്ങൾ, വ്യത്യസ്തങ്ങളായ അദ്ഭുത കലാസൃഷ്ടികൾ, ലൈവ് പെർഫോമൻസുകൾ എന്നിവ അരങ്ങേറും. ബൈവേർഡ് മാർക്കറ്റ് ഉൾപ്പെടെയുള്ള നഗരത്തിലെ പ്രധാന തെരുവുകളെല്ലാം ഈ കലാമേളയ്ക്ക് വേദിയാകും. പ്രദേശവാസികൾക്ക് പുറമെ നിരവധിയാളുകളാണ് ഈ രാത്രികാല അനുഭവത്തിൽ പങ്കാളികളാകാൻ എത്തിച്ചേരുന്നത്.
സിറ്റി ഹാളിൽ രാവിലെ പത്തു മണിക്ക് ആരംഭിച്ച ബ്ലോക്ക് പാർട്ടിയിൽ വൈവിധ്യമാർന്ന സംഗീത പരിപാടികളും പ്രാദേശിക വിഭവങ്ങൾ ലഭ്യമാക്കുന്ന പ്രത്യേക ഭക്ഷണശാലകളും ക്രമീകരിച്ചിട്ടുണ്ട്. എല്ലാ പ്രായക്കാർക്കും ഒരുപോലെ ആസ്വദിക്കാൻ സാധിക്കുന്ന രീതിയിലാണ് പരിപാടികൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. നഗരവാസികൾക്കും സന്ദർശകർക്കും യാത്രാസൗകര്യം ഉറപ്പാക്കുന്നതിനായി വാരാന്ത്യത്തിൽ ഒസി ട്രാൻസ്പോയുടെ (OC Transpo) ബസുകളിലും ട്രെയിനുകളിലും സൗജന്യ യാത്രയും അനുവദിച്ചിട്ടുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq





