ഒഷാവ: ഒഷാവ നഗരസഭയുടെ മെയർ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് മത്സരം നാല് സ്ഥാനാർത്ഥികൾ അണിനിരക്കുന്ന ശക്തമായ പോരാട്ടത്തിലേക്ക് നീങ്ങുന്നു. നിലവിലെ മെയർ ഡാൻ കാർട്ടർ പദവി ഒഴിഞ്ഞതിനെ തുടർന്ന്, വാർഡ് 2 കൗൺസിലർ ടിറ്റോ-ഡാന്റെ മാരിംപിയട്രി മെയ് ഒന്നിന് തന്നെ തന്റെ സ്ഥാനാർത്ഥിത്വം രജിസ്റ്റർ ചെയ്തിരുന്നു. കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി കൗൺസിലിലുള്ള പ്രവർത്തന പരിചയമാണ് തന്റെ പ്രധാന കരുത്തെന്നും നഗരത്തിന് വിജയകരമായി മുന്നേറാനുള്ള എല്ലാ ഘടകങ്ങളും ഒഷാവയിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മാരിംപിയട്രിക്ക് പുറമെ മറ്റ് മൂന്ന് സ്ഥാനാർത്ഥികൾ കൂടി രംഗത്തെത്തിയതോടെയാണ് മത്സരരംഗം സജീവമായത്. വാർഡ് 4 കൗൺസിലർ ഡെറക് ഗിബേഴ്സൺ, പ്രാദേശിക വ്യവസായി ഹെൻറി ഒൻവുകൂച്ചു, മാരിംപിയട്രിയുടെ വാർഡ് സഹപ്രവർത്തകനായ കൗൺസിലർ ജിം ലീ എന്നിവരാണ് മറ്റ് സ്ഥാനാർത്ഥികൾ. വിരമിക്കാൻ ആഗ്രഹിച്ചിരുന്നെങ്കിലും നഗരവാസികളുടെ അഭ്യർത്ഥന മാനിച്ചാണ് താൻ മത്സരരംഗത്തേക്ക് എത്തിയതെന്നും നഗരത്തിൽ ഒരു മാറ്റം ആവശ്യമാണെന്നും മുൻ ഫയർ ഫൈറ്റർ കൂടിയായ ജിം ലീ അറിയിച്ചു. നഗരത്തിൽ താങ്ങാനാവുന്ന ജീവിതച്ചെലവും പൊതുസുരക്ഷയും ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നഗരത്തിലെ അടിസ്ഥാന സൗകര്യ വികസനത്തിലെ കുറവുകൾ പരിഹരിക്കാൻ സുതാര്യമായ പ്രവർത്തനങ്ങളാണ് ആവശ്യമെന്ന് ഡെറക് ഗിബേഴ്സൺ വാദിക്കുമ്പോൾ, വ്യവസായ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിനാണ് ഹെൻറി ഒൻവുകൂച്ചു മുൻഗണന നൽകുന്നത്. നികുതി ഇളവുകൾ നൽകി വലിയ കോർപ്പറേറ്റുകളെ ആകർഷിക്കുന്നതിലൂടെ യുവാക്കൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാകുമെന്നാണ് ഒൻവുകൂച്ചുവിന്റെ വിലയിരുത്തൽ. അതേസമയം, പ്രതിരോധ രംഗത്തെ കേന്ദ്ര സർക്കാർ നിക്ഷേപങ്ങൾ ഉൾപ്പെടെയുള്ള വികസന പദ്ധതികൾ നഗരത്തിലേക്ക് കൊണ്ടുവരുന്നതിനുള്ള കൃത്യമായ രൂപരേഖ തങ്ങളുടെ പക്കലുണ്ടെന്ന് മാരിംപിയട്രി വ്യക്തമാക്കി. ഒക്ടോബർ 26-നാണ് ഒഷാവയിലെ മെയർ തിരഞ്ഞെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്.
Oshawa mayoral election: Competition heats up; four candidates show fighting spirit
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla




