ഒന്റാറിയോയിൽ നിലവിൽ വരുന്ന ‘സേഫർ മുനിസിപ്പാലിറ്റീസ് ആക്ട്’ അനുസരിച്ച്, പൊതു ഇടങ്ങളിൽ ഭിക്ഷാടനം നടത്തുന്നതും താൽക്കാലിക താമസം സ്ഥാപിക്കുന്നതും കുറ്റകരമാകും. കൂടാതെ, ഭവനരഹിതർക്ക് ഭക്ഷണം വിതരണം ചെയ്യുന്നവർക്കെതിരെ പോലും നടപടിയെടുക്കാൻ പോലീസിനും മുനിസിപ്പാലിറ്റികൾക്കും ഈ നിയമം അധികാരം നൽകുന്നു. ഇത് അഭയാർത്ഥികൾക്കും ഭവനരഹിതർക്കും വലിയ പ്രയാസങ്ങൾ സൃഷ്ടിക്കുമെന്ന് സാമൂഹ്യ പ്രവർത്തകരും നിയമ വിദഗ്ദ്ധരും അഭിപ്രായപ്പെടുന്നു.
നിയമം ലംഘിക്കുന്നവരെ അറസ്റ്റ് ചെയ്യാനും, 10,000 ഡോളർ വരെ പിഴയും ആറുമാസം വരെ തടവും ശിക്ഷയായി ലഭിക്കാനും സാധ്യതയുണ്ട്. എന്നാൽ, ഈ നിയമം ഭവനരഹിതരുടെ യഥാർത്ഥ പ്രശ്നങ്ങളെ പരിഹരിക്കുന്നില്ലെന്ന് അസോസിയേഷൻ ഓഫ് മുനിസിപ്പാലിറ്റീസ് ഓഫ് ഒന്റാറിയോ AMO) ചൂണ്ടിക്കാട്ടുന്നുന്നുണ്ട്. ഭവനരഹിതരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ നിലവിലെ സർക്കാർ പ്രഖ്യാപിച്ച പദ്ധതികൾ അപര്യാപ്തമാണെന്നും, ഈ മേഖലയിൽ ഏകദേശം 2 ബില്യൺ ഡോളർ അധികമായി ആവശ്യമാണെന്നും സംഘടന വിലയിരുത്തുന്നുണ്ട്.
ഭിക്ഷാടനത്തിൽ ഏർപ്പെടുന്നവരെല്ലാം മയക്കുമരുന്ന് ഉപയോഗിക്കുന്നവരല്ലെന്നും, ഭൂരിഭാഗം പേരും ഭവനരഹിതരാണെന്നും സാമൂഹ്യ പ്രവർത്തകയായ ഡയാൻ ചാൻ മക്‌നാലി പറയുന്നു. കുടുംബം നഷ്ടപ്പെടുന്നത്, വരുമാനം ഇല്ലാതാകുന്നത്, ആരോഗ്യപ്രശ്നങ്ങൾ എന്നിവയാണ് പലരെയും തെരുവിലെത്തിക്കുന്നത്. ഈ സാഹചര്യത്തിൽ, ശിക്ഷാ നടപടികൾക്ക് പകരം പുനരധിവാസ പദ്ധതികൾക്കാണ് ഊന്നൽ നൽകേണ്ടതെന്നും അവർ കൂട്ടിച്ചേർത്തു.
ഈ നിയമം മനുഷ്യാവകാശ ലംഘനമാണെന്നും, ഇതിനെതിരെ നിയമപരമായ പോരാട്ടങ്ങൾ തുടരുമെന്നും കനേഡിയൻ സിവിൽ ലിബർട്ടീസ് അസോസിയേഷൻ ഡയറക്ടർ ഹരിനി ശിവലിംഗം വ്യക്തമാക്കി. മുഖ്യമന്ത്രി ഡഗ് ഫോർഡ് ഈ നിയമം നിലനിർത്താൻ വിവാദപരമായ ‘നോട്ട് വിത്സ്റ്റാൻഡിംഗ് ക്ലോസ്’ ഉപയോഗിക്കാൻ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്. എന്നിരുന്നാലും, ഇത് ഒരു ദീർഘകാല പരിഹാരമല്ലെന്നതാണ് വിമർശകരുടെ പ്രധാന ആശങ്ക.



