2024-ലെ ഒന്റാരിയോ ഇമിഗ്രന്റ് നോമിനി പ്രോഗ്രാം (OINP) വഴി പ്രവിശ്യ 21,500 നോമിനേഷനുകൾ നൽകി. ഒന്റാരിയോയുടെ അനുവദനീയമായ നോമിനേഷനുകൾ ഇതോടെ പൂർത്തിയായതായി പ്രവിശ്യയിലെ കുടിയേറ്റ വകുപ്പ് അറിയിച്ചു. ഉന്നതതൊഴിൽ ആവശ്യങ്ങളുള്ള മേഖലകളിൽ ആകെ നോമിനേഷനുകളുടെ വലിയ പങ്കും നൽകിയതിലൂടെ, സ്ഥിര താമസ മാർഗങ്ങൾ വഴി പ്രവിശ്യയുടെ തൊഴിൽ വിപണി ആവശ്യങ്ങൾ നിറവേറ്റാനും പ്രോഗ്രാം സഹായിക്കും.
ഏറ്റവുമധികം നോമിനേഷൻ ലഭിച്ച മൂന്ന് പ്രധാന സ്ട്രീമുകൾ:
എക്സ്പ്രസ് എൻട്രി ഹ്യൂമൺ ക്യാപിറ്റൽ പ്രിയോറിറ്റി – 6,330
എക്സ്പ്രസ് എൻട്രി സ്കിൽഡ് ട്രേഡ്സ് – 4,101
മാസ്റ്റേഴ്സ് ഗ്രാജുവേറ്റ് – 3,810
ഇതിനു പുറമേ, ഇന്റർനാഷണൽ സ്റ്റുഡന്റ് (3,283), ഫോറിൻ വർക്കർ (2,731), പി.എച്ച്.ഡി ഗ്രാജുവേറ്റ് (446) എന്നീ സ്ട്രീമുകൾക്കും മുൻഗണന ലഭിച്ചു.
ടെക്, ഹെൽത്ത് രംഗങ്ങൾ
നോമിനേഷൻ നേടിയവരിൽ 6,300-ലധികം പേർ സാങ്കേതിക മേഖലയിൽ നിന്നുള്ളവരായിരുന്നു, ആകെ നോമിനേഷനുകളിൽ ഏകദേശം 30 ശതമാനവും. സോഫ്റ്റ് വെയർ ഡെവലപ്പർമാർ, സിസ്റ്റം അനലിസ്റ്റുകൾ, യൂസർ സപ്പോർട്ട് ടെക്നീഷ്യന്മാർ തുടങ്ങിയ തൊഴിൽ മേഖലകളിൽ നിന്നുള്ളവരായിരുന്നു.
അതേസമയം, ആരോഗ്യ മേഖലയിലെ 3,200-ലധികം ആളുകൾക്ക് നോമിനേഷൻ ലഭിച്ചു. നഴ്സുമാർ, ഡോക്ടർമാർ, ഫാർമസിസ്റ്റുകൾ തുടങ്ങിയവരാണ് ഇതിൽപ്പെടുന്നത്. ആരോഗ്യരംഗം ഇതുവരെ കണ്ടിട്ടില്ലാത്ത ഏറ്റവും ഉയർന്ന നോമിനേഷൻ ഇത്തവണ നേടിയതായി അധികൃതർ അറിയിച്ചു. ഈ മേഖല ഒറ്റയ്ക്ക് തന്നെ ആകെ നോമിനേഷനുകളുടെ 15% ആണ് നേടിയത്.
ഉന്നതതൊഴിൽ ആവശ്യങ്ങളുള്ള മേഖലകളിൽ കൂടുതൽ അവസരങ്ങൾ
പ്രധാനമായും ടെക്, ഹെൽത്ത് എന്നീ മേഖലകളിൽ കൂടുതൽ നോമിനേഷൻ നൽകിയതിലൂടെ ഒന്റാരിയോ വിഗദ്ധ തൊഴിലാളികളായ കുടിയേറ്റക്കാർക്ക് എത്രത്തോളം പ്രാധാന്യം നൽകുന്നുവെന്ന് മനസ്സിലാക്കാം. പ്രവിശ്യയുടെ സാമ്പത്തിക വളർച്ചക്ക് ആവശ്യമായ വൈദഗ്ധ്യമുള്ളവരെ ആകർഷിക്കുകയാണ് OINPയുടെ പ്രധാന ലക്ഷ്യമെന്ന് അധികൃതർ കൂട്ടിച്ചേർത്തു.



