ഫോർട്ട് ഇറി: സൗത്ത് നയാഗ്ര മേഖലയിൽ ജനസംഖ്യയും വിദ്യാർത്ഥികളുടെ എണ്ണവും കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ, വിദ്യാഭ്യാസ രംഗത്ത് വൻ വികസന കുതിപ്പിനൊരുങ്ങി ഒന്റാറിയോ സർക്കാർ. വിദ്യാർത്ഥികളുടെ ഈ വൻ തിരക്ക് കൈകാര്യം ചെയ്യുന്നതിനായി ഫോർട്ട് ഇറിയിൽ ഒരു പുതിയ പ്രൈമറി സ്‌കൂൾ നിർമ്മിക്കാനും മേഖലയിലെ നിലവിലുള്ള മൂന്ന് പ്രമുഖ സ്‌കൂളുകൾ അത്യാധുനിക രീതിയിൽ വികസിപ്പിക്കാനുമായി 78.1 മില്യൺ ഡോളറിന്റെ വമ്പൻ പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. പെൽഹാമിലെ ഗ്ലിൻ എ. ഗ്രീൻ പബ്ലിക് സ്‌കൂളിൽ വെച്ച് നടന്ന ഔദ്യോഗിക ചടങ്ങിലാണ് പ്രവിശ്യാ അധികൃതർ ഈ വൻ നിക്ഷേപ വിവരം പുറത്തുവിട്ടത്.
ഈ വികസന പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ പ്രദേശത്തെ സ്‌കൂളുകളിൽ ആയിരത്തിനാനൂറോളം പുതിയ വിദ്യാർത്ഥികൾക്ക് പ്രവേശനം നേടാനാകുമെന്നു മാത്രമല്ല, ജോലിക്ക് പോകുന്ന മാതാപിതാക്കൾക്ക് വലിയ ആശ്വാസമായി നൂറിലധികം ലൈസൻസുള്ള ചൈൽഡ് കെയർ സൗകര്യങ്ങളും പുതുതായി ലഭ്യമാകും.
ഫോർട്ട് ഇറിയിലെ പുതിയ സ്‌കൂളിന് പുറമെ പെൽഹാം, പോർട്ട് കോൾബോൺ എന്നിവിടങ്ങളിലെ സ്‌കൂളുകളിലും, ഗ്രേറ്റർ ഫോർട്ട് ഇറി സെക്കൻഡറി സ്‌കൂളിലുമാണ് പ്രധാനമായും നവീകരണവും കൂടുതൽ ക്ലാസ് റൂമുകളുടെ നിർമ്മാണവും നടക്കുക.
അതിവേഗം നഗരവൽക്കരിക്കപ്പെടുന്ന ഈ പ്രദേശങ്ങളിലെ സ്‌കൂളുകളിൽ നിലവിലുള്ള അമിത തിരക്ക് കുറയ്ക്കാൻ ഈ പദ്ധതി അനിവാര്യമാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. കുട്ടികൾക്ക് താമസ്ഥലത്തിന് തൊട്ടടുത്തുതന്നെ മികച്ച നിലവാരമുള്ള പഠനസൗകര്യങ്ങൾ ഒരുക്കുക, വിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ കൃത്യമായി പരിഷ്കരിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് സർക്കാർ ഈ തുക അനുവദിച്ചിരിക്കുന്നത്. കൂടുതൽ ക്ലാസ് മുറികളും കുട്ടികളെ പരിചരിക്കാനുള്ള ചൈൽഡ് കെയർ കേന്ദ്രങ്ങളും വരുന്നത് നിലവിലുള്ള സ്‌കൂളുകളുടെ ഭാരം ലഘൂകരിക്കുമെന്നും പ്രാദേശിക കുടുംബങ്ങൾക്ക് ഇത് വലിയൊരു കൈത്താങ്ങാകുമെന്നും വിദ്യാഭ്യാസ മേഖലയിലെ പ്രമുഖർ ചൂണ്ടിക്കാട്ടി.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Ontario government's massive investment to expand schools in South Niagara!









