ടൊറന്റോ: ശക്തമായ എല്‍ നിനോ പ്രതിഭാസം കാരണം ഒന്റാരിയോയില്‍ ഇത്തവണ സാധാരണയേക്കാള്‍ ചൂടേറിയതും പ്രവചിക്കാന്‍ പ്രയാസമുള്ളതുമായ ശൈത്യകാലമായിരിക്കുമെന്ന് കാലാവസ്ഥാ വിദഗ്ധര്‍. മഞ്ഞുവീഴ്ച കുറയാനും മഴ കൂടാനും സാധ്യതയുണ്ടെങ്കിലും ഇടയ്ക്കിടെ കടുത്ത തണുപ്പും അനുഭവപ്പെട്ടേക്കാം.

ഈ വര്‍ഷത്തെ എല്‍ നിനോ കഴിഞ്ഞ നൂറുവര്‍ഷത്തിനിടയിലെ ഏറ്റവും ശക്തമായ പ്രതിഭാസങ്ങളിലൊന്നാണെന്ന് എന്‍വയണ്‍മെന്റ് കാനഡയിലെ മുന്‍ മുതിര്‍ന്ന കാലാവസ്ഥാ ശാസ്ത്രജ്ഞന്‍ ഡേവിഡ് ഫിലിപ്സ് പറഞ്ഞു. പസഫിക് സമുദ്രത്തിലെ നിര്‍ണായക മേഖലയിലെ താപനില സാധാരണയേക്കാള്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസിലധികം ഉയര്‍ന്നിട്ടുണ്ട്. ഇത് നാല് ഡിഗ്രിയിലേക്ക് അടുക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ശക്തമായ എല്‍ നിനോയെ ‘ഗോഡ്സില്ല എല്‍ നിനോ’ എന്നും വിശേഷിപ്പിക്കുന്നുണ്ട്.
2023-24-ല്‍ ഒന്റാരിയോയില്‍ അനുഭവപ്പെട്ട ശക്തമായ എല്‍ നിനോയുടെ സമയത്ത് ടൊറന്റോയില്‍ മഞ്ഞുവീഴ്ച സാധാരണത്തേക്കാള്‍ വളരെ കുറവായിരുന്നു. മഞ്ഞിനേക്കാള്‍ അഞ്ചിരട്ടി മഴ ലഭിക്കുകയും തുടര്‍ച്ചയായി മൂടല്‍മഞ്ഞ് അനുഭവപ്പെടുകയും ചെയ്തു. 2015-16-ലെ എല്‍ നിനോ കാലത്ത് ടൊറന്റോയിലെ ശരാശരി ശൈത്യകാല താപനില പതിവിലും രണ്ട് മുതല്‍ മൂന്ന് ഡിഗ്രി വരെ ഉയര്‍ന്നിരുന്നു. ഇത്തവണയും സമാനമായ കാലാവസ്ഥയ്ക്കാണ് സാധ്യതയെന്ന് എന്‍വയണ്‍മെന്റ് കാനഡ ഗവേഷകന്‍ ബില്‍ മെറിഫീല്‍ഡ് പറഞ്ഞു.
ALSO READ: 80 വര്‍ഷത്തെ റെക്കോര്‍ഡ് തകര്‍ത്ത് ടൊറന്റോ; താപനില 23.8 ഡിഗ്രിയിലെത്തി
മഞ്ഞുവീഴ്ചയുടെ കൃത്യമായ തോത് പ്രവചിക്കുക പ്രയാസമാണെങ്കിലും താപനില ഉയരുന്നതിനാല്‍ മഞ്ഞിനെക്കാള്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്. നിലത്തുള്ള മഞ്ഞ് പതിവിലും നേരത്തെ ഉരുകാനും ഇടയുണ്ട്. ഗ്രേറ്റ് ലേക്സ് മേഖലയിലെ തടാകങ്ങള്‍ വൈകി തണുത്തുറയുന്നതും മഞ്ഞുവീഴ്ചയെ ബാധിക്കും. ഇതോടെ മഞ്ഞിന്റെ ആകെ അളവ് കുറയാമെങ്കിലും ശൈത്യകാലത്തിന്റെ വിവിധ ഘട്ടങ്ങളിലായി മഞ്ഞുവീഴ്ച നീണ്ടുനില്‍ക്കാം.
എല്‍ നിനോയുടെ സ്വാധീനമുണ്ടെങ്കിലും കാലാവസ്ഥ എല്ലായ്പ്പോഴും ഒരേ രീതിയിലായിരിക്കില്ലെന്ന് ഫിലിപ്സ് മുന്നറിയിപ്പ് നല്‍കി. ഇടയ്ക്കിടെയുള്ള ചുഴലിക്കാറ്റിന്റെ സ്വാധീനത്തില്‍ കടുത്ത തണുപ്പും അനുഭവപ്പെടാം. ഡിസംബറില്‍ തണുപ്പ് തുടങ്ങിയാലും തുടര്‍ന്നുള്ള മാസങ്ങളില്‍ കാലാവസ്ഥ മാറിമറിയാന്‍ സാധ്യതയുണ്ട്. അതിനാല്‍ ഇത്തവണത്തെ ശൈത്യകാലം സ്ഥിരതയില്ലാത്തതും പ്രവചനാതീതവുമായിരിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z
‘Ontario Braces for a Warmer, Unpredictable Winter’




