ടൊറന്റോ: നീണ്ട വേനലവധിക്ക് ശേഷം കാനഡയിലെ ഒന്റാറിയോയിലുള്ള 20 ലക്ഷത്തിലധികം വിദ്യാർഥികൾ നാളെ (സെപ്റ്റംബർ 8, ചൊവ്വാഴ്ച) സ്കൂളുകളിലേക്ക് തിരികെയെത്തുന്നത് വലിയ മാറ്റങ്ങളോടെ. ക്ലാസ് മുറികളിലെ പഠനരീതിയിലും പരീക്ഷകളിലും വൻ പരിഷ്കാരങ്ങളാണ് ഈ അധ്യയന വർഷം മുതൽ പ്രവിശ്യാ സർക്കാർ നടപ്പിലാക്കുന്നത്. കുട്ടികളുടെ അടിസ്ഥാന വിദ്യാഭ്യാസ നിലവാരം ഉയർത്താനും പഠനം കൂടുതൽ പ്രായോഗികമാക്കാനുമാണ് മുൻഗണന നൽകുന്നതെന്ന് വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി.
ഹൈസ്കൂൾ തലത്തിലുള്ള മൂല്യനിർണയ രീതികളിലാണ് പ്രധാന മാറ്റങ്ങൾ വരുത്തിയിട്ടുള്ളത്. ഇനി മുതൽ ഒന്റാറിയോയിലെ എല്ലാ സ്കൂളുകളിലും ഒരേ രീതിയിലുള്ള എഴുത്തുപരീക്ഷകളും മാർക്കിംഗ് രീതിയുമായിരിക്കും. 9, 10 ക്ലാസുകളിലെ അന്തിമ മാർക്കിന്റെ 20 ശതമാനവും, 11, 12 ക്ലാസുകളിൽ 25 ശതമാനവും ഫൈനൽ പരീക്ഷകളിൽ നിന്നായിരിക്കും ലഭിക്കുക. കൂടാതെ ക്ലാസുകളിലെ ഹാജറിനും പങ്കാളിത്തത്തിനും പ്രത്യേക മാർക്ക് നൽകാനും തീരുമാനിച്ചിട്ടുണ്ട്. കുട്ടികൾ സ്ഥിരമായി ക്ലാസിൽ കയറാതിരിക്കുന്നത് ഒഴിവാക്കാനാണിത്. 9-ാം ക്ലാസിലെ കണക്ക് പരീക്ഷയ്ക്ക് EQAO മാർക്കിന്റെ 20 ശതമാനം നൽകുമെന്നതും, 10-ാം ക്ലാസുകാർക്ക് സ്കൂൾ പൂർത്തിയാക്കാൻ സാമ്പത്തിക വിവരങ്ങൾ അടങ്ങിയ ‘ഫൈനാൻഷ്യൽ ലിറ്ററസി’ പരീക്ഷ നിർബന്ധമാക്കിയതും മറ്റ് പ്രധാന തീരുമാനങ്ങളാണ്.
ചെറിയ കുട്ടികളുടെ പഠന രീതിയിലും ചരിത്ര പാഠപുസ്തകങ്ങളിലും വലിയ മാറ്റങ്ങളുണ്ട്. കിന്റർഗാർട്ടൻ കുട്ടികൾക്ക് കളിയിലൂടെയുള്ള പഠനത്തോടൊപ്പം പ്രാഥമിക ശാസ്ത്രം, കോഡിംഗ്, ഗണിതം എന്നിവയും ഇനി പഠിക്കാം. 10-ാം ക്ലാസിലെ ചരിത്രത്തിൽ കറുത്തവർഗ്ഗക്കാരായ കനേഡിയന്മാരുടെ ചരിത്രം, ഹോളോകോസ്റ്റ്, വംശഹത്യകൾ എന്നിവയെക്കുറിച്ചുള്ള പുതിയ വിവരങ്ങൾ ഉൾപ്പെടുത്തി. സ്കൂളുകളിൽ പരിഹരിക്കാൻ കഴിയാത്ത പരാതികൾക്കായി രക്ഷിതാക്കൾക്കായി പ്രത്യേക സപ്പോർട്ട് ഓഫീസുകളും തുറക്കും. അധ്യാപകർക്ക് ക്ലാസിലേക്ക് ആവശ്യമായ സാധനങ്ങൾ വാങ്ങാൻ 750 ഡോളർ വീതം നൽകുന്നതോടൊപ്പം ഡിജിറ്റൽ പഠനത്തിനായി ‘എഡ്വിൻ’ എന്ന പുതിയ ഓൺലൈൻ പ്ലാറ്റ്ഫോമും ഒരുക്കിയിട്ടുണ്ട്.
വിദ്യാഭ്യാസ രംഗത്തെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി വലിയ നിക്ഷേപമാണ് സർക്കാർ നടത്തുന്നത്. ഇതിന്റെ ഭാഗമായി ഈ വർഷം 35 പുതിയ സ്കൂളുകളും അനുബന്ധ കെട്ടിടങ്ങളും തുറന്നു കൊടുക്കും. ഇതിലൂടെ 18,000-ത്തിലധികം പുതിയ വിദ്യാർഥികൾക്ക് പ്രവേശനം നൽകാനും തടസ്സമില്ലാത്ത പഠനാന്തരീക്ഷം ഉറപ്പാക്കാനും സാധിക്കുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









