ടെഹ്റാൻ: ഒമാന്‍ തീരത്ത് ഹോര്‍മൂസ് കടലിടുക്കിന് സമീപം രണ്ട് കപ്പലുകള്‍ക്ക് നേരെ അജ്ഞാത ആക്രമണം ഉണ്ടായതായി യുകെ മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ് (UKMTO) സ്ഥിരീകരിച്ചു. തുറമുഖ നഗരമായ ഖസബിന് പടിഞ്ഞാറ് നാല് നോട്ടിക്കല്‍ മൈല്‍ അകലെയാണ് സംഭവം നടന്നത്. ആക്രമണത്തില്‍ ഒരു കപ്പലില്‍ തീപിടുത്തമുണ്ടായതായും രണ്ടാമത്തെ കപ്പലിന്റെ അവസ്ഥ അവ്യക്തമായി തുടരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. പ്രദേശത്ത് കപ്പലുകള്‍ കനത്ത ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പശ്ചിമേഷ്യന്‍ തീരങ്ങളില്‍ സമീപ ദിവസങ്ങളില്‍ സമാനമായ നിരവധി ആക്രമണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ദുബായ് തീരത്ത് നങ്കൂരമിട്ടിരുന്ന ഹെര്‍ക്കുലസ് സ്റ്റാര്‍ എന്ന ബങ്കര്‍ ടാങ്കറിന് നേരെ ഡ്രോണ്‍ ആക്രമണം നടക്കുകയും ഒരാള്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. കൂടാതെ, ഹോര്‍മൂസ് കടലിടുക്കിന്റെ വിവിധ ഭാഗങ്ങളിലും ഒമാന്‍ ഉള്‍ക്കടലിലും കപ്പലുകള്‍ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ സമുദ്രമേഖലയെ വലിയ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.
മേഖലയിലെ അസ്ഥിരതയും തുടര്‍ച്ചയായ കപ്പലാക്രമണങ്ങളും ആഗോള വിപണിയില്‍ വലിയ പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. പ്രത്യേകിച്ചും കപ്പല്‍ ഗതാഗതവും എണ്ണക്കടത്തും തടസ്സപ്പെടുന്ന സാഹചര്യത്തില്‍ ക്രൂഡ് ഓയില്‍ വില കുതിച്ചുയരുകയാണ്. നിലവില്‍ ഒരു ബാരല്‍ ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില 106 ഡോളറിലധികം കടന്നിട്ടുണ്ട്. സുരക്ഷാ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അന്താരാഷ്ട്ര തലത്തിലുള്ള നീക്കങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.
ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ മേഖലയിലൂടെ കടന്നുപോകുന്ന എല്ലാ വാണിജ്യ കപ്പലുകളും അതീവ ജാഗ്രത പാലിക്കണമെന്ന് UKMTO കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സംശയകരമായ എന്തെങ്കിലും പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ ബന്ധപ്പെട്ട ഏജന്‍സികളെ വിവരം അറിയിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവങ്ങളെക്കുറിച്ചുള്ള വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്നും നാവിക സുരക്ഷ ശക്തമാക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq




