വാഷിംഗ്ടൺ: ഇറാനെതിരായ സൈനിക നീക്കത്തിൽ ആണവായുധങ്ങൾ ഉപയോഗിക്കില്ലെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. അമേരിക്കയുടെ പക്കലുള്ള പരമ്പരാഗത ആയുധങ്ങൾ ഉപയോഗിച്ചുള്ള വ്യോമാക്രമണങ്ങൾ വഴി തന്നെ ഇറാന് കനത്ത നാശനഷ്ടങ്ങൾ സംഭവിച്ചു കഴിഞ്ഞെന്നും, അതിനാൽ വിനാശകാരിയായ ആണവായുധങ്ങളുടെ ആവശ്യം നിലവിലില്ലെന്നും വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. “നമ്മുടെ സാധാരണ ആയുധങ്ങൾ കൊണ്ട് തന്നെ അവരെ നമ്മൾ തകർത്തു കഴിഞ്ഞു, പിന്നെന്തിന് ഞാൻ ആണവായുധം ഉപയോഗിക്കണം?” എന്നായിരുന്നു ട്രംപിന്റെ ചോദ്യം. ആണവായുധങ്ങൾ ആരും ഉപയോഗിക്കാൻ പാടില്ലാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറാൻ്റെ സൈനിക ശേഷി പൂർണ്ണമായും തകർന്നുവെന്നാണ് ട്രംപിന്റെ അവകാശവാദം. ഇറാൻ്റെ നാവികസേന ഇപ്പോൾ കടലിൻ്റെ അടിത്തട്ടിലാണെന്നും വ്യോമസേനയും റഡാർ സംവിധാനങ്ങളും പൂർണ്ണമായും നശിപ്പിക്കപ്പെട്ടതായും അദ്ദേഹം ട്രൂത്ത് സോഷ്യലിലൂടെ കുറിച്ചു. നയതന്ത്ര തലത്തിൽ ഇറാനുമായി ഒരു കരാറിലെത്താൻ താൻ തിടുക്കം കാണിക്കുന്നില്ലെന്നും, അമേരിക്കയുടെയും സഖ്യകക്ഷികളുടെയും താൽപ്പര്യങ്ങൾ സംരക്ഷിക്കപ്പെടുന്ന സുസ്ഥിരമായ ഒരു കരാറിൽ മാത്രമേ ഒപ്പിടുകയുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി. ഇറാൻ്റെ സമയം അതിക്രമിച്ചു കൊണ്ടിരിക്കുകയാണെന്നും വൈകാതെ അവർക്ക് വഴങ്ങേണ്ടി വരുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
മേഖലയിലെ സംഘർഷം കടുക്കുന്നതിനിടെ അമേരിക്കൻ നാവികസേനയുടെ കരുത്തായ ‘യൂഎസ്എസ് ജോർജ്ജ് എച്ച് ഡബ്ല്യു ബുഷ്’ വിമാനവാഹിനിക്കപ്പലും മിഡിൽ ഈസ്റ്റിലെത്തി. ഇതോടെ മേഖലയിൽ നിലയുറപ്പിച്ചിരിക്കുന്ന യുഎസ് വിമാനവാഹിനിക്കപ്പലുകളുടെ എണ്ണം മൂന്നായി ഉയർന്നു. യൂഎസ്എസ് എബ്രഹാം ലിങ്കൺ അറബിക്കടലിലും യൂഎസ്എസ് ജെറാൾഡ് ആർ ഫോർഡ് ചെങ്കടലിലുമാണ് നിലവിൽ പട്രോളിംഗ് നടത്തുന്നത്. ഇറാനു മേലുള്ള ഉപരോധം ശക്തമാണെന്നും മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ സൈനികവും സാമ്പത്തികവുമായ സമ്മർദ്ദം തുടരുമെന്നും വൈറ്റ് ഹൗസ് വൃത്തങ്ങൾ അറിയിച്ചു.
Nuclear weapons won’t touch Iran, but time is running out! Trump warns!
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla



