ഹാലിഫാക്സ്: നോവ സ്കോഷ്യ പ്രീമിയർ ടിം ഹൂസ്റ്റൺ ലണ്ടൻ യാത്രയ്ക്കിടെ വൻ തുക ചെലവഴിച്ച് ആഡംബര ഹോട്ടലിൽ താമസിച്ചതായി റിപ്പോർട്ട്. ജനങ്ങളുടെ നികുതിപ്പണം അനാവശ്യമായി ചെലവഴിച്ചെന്ന് ചൂണ്ടിക്കാട്ടി കനേഡിയൻ ടാക്സ് പേയേഴ്സ് ഫെഡറേഷനാണ് വിവരങ്ങൾ പുറത്തുവിട്ടത്. കഴിഞ്ഞ വർഷത്തെ ലണ്ടൻ സന്ദർശനത്തിനിടയിൽ മൂന്ന് ദിവസത്തെ ഹോട്ടൽ താമസത്തിനായി മാത്രം പ്രീമിയർ 3,200 ഡോളറിലധികം ചെലവാക്കി. സർക്കാരിന്റെ ചെലവുകൾ ചുരുക്കണമെന്ന് ജനങ്ങളോട് പറയുന്ന പ്രീമിയർ തന്നെ ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ താമസിക്കുന്നത് ശരിയല്ലെന്ന് സംഘടന വിമർശിച്ചു.
കഴിഞ്ഞ വർഷം പാരിസ്, ബോസ്റ്റൺ, ലണ്ടൻ, മിലാൻ എന്നിവിടങ്ങളിലേക്ക് പ്രീമിയർ നടത്തിയ യാത്രകൾക്കായി ആകെ 20,000 ഡോളറിലധികം ചെലവായിട്ടുണ്ട്. ലണ്ടനിലെ ഒരു പ്രമുഖ ഫൈവ് സ്റ്റാർ ഹോട്ടലിൽ ഒരു രാത്രിക്ക് 1,000 ഡോളറിലധികമാണ് വാടകയായി നൽകിയത്. മിലാനിൽ രണ്ട് ദിവസത്തെ താമസത്തിന് 1,828 ഡോളറും ചെലവഴിച്ചു. അയൽ പ്രവശ്യകളിലെ പ്രീമിയർമാർ വിദേശയാത്രകൾക്കായി ഇതിലും വളരെ കുറഞ്ഞ തുക മാത്രം ചെലവാക്കിയപ്പോഴാണ് നോവ സ്കോഷ്യ പ്രീമിയറുടെ ഈ ഉയർന്ന ചെലവ് വിവാദമാകുന്നത്.
എന്നാൽ ഈ ആരോപണങ്ങൾ പ്രീമിയറുടെ ഓഫീസ് തള്ളി. നിലവിലുള്ള നിയമങ്ങൾ പാലിച്ചാണ് ഹോട്ടലുകൾ തിരഞ്ഞെടുത്തതെന്ന് ഓഫീസ് അറിയിച്ചു. സുരക്ഷ, മീറ്റിംഗ് നടക്കുന്ന സ്ഥലങ്ങളിലേക്കുള്ള ദൂരം എന്നിവ നോക്കിയാണ് താമസം ക്രമീകരിച്ചത്. പ്രവിശ്യയിലേക്ക് പുതിയ ബിസിനസുകളും നിക്ഷേപങ്ങളും കൊണ്ടുവരാനാണ് ഈ യാത്രകൾ നടത്തിയത്. ഇത്തരം സന്ദർശനങ്ങൾ കാരണം മറ്റ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതി കൂട്ടാൻ സാധിച്ചിട്ടുണ്ടെന്നും പ്രീമിയറുടെ ഓഫീസ് വ്യക്തമാക്കി.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Luxury stay using public funds: Nova Scotia Premier's hotel expenses spark controversy.






