ഹാലിഫാക്സ് : ആഗോളതാപനത്തിന് പരിഹാരമായി സമുദ്രത്തെ പ്രയോജനപ്പെടുത്താൻ പുതിയ പദ്ധതിയുമായി നോവ സ്കോഷ്യയിലുള്ള pHathom എന്ന സ്റ്റാർട്ടപ്പ് രംഗത്ത്. അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്സൈഡ് ആഗിരണം ചെയ്ത് സമുദ്രത്തിൽ സുരക്ഷിതമായി സംഭരിക്കുന്ന സാങ്കേതികവിദ്യയാണ് കമ്പനി പരീക്ഷിക്കുന്നത്. ന്യൂ ബ്രൺസ്വികിലെ സെന്റ് ആൻഡ്രൂസിലുള്ള ഹണ്ട്സ്മാൻ മറൈൻ സയൻസ് സെന്ററിലാണ് ഇതിനായുള്ള ആദ്യ പൈലറ്റ് ഫെസിലിറ്റി ഒരുക്കിയിരിക്കുന്നത്. പ്രകൃതിയിൽ മഴവെള്ളം പാറകളുമായി ചേർന്നുണ്ടാകുന്ന രാസമാറ്റത്തെ കൃത്രിമമായി റിയാക്ടറുകളിൽ പുനഃസൃഷ്ടിച്ചാണ് കമ്പനി ഈ പ്രക്രിയ നടപ്പിലാക്കുന്നത്.
ബയോമാസ് പവർ പ്ലാന്റുകളിൽ നിന്നുള്ള പുകവെള്ളത്തിലേക്ക് സമുദ്രജലം കടത്തിവിട്ട് അമ്ലാംശം വർദ്ധിപ്പിച്ച ശേഷമാണ് ഈ പരീക്ഷണം നടത്തുന്നത്. ഈ അമ്ല ജലം ചെറിയ ചുണ്ണാമ്പ് കല്ലുകളുമായി ചേർത്ത് റിയാക്ടറിൽ വെച്ച് രാസപ്രവർത്തനം നടത്തി കാർബൺ ഡൈ ഓക്സൈഡിനെ ബൈകാർബണായി മാറ്റുന്നു. പിന്നീട് സാധാരണ സമുദ്രജലത്തിന്റെ അതേ പിഎച്ച് (pH) നിലവാരത്തിലേക്ക് മാറ്റിയ ശേഷമാണ് ഈ വെള്ളം വീണ്ടും കടലിലേക്ക് ഒഴുക്കുന്നത്. കടലിൽ ബൈകാർബണായി മാറുന്ന കാർബൺ ആയിരക്കണക്കിന് വർഷങ്ങളോളം അന്തരീക്ഷത്തിൽ പുറത്തുപോകാതെ സുരക്ഷിതമായി നിലനിൽക്കുമെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ.
ദിവനം 0.1 ടൺ കാർബൺ ഡൈ ഓക്സൈഡ് നീക്കം ചെയ്യാനാണ് നിലവിൽ പൈലറ്റ് പദ്ധതി ലക്ഷ്യമിടുന്നത്. പദ്ധതി വിജയിച്ചാൽ അടുത്ത വർഷം നോവ സ്കോഷ്യയിൽ രണ്ടാമത്തെ പരീക്ഷണ കേന്ദ്രം തുടങ്ങാനും കമ്പനിക്ക് പദ്ധതിയുണ്ട്. സമുദ്രത്തിലെ ക്ഷാരഗുണം വർദ്ധിപ്പിക്കുന്ന ഈ രീതി (Alkalinity enhancement) വൻതോതിലേക്ക് വ്യാപിപ്പിക്കുക എന്നത് വലിയ വെല്ലുവിളിയാണെങ്കിലും കാലാവസ്ഥാ വ്യതിയാനത്തിനെതിരെയുള്ള പോരാട്ടത്തിൽ ഇത്തരം നവീന സാങ്കേതികവിദ്യകൾ അത്യന്താപേക്ഷിതമാണെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. കാനഡ ഈ മേഖലയിൽ ആഗോളതലത്തിൽത്തന്നെ മുൻനിരയിലാണെന്നാണ് അടുത്തിടെ പുറത്തുവന്ന സെനറ്റ് റിപ്പോർട്ടും വ്യക്തമാക്കുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq








