സാൻ ഫ്രാൻസിസ്കോ: സാൻ ഫ്രാൻസിസ്കോയിൽ വ്യാഴാഴ്ച എത്തിയ പ്രിൻസസ് ക്രൂയിസസ് കമ്പനിയുടെ ‘റൂബി പ്രിൻസസ്’ എന്ന വിനോദസഞ്ചാര കപ്പലിലെ 125 പേർക്ക് യാത്രയ്ക്കിടെ അതിതീവ്ര വ്യാപന ശേഷിയുള്ള വയറിളക്ക രോഗബാധ ഉണ്ടായതായി യു.എസ് ഹെൽത്ത് ഒഫീഷ്യലുകൾ അറിയിച്ചു. കപ്പലിലുണ്ടായിരുന്ന 102 യാത്രക്കാർക്കും 23 ജീവനക്കാർക്കുമാണ് നോറോവൈറസ് ബാധിച്ചതെന്ന് യു.എസ് സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സി.ഡി.സി) വ്യക്തമാക്കി. സാൻ ഫ്രാൻസിസ്കോയിൽ നിന്ന് കാനഡ, അലാസ്ക എന്നിവിടങ്ങളിലേക്ക് 20 ദിവസത്തെ സർവീസ് നടത്തുന്നതിനിടയിലാണ് കപ്പലിൽ രോഗബാധ റിപ്പോർട്ട് ചെയ്തത്.
ജൂൺ 12-ന് യാത്ര തിരിച്ച കപ്പലിലെ രോഗബാധയെക്കുറിച്ചുള്ള വിവരങ്ങൾ ശനിയാഴ്ചയാണ് സി.ഡി.സിക്ക് ലഭിക്കുന്നത്. എന്നാൽ ബാധിതരായ എല്ലാവർക്കും ഒരേ സമയത്തല്ല രോഗലക്ഷണങ്ങൾ പ്രകടമായതെന്നും, കപ്പൽ തുറമുഖങ്ങളിൽ എത്തുമ്പോഴും പുറപ്പെടുമ്പോഴും എല്ലാവരും ഒരേപോലെ രോഗബാധിതരായിരുന്നില്ലെന്നും അധികൃതർ കൂട്ടിച്ചേർത്തു. ആകെ 3,032 യാത്രക്കാരും 1,144 ജീവനക്കാരുമാണ് കപ്പലിൽ ഉണ്ടായിരുന്നത്. രോഗബാധ ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ കപ്പലിലെ ജീവനക്കാർ ഉചിതമായി പ്രതികരിച്ചതായും കപ്പലിലുടനീളം അണുനശീകരണ പ്രോട്ടോക്കോളുകൾ നടപ്പിലാക്കിയതായും പ്രിൻസസ് ക്രൂയിസസ് പ്രസ്താവനയിലൂടെ അറിയിച്ചു. വ്യാഴാഴ്ച തന്നെ അടുത്ത യാത്ര തിരിക്കുന്നതിന് മുൻപായി കപ്പൽ പൂർണ്ണമായും വൃത്തിയാക്കി അണുവിമുക്തമാക്കുമെന്നും കമ്പനി വ്യക്തമാക്കി.
ഈ വർഷം ഇതുവരെ സി.ഡി.സിയുടെ പരിധിയിൽ വരുന്ന വിനോദസഞ്ചാര കപ്പലുകളിൽ ഏഴ് രോഗവ്യാപനങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതെന്നും ഇതിൽ ഭൂരിഭാഗവും നോറോവൈറസ് ബാധ മൂലമാണെന്നും ആരോഗ്യ ഉദ്യോഗസ്ഥർ വിലയിരുത്തുന്നു. രോഗബാധിതരായ ആളുകളിൽ നിന്ന് നേരിട്ടോ, ഭക്ഷണം, വെള്ളം, മലിനമായ പ്രതലങ്ങൾ എന്നിവയിലൂടെയോ ആണ് സാധാരണയായി നോറോവൈറസ് പടരുന്നത്.
പെട്ടെന്നുണ്ടാകുന്ന ഛർദ്ദി, വയറിളക്കം, വയറുവേദന എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങൾ. മൂന്ന് ദിവസം വരെ നീണ്ടുനിൽക്കാവുന്ന ഈ രോഗം പ്രായമായവർക്കും കുട്ടികൾക്കും മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർക്കും അപകടകരമാകാൻ സാധ്യതയുണ്ടെന്നും, രോഗപ്രതിരോധത്തിനായി സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കൻഡ് എങ്കിലും കൈകൾ കഴുകണമെന്നും ഹാൻഡ് സാനിറ്റൈസറുകൾ മാത്രം നോറോവൈറസിനെതിരെ ഫലപ്രദമല്ലെന്നും സി.ഡി.സി അറിയിച്ചു.
Norovirus outbreak on cruise ship that arrived in San Francisco; 125 people have symptoms
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt





