നയാഗ്ര ഫോൾസ്: ഒന്റാറിയോയിലെ തിരക്കേറിയ വിനോദസഞ്ചാര സീസൺ ആരംഭിക്കാനിരിക്കെ, പണിമുടക്ക് ഭീഷണിയുമായി നയാഗ്ര പാർക്സിലെ എണ്ണൂറോളം ജീവനക്കാർ. ഒന്റാറിയോ പബ്ലിക് സർവീസ് എംപ്ലോയീസ് യൂണിയന്റെ (OPSEU) കീഴിലുള്ള ജീവനക്കാരാണ് ശമ്പള വർധനവ് ആവശ്യപ്പെട്ട് സമരത്തിനൊരുങ്ങുന്നത്. നിലവിലെ ജീവിതച്ചെലവിന് ആനുപാതികമായ വേതനം ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ പ്രതിഷേധം.
ഭക്ഷണം, വീട്ടുവാടക തുടങ്ങിയ നിത്യജീവിത ചെലവുകൾ പോലും താങ്ങാൻ കഴിയാത്ത സാഹചര്യത്തിലാണ് പല ജീവനക്കാരുമെന്ന് യൂണിയൻ ലോക്കൽ 217 ഭാരവാഹികൾ പറഞ്ഞു. വിലക്കയറ്റത്തിന് ആനുപാതികമായ വർധനവ് അധികൃതർ നൽകുന്ന വാഗ്ദാനങ്ങളിൽ ഇല്ലാത്തതാണ് ജീവനക്കാരെ പ്രകോപിപ്പിച്ചത്. നയാഗ്ര മേഖലയിലെ സാമ്പത്തിക രംഗത്തെ ഏറ്റവും കൂടുതൽ സ്വാധീനിക്കുന്ന വേനൽക്കാലത്ത് സമരം നടക്കുന്നത് പ്രാദേശിക ബിസിനസുകളെയും വിനോദസഞ്ചാരികളെയും ഒരുപോലെ ബാധിക്കുമെന്ന ആശങ്ക ശക്തമാണ്.
നയാഗ്ര പാർക്സിന്റെ പ്രവർത്തനം തടസ്സപ്പെട്ടാൽ പാർക്സിനെ ആശ്രയിച്ചു നിലനിൽക്കുന്ന ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ തുടങ്ങി ഒട്ടേറെ സ്ഥാപനങ്ങൾ സാമ്പത്തിക പ്രതിസന്ധിയിലാകുമെന്ന് യൂണിയൻ പ്രസിഡന്റ് മൈക്ക് ഗോഫോർത്ത് മുന്നറിയിപ്പ് നൽകി. ശമ്പള വർധനവും തൊഴിൽ സാഹചര്യങ്ങളും സംബന്ധിച്ച ഈ തർക്കം ഡഗ് ഫോർഡ് സർക്കാരിനും വലിയ രാഷ്ട്രീയ വെല്ലുവിളിയാണ് ഉയർത്തുന്നത്. വിനോദസഞ്ചാര മേഖലയെ ബാധിക്കാത്ത വിധത്തിൽ പ്രശ്നപരിഹാരത്തിനായി നയാഗ്ര പാർക്സ് മാനേജ്മെന്റും യൂണിയനും തമ്മിലുള്ള ചർച്ചകൾ തുടരുകയാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Niagara Parks employees go on strike; New challenge for the Ford government




