നയാഗ്ര: ബ്രേസ്റ്റ് കാൻസർ പരിശോധന കൂടുതൽ എളുപ്പമാക്കുന്നതിനായി നയാഗ്ര ഹെൽത്ത് ‘വെർടോ’ (Verto) എന്ന പുതിയ ഓൺലൈൻ സെൽഫ് ബുക്കിംഗ് പ്ലാറ്റ്‌ഫോം ആരംഭിച്ചു. ഒന്റാറിയോ ബ്രെസ്റ്റ് സ്ക്രീനിംഗ് പ്രോഗ്രാമിന്റെ (OBSP) ഭാഗമായാണ് ഈ ഡിജിറ്റൽ സംവിധാനം നടപ്പിലാക്കിയിരിക്കുന്നത്. രോഗികൾക്ക് സ്വന്തമായി പരിശോധനാ സമയം തിരഞ്ഞെടുക്കാനും, ആവശ്യമെങ്കിൽ മാറ്റാനോ റദ്ദാക്കാനോ ഉള്ള സൗകര്യം ഇതിലൂടെ ലഭിക്കും. അപ്പോയിന്റ്മെന്റുകൾ കൃത്യമായി ഓർമ്മിപ്പിക്കുന്നതിന് ഓട്ടോമേറ്റഡ് മെസ്സേജുകളും ഈ പ്ലാറ്റ്‌ഫോമിൽ ലഭ്യമാണ്.
40 നും 74 നും ഇടയിൽ പ്രായമുള്ളവർക്കാണ് ഈ സേവനം ഉപയോഗിക്കാൻ കഴിയുക. മുൻപ് ബ്രേസ്റ്റ് കാൻസർ വരാത്തവരും, നിലവിൽ മറ്റ് ബ്രേസ്റ്റ് കാൻസർ രോഗ ലക്ഷണങ്ങൾ ഇല്ലാത്തവരുമായിരിക്കണം അപേക്ഷകർ. കൂടാതെ ഗർഭിണികളും മുലയൂട്ടുന്നവരും കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ ഗർഭച്ഛിദ്രം നടന്നവരും ഇതിൽ ഉൾപ്പെടില്ല. മുൻകൂട്ടി പരിശോധനകൾ ക്രമീകരിക്കുന്നത് വഴി രോഗങ്ങൾ തുടക്കത്തിലേ കണ്ടെത്താനും ചികിത്സ ഉറപ്പാക്കാനും സാധിക്കുമെന്നതിനാലാണ് ഇത്തരമൊരു സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്.
Also Read: തൊഴിലാളികളെ പിരിച്ചുവിട്ടാൽ പണി കിട്ടും! സ്റ്റെൽകോയ്‌ക്കെതിരെ മുന്നറിയിപ്പുമായി ഫെഡറൽ സർക്കാർ
ഓൺലൈനായി ബുക്ക് ചെയ്യാൻ താല്പര്യമില്ലാത്തവർക്കും യോഗ്യതയില്ലാത്തവർക്കും നിലവിലെ രീതി തുടരാവുന്നതാണ്. ഇവർക്കായി നയാഗ്ര ഫാൾസ്, സെന്റ് കാതറീൻസ്, വെല്ലൻഡ് എന്നിവിടങ്ങളിലെ ഒ.ബി.എസ്.പി ബുക്കിംഗ് ഓഫീസുകളിൽ ഫോൺ വഴി അപ്പോയിന്റ്മെന്റ് എടുക്കാനുള്ള സൗകര്യം തുടരും. ആശുപത്രി സന്ദർശനം എളുപ്പമാക്കാനും രോഗികൾക്ക് തടസ്സമില്ലാതെ സേവനം നൽകാനും ഈ പുതിയ പ്ലാറ്റ്‌ഫോം സഹായിക്കുമെന്ന് അധികൃതർ അറിയിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





