നയാഗ്ര മേഖലയിൽ രണ്ട് വൻകിട ശുദ്ധജല, മലിനജല സംസ്കരണ പദ്ധതികൾ യാഥാർഥ്യമാക്കാൻ റീജിയണൽ കൗൺസിലിന്റെ നിർണായക തീരുമാനം. മൂന്ന് വർഷത്തെ നിർമാണ വരുമാനത്തിന്റെ (റസിഡൻഷ്യൽ ഡെവലപ്മെന്റ് ചാർജ്) പകുതി വേണ്ടെന്നുവെച്ച്, കേന്ദ്ര-പ്രവിശ്യാ സർക്കാരുകളിൽ നിന്ന് 750 മില്യൺ ഡോളറിലധികം ഗ്രാന്റ് സ്വന്തമാക്കാനാണ് കൗൺസിലർമാർ വോട്ട് ചെയ്തത്. ‘ഡെവലപ്മെന്റ് ചാർജ് റിഡക്ഷൻ പ്രോഗ്രാം’ (DCRP) വഴി ലഭിക്കുന്ന ഈ തുക, സാധാരണക്കാരായ ജനങ്ങൾക്ക് ഭാരമാകാതെ വലിയ വികസന പദ്ധതികൾ വേഗത്തിൽ പൂർത്തിയാക്കാൻ സഹായിക്കും. 2026 മാർച്ച് 30 മുതൽ പ്രാബല്യത്തിലുള്ള ഈ നീക്കം വഴി പ്രാദേശിക ഭരണകൂടത്തിന് 218.5 മില്യൺ ഡോളറിന്റെ താൽക്കാലിക വരുമാന നഷ്ടമുണ്ടാകുമെങ്കിലും ഗ്രാൻ്റ് തുക വഴി ഇത് നികത്താനാകുമെന്നാണ് പ്രതീക്ഷ.
മേഖലയുടെ ചരിത്രത്തിലെ ഏറ്റവും വലിയ അടിസ്ഥാന സൗകര്യ വികസന പദ്ധതിയായ ‘സൗത്ത് നയാഗ്ര മലിനജല സംസ്കരണ പ്ലാന്റാണ്’ (SNWWTP) ഇതിൽ പ്രധാനം. 688 മില്യൺ ഡോളർ നിർമാണച്ചെലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതിക്ക് 509.3 മില്യൺ ഡോളർ സർക്കാരിൽ നിന്ന് ലഭിക്കും. നിയാഗര ഫാൾസിലെ റെക്സിംഗർ റോഡിൽ 108.5 ഏക്കറിൽ നിർമിക്കുന്ന പ്ലാന്റിൽ പ്രതിദിനം 3 കോടി ലിറ്റർ മലിനജലം സംസ്കരിക്കാനാകും. നയാഗ്ര ഫാൾസ്, തോറോൾഡ്, സെന്റ് കാതറിൻസ്, ക്വീൻസ്റ്റൺ, നയാഗ്ര-ഓൺ-ദി-ലേക്ക് എന്നീ പ്രദേശങ്ങളിലെ ആവശ്യങ്ങൾക്ക് ഇത് ഉപകരിക്കും. 1964-ൽ നിർമിച്ച് 1986-ൽ വികസിപ്പിച്ച നിലവിലെ പ്ലാന്റിന്റെ അമിതഭാരം കുറയ്ക്കാനും ഇത് സഹായിക്കും.
രണ്ടാമത്തെ പദ്ധതിയായ വെസ്റ്റ് ലിങ്കൺ ശുദ്ധജല-മലിനജല ശൃംഖലയ്ക്കായി 241.8 മില്യൺ ഡോളറാണ് സർക്കാരിൽ നിന്ന് ലഭിക്കുക. പ്രധാന ഡ്രെയിനേജ് ലൈനുകളുടെ വീതി കൂട്ടൽ, പുതിയ കുടിവെള്ള പൈപ്പ് ലൈനുകൾ, പമ്പിംഗ് സ്റ്റേഷനുകൾ, പ്രധാന റോഡുകളിലെ പൈപ്പ് മാറ്റൽ എന്നിവയുൾപ്പെടെ 375 മില്യൺ ഡോളറിന്റെ പദ്ധതികളാണ് ഇതിൽ ഉള്ളത്. 2051-ഓടെ വെസ്റ്റ് ലിങ്കണിലെ ജനസംഖ്യ ഇരട്ടിയിലധികമാകുമെന്ന കണക്കുകൂട്ടലിലാണ് ഈ വികസനം. കരാർ പ്രകാരം നിർമാണച്ചെലവിന്റെ 10 ശതമാനം തുക പ്രദേശത്തെ ശുദ്ധജല, മലിനജല നിരക്കുകളിലൂടെ കണ്ടെത്തേണ്ടതുണ്ട്.
പ്രശസ്ത കൺസൾട്ടിങ് സ്ഥാപനമായ സ്റ്റാന്റെക്കിനാണ് (Stantec) പദ്ധതിയുടെ മേൽനോട്ടച്ചുമതല. 30,000-ത്തിലധികം പുതിയ വീടുകൾ, 750 ഹെക്ടർ വ്യവസായ മേഖല, 3,000 ഹോട്ടൽ മുറികൾ, പുതിയ സൗത്ത് നയാഗ്ര ഫാൾസ് ഹോസ്പിറ്റൽ എന്നിവയ്ക്ക ആവശ്യമായ സൗകര്യങ്ങളൊരുക്കാൻ ഈ പദ്ധതിയിലൂടെ സാധിക്കുമെന്ന് സ്റ്റാന്റെക്കിന്റെ ഡിസൈൻ മാനേജർ മൈക്ക് കൊച്ചർ പറഞ്ഞു. ടൂറിസം മേഖലയുടെയും പ്രാദേശിക വികസനത്തിന്റെയും ഭാഗമായുണ്ടാകുന്ന വർധിച്ച മലിനജല പ്രശ്നം പരിഹരിക്കാൻ ഈ പദ്ധതികൾ യാഥാർഥ്യമാകുന്നതോടെ സാധിക്കും.
Niagara Council joins hands for $750 million federal-provincial grant for largest development project in history
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla








