ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ പ്രസവിച്ച ഉടൻ പത്തൊൻപതുകാരിയായ യുവതി നവജാത ശിശുവിനെ ജനലിലൂടെ പുറത്തേക്ക് വലിച്ചെറിഞ്ഞു. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു നാടിനെ നടുക്കിയ സംഭവം. വയറുവേദനയെന്ന് പറഞ്ഞ് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ 19 വയസുകാരി, നിരീക്ഷണത്തിലിരിക്കെ ശൗചാലയത്തിൽ കയറി പ്രസവിക്കുകയായിരുന്നു. തുടർന്ന് പൂർണ്ണ വളർച്ചയെത്തിയ പെൺകുഞ്ഞിനെ ജനൽ വഴി പുറത്തേക്ക് ഇടുകയായിരുന്നു. ശൗചാലയത്തിന് പിന്നിൽ നിന്നും കുഞ്ഞിന്റെ കരച്ചിൽ കേട്ടെത്തിയ ആശുപത്രി ജീവനക്കാരുടെ സമയോചിതമായ ഇടപെടലാണ് കുഞ്ഞിന്റെ ജീവൻ രക്ഷിച്ചത്. കുഞ്ഞിനെ അടിയന്തര ചികിത്സയ്ക്ക് ശേഷം ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ന്യൂ ബോൺ ഐസിയുവിൽ പ്രവേശിപ്പിച്ചു. കുഞ്ഞിനെ കൊല്ലാൻ ശ്രമിച്ചതിന് യുവതിക്കെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.
എറണാകുളത്ത് പഠനത്തോടൊപ്പം ജോലി ചെയ്യുകയായിരുന്ന യുവതിക്ക് അവിടെ വെച്ച് പരിചയപ്പെട്ട ഇതര സംസ്ഥാനക്കാരനായ യുവാവുമായി അടുപ്പമുണ്ടായിരുന്നുവെന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് (സിഡബ്ല്യുസി) നൽകിയ മൊഴിയിൽ പറയുന്നു. എന്നാൽ അടുത്ത കാലത്തായി ഇയാളുമായി ബന്ധമില്ലെന്നും താൻ ഗർഭിണിയായതോ പ്രസവിച്ചതോ ആയ വിവരങ്ങൾ യുവാവ് അറിഞ്ഞിട്ടുണ്ടാകില്ലെന്നും യുവതി വ്യക്തമാക്കി. താൻ ഗർഭിണിയാണെന്ന വിവരം അറിയില്ലായിരുന്നുവെന്നും വയറ്റിൽ കൊഴുപ്പ് അടിഞ്ഞു കൂടിയതാണെന്നാണ് കരുതിയതെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്. നിലവിൽ വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന യുവതിയെ സിഡബ്ല്യുസി അധികൃതർ സന്ദർശിച്ചപ്പോഴാണ് ഈ വിവരങ്ങൾ വ്യക്തമാക്കിയത്.
വയറ്റിലെ അസുഖത്തിന് വണ്ടാനം മെഡിക്കൽ കോളേജിൽ നിന്ന് മരുന്ന് വാങ്ങിയിട്ടുണ്ടെന്നും അത് കഴിക്കാനാണ് വീട്ടിൽ നിൽക്കുന്നതെന്നുമാണ് യുവതി ബന്ധുക്കളോട് പറഞ്ഞിരുന്നത്. കഴിഞ്ഞ മൂന്ന് മാസമായി യുവതി സ്വന്തം വീട്ടിലായിരുന്നു താമസം. ഇവരുടെ അമ്മ മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലാണ്. അച്ഛനും അനുജത്തിയും മാത്രമാണ് വീട്ടിൽ ഒപ്പമുണ്ടായിരുന്നത്. തനിക്ക് കുഞ്ഞിനെ ആവശ്യമില്ലെന്ന് യുവതി ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ യുവതി ആശുപത്രി വിടുന്നതോടെ കുഞ്ഞിനെ ആലപ്പുഴയിലെ ശിശു വിഹാറിലേക്ക് മാറ്റാനാണ് അധികൃതരുടെ തീരുമാനം.
ശിശു വിഹാറിൽ കുഞ്ഞിനെ 60 ദിവസം പരിചരിക്കും. നിയമപ്രകാരം ഈ സമയപരിധിക്കുള്ളിൽ വേണമെങ്കിൽ അമ്മയ്ക്ക് കുഞ്ഞിനെ തിരികെ കൊണ്ടുപോകാൻ അവകാശമുണ്ടായിരിക്കും. എന്നാൽ നിശ്ചിത സമയം കഴിഞ്ഞാൽ ശിശുക്ഷേമസമിതി കുഞ്ഞിനെ പൂർണ്ണമായി ഏറ്റെടുക്കുമെന്നും, അതിനുശേഷം അമ്മയ്ക്ക് അവകാശമുന്നയിക്കാൻ സാധിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി. അതേസമയം, ആശുപത്രി ജീവനക്കാർ കുഞ്ഞുമായി നിൽക്കുന്ന ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നതിനെതിരെ സിഡബ്ല്യുസി കർശന മുന്നറിയിപ്പ് നൽകി. കുഞ്ഞിന്റെ ചിത്രം പങ്കുവെക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ ചൈൽഡ് ലൈൻ വഴി പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
Newborn baby thrown out of window; Woman didn’t know she was pregnant, says she doesn’t want the baby
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla









