ന്യൂ മെക്സിക്കോ: ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വഴി കുട്ടികളുടെ മാനസികാരോഗ്യത്തിന് ദോഷം വരുത്തിയ സംഭവത്തിൽ മെറ്റക്ക് 567 മില്യൺ യുഎസ് ഡോളർ പിഴ ചുമത്തി ന്യൂ മെക്സിക്കോ കോടതി. ജഡ്ജി ബ്രയാൻ ബീഡ്ഷീഡ് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം, ഈ തുകയിൽ 420 മില്യൺ ഡോളർ കുട്ടികളുടെ ചികിത്സാ ആവശ്യങ്ങൾക്കായും ബാക്കി തുക ബോധവത്കരണ പ്രവർത്തനങ്ങൾക്കായും ഉപയോഗിക്കണം. പ്ലാറ്റ്ഫോമുകളിലെ കുട്ടികളുടെ ലൈംഗിക ചൂഷണ വിവരങ്ങൾ മറച്ചുവെച്ചതിന് കഴിഞ്ഞ മാർച്ചിൽ ചുമത്തിയ 375 മില്യൺ ഡോളറിന്റെ പിഴയ്ക്ക് പുറമേയാണിത്. ഇതോടെ കേസിൽ മെറ്റ നൽകേണ്ട ആകെ തുക 942 മില്യൺ ഡോളറായി ഉയർന്നു.
കുട്ടികളെ അപകടത്തിലാക്കുന്ന രീതിയിൽ ഉൽപ്പന്നങ്ങൾ രൂപകൽപ്പന ചെയ്യുന്ന കമ്പനികൾക്ക് ഈ വിധി ഒരു മുന്നറിയിപ്പാണെന്ന് ന്യൂ മെക്സിക്കോ അറ്റോർണി ജനറൽ റൗൾ ടോറസ് പ്രതികരിച്ചു. എന്നാൽ വിധിക്കെതിരെ അപ്പീൽ നൽകുമെന്നും ഉപയോക്താക്കളുടെ സുരക്ഷയ്ക്ക് തങ്ങൾ എപ്പോഴും മുൻഗണന നൽകുന്നുണ്ടെന്നുമാണ് മെറ്റയുടെ നിലപാട്. വിധി നിലവിൽ വന്നതോടെ, ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്ന മുന്നറിയിപ്പുകളും ബാനറുകളും കമ്പനി നിർബന്ധമായും ഉൾപ്പെടുത്തേണ്ടി വരും. കൂടാതെ, 13 വയസ്സിൽ താഴെയുള്ള കുട്ടികളെ തിരിച്ചറിയാനും അവരുടെ അക്കൗണ്ടുകൾ കൃത്യമായി നിരീക്ഷിക്കാനും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യ വികസിപ്പിക്കാനും കോടതി നിർദേശിച്ചിട്ടുണ്ട്.
സോഷ്യൽ മീഡിയ കമ്പനികൾക്കെതിരെ ലോകമെമ്പാടും നിയമനടപടികൾ ശക്തമാകുന്ന സാഹചര്യത്തിലാണ് ഈ പ്രധാന വിധി പുറത്തുവന്നിരിക്കുന്നത്. കുട്ടികളെ പ്ലാറ്റ്ഫോമുകളിലേക്ക് അടിമപ്പെടുത്തുന്ന ഫീച്ചറുകൾ ഉൾപ്പെടുത്തിയെന്ന ആരോപണത്തിൽ മറ്റ് 29 സംസ്ഥാനങ്ങൾ നൽകിയ കേസിൽ ഈ മാസം അവസാനം കാലിഫോർണിയയിലും മെറ്റ വിചാരണ നേരിടുന്നുണ്ട്. കമ്പനികൾ വരുത്തുന്ന വീഴ്ചകൾക്ക് സംസ്ഥാനങ്ങൾ ഇനി കൃത്യമായ നിയമനടപടികൾ സ്വീകരിക്കുമെന്നതിന്റെ തെളിവാണ് ഈ വിധിയെന്ന് സാങ്കേതിക വിദഗ്ധർ വിലയിരുത്തുന്നു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Lapse in child safety: New Mexico court imposes $567 million fine on Meta.





