ഒട്ടാവ: കഴിഞ്ഞ ഏതാനും വർഷങ്ങളായി കൈവരിച്ച പ്രതിരോധ നേട്ടങ്ങളെല്ലാം നിഷ്പ്രഭമാക്കിക്കൊണ്ട് കാനഡയിൽ എച്ച്.ഐ.വി ബാധിതരുടെ എണ്ണത്തിൽ വൻ വർധനവ് രേഖപ്പെടുത്തി. പബ്ലിക് ഹെൽത്ത് ഏജൻസി ഓഫ് കാനഡ പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം 2022-നെ അപേക്ഷിച്ച് 2024-ൽ പുതിയ എച്ച്.ഐ.വി കേസുകളിൽ 23 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിരിക്കുന്നത്. 2022-ൽ 2,050 കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥാനത്ത്, 2024-ഓടെ ഇത് 2,517 ആയി ഉയർന്നു. ഗ്രാമീണ മേഖലകളിലേക്കും വേണ്ടത്ര ആരോഗ്യ പരിരക്ഷാ സൗകര്യങ്ങളില്ലാത്ത വിദൂര പ്രദേശങ്ങളിലേക്കും രോഗം പടരുന്നത് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നതായി ആരോഗ്യരംഗത്തെ വിദഗ്ധരും സാമൂഹിക പ്രവർത്തകരും മുന്നറിയിപ്പ് നൽകുന്നു.
എച്ച്.ഐ.വി നിരക്ക് ദേശീയ ശരാശരിയേക്കാൾ മൂന്നര മടങ്ങ് വർധിച്ചതിനെ തുടർന്ന് മാനിറ്റോബ പ്രവിശ്യയിൽ പബ്ലിക് ഹെൽത്ത് എമർജൻസി പ്രഖ്യാപിച്ചിരിക്കുകയാണ്. തൊട്ടടുത്തുള്ള സസ്‌കാച്ചെവനിലും രോഗവ്യാപനം അതിരൂക്ഷമായി തുടരുന്നു. 2030-ഓടെ എച്ച്.ഐ.വി നിർമാർജനം ചെയ്യുക എന്ന ലക്ഷ്യത്തോടെ ഐക്യരാഷ്ട്രസഭ മുന്നോട്ടുവെച്ച രോഗനിർണയ, ചികിത്സാ ലക്ഷ്യങ്ങളിൽ പൂർണ്ണമായി എത്താൻ കാനഡയ്ക്ക് ഇതുവരെ സാധിച്ചിട്ടില്ല. മുൻകാലങ്ങളിൽ വൻ നഗരങ്ങളെ കേന്ദ്രീകരിച്ചായിരുന്നു രോഗബാധയെങ്കിൽ, നിലവിൽ അടിസ്ഥാന ആരോഗ്യ സൗകര്യങ്ങളില്ലാത്ത മേഖലകളിലും പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളിലുമാണ് രോഗം വേഗത്തിൽ പടരുന്നത്.
മുൻപ് നിരന്തരം കുറഞ്ഞുകൊണ്ടിരുന്ന രോഗവ്യാപന നിരക്ക് വീണ്ടും ഉയരുന്നത് വലിയ ആശങ്കയുണ്ടാക്കുന്നുവെന്ന് ബി.സി സെന്റർ ഫോർ എക്സലൻസ് ഇൻ എച്ച്.ഐ.വി ഡയറക്ടർ ഡോ. ജൂലിയോ മൊണ്ടാനർ വ്യക്തമാക്കുന്നു. രോഗവ്യാപനത്തിന്റെ വിവരങ്ങൾ കൃത്യമായ ഇടവേളകളിൽ ലഭ്യമാക്കുകയും പ്രതിരോധ മരുന്നുകൾ കാനഡയുടെ നാഷണൽ ഫാർമകെയർ പദ്ധതിയിലൂടെ സൗജന്യമായി ലഭ്യമാക്കുകയും വേണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഫണ്ടുകളുടെ കുറവും സാമ്പത്തിക പ്രതിസന്ധിയും പ്രതിരോധ പ്രവർത്തനങ്ങളെ ബാധിക്കുന്നുണ്ടെങ്കിലും, പെട്ടെന്നുള്ള പരിശോധനകളും തുടർച്ചയായ ചികിത്സയും ഉറപ്പുവരുത്തി രോഗവ്യാപനം തടയാനുള്ള ശ്രമങ്ങളിലാണ് ആരോഗ്യ പ്രവർത്തകർ.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
New HIV infections in Canada are rising





