ഒട്ടാവ: കാനഡയിൽ 2025-ലെ നികുതി റിട്ടേണുകൾ സമർപ്പിക്കാനുള്ള അവസാന തീയതിയായ ഏപ്രിൽ 30-ലേക്ക് രാജ്യം അടുക്കുമ്പോൾ, പ്രോസസ്സിംഗ് സംബന്ധിച്ച പുതിയ വിവരങ്ങൾ കാനഡ റെവന്യൂ ഏജൻസി പുറത്തുവിട്ടു. ദശലക്ഷക്കണക്കിന് അപേക്ഷകൾ ഒരേസമയം എത്തുന്നതിനാൽ റീഫണ്ട് ലഭിക്കുന്നതിലെ കാലതാമസം ഒഴിവാക്കാൻ ഓൺലൈൻ വഴി ഫയൽ ചെയ്യാനാണ് അധികൃതർ നിർദ്ദേശിക്കുന്നത്.
നിങ്ങൾ ഓൺലൈൻ വഴി (NETFILE/EFILE) റിട്ടേണുകൾ സമർപ്പിക്കുകയാണെങ്കിൽ ഏകദേശം രണ്ടാഴ്ചയ്ക്കുള്ളിൽ തന്നെ നടപടികൾ പൂർത്തിയാകും. എന്നാൽ തപാൽ വഴി റിട്ടേണുകൾ സമർപ്പിക്കുന്നവർക്ക് എട്ട് മുതൽ പന്ത്രണ്ട് ആഴ്ച വരെ കാത്തിരിക്കേണ്ടി വരും. ഓൺലൈൻ വഴിയുള്ള അഡ്ജസ്റ്റ്മെന്റ് അപേക്ഷകൾ രണ്ടാഴ്ചയ്ക്കുള്ളിലും തപാൽ വഴിയുള്ളവ എട്ട് ആഴ്ചയ്ക്കുള്ളിലും പൂർത്തിയാകും. സങ്കീർണ്ണമായ കേസുകളിൽ ഇത് 20 ആഴ്ച വരെ നീളാൻ സാധ്യതയുണ്ട്.
റീഫണ്ട് വേഗത്തിൽ ലഭിക്കാനായി ഡയറക്ട് ഡെപ്പോസിറ്റ് സംവിധാനം ഉപയോഗിക്കുന്നതാണ് ഉചിതം. ഇത്തരക്കാർക്ക് എട്ട് പ്രവൃത്തി ദിവസങ്ങൾ മുതൽ രണ്ടാഴ്ചയ്ക്കുള്ളിൽ തന്നെ പണം അക്കൗണ്ടിലെത്തും. എന്നാൽ ചെക്ക് വഴിയുള്ള റീഫണ്ടുകൾക്ക് തപാൽ സമയം കൂടി കണക്കിലെടുത്ത് കൂടുതൽ ദിവസങ്ങൾ എടുക്കും. റിട്ടേണിലെ തെറ്റായ വിവരങ്ങൾ, വിട്ടുപോയ രേഖകൾ, ക്രിപ്റ്റോ കറൻസി ഇടപാടുകൾ എന്നിവ പ്രോസസ്സിംഗ് വൈകാൻ കാരണമായേക്കാം.
ഏപ്രിൽ 30-നകം നികുതി അടയ്ക്കാത്ത പക്ഷം പ്രതിദിന പലിശയും പിഴയും ഈടാക്കുമെന്ന് സി.ആർ.എ മുന്നറിയിപ്പ് നൽകുന്നു. കൂടാതെ കാനഡ ചൈൽഡ് ബെനഫിറ്റ് പോലുള്ള ആനുകൂല്യങ്ങൾ തുടർച്ചയായി ലഭിക്കുന്നതിന് കൃത്യസമയത്ത് ടാക്സ് ഫയൽ ചെയ്യേണ്ടത് അത്യാവശ്യമാണ്. റിട്ടേണിന്റെ നിലവിലെ അവസ്ഥ പരിശോധിക്കാൻ ഉപഭോക്താക്കൾക്ക് സി.ആർ.എ മൈ അക്കൗണ്ടിലെ പ്രോഗ്രസ് ട്രാക്കർ ഉപയോഗിക്കാവുന്നതാണ്.
New CRA Processing Times For Tax Returns And Refunds In April 2026



