ഓട്ടവ: കാനഡയിലേക്ക് ഉപരിപഠനത്തിനായി വരുന്ന അന്താരാഷ്ട്ര വിദ്യാർത്ഥികൾ കാണിക്കേണ്ട Proof of Fund തുക ഉയർത്തി. 2026 സെപ്റ്റംബർ 1 മുതലോ അതിനു ശേഷമോ സമർപ്പിക്കുന്ന പുതിയ സ്റ്റഡി പെർമിറ്റ് അപേക്ഷകൾക്ക് അപേക്ഷകൻ കാണിക്കേണ്ട മിനിമം Living Expenses) 23,448 കാനഡിയൻ ഡോളറായി ഉയർന്നു. നിലവിലെ $22,895 CAD-ൽ നിന്ന് $553 ഡോളറിന്റെ (2.4%) വർദ്ധനവാണ് വരുത്തിയിരിക്കുന്നത്. ഇമിഗ്രേഷൻ, റഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) തങ്ങളുടെ പ്രധാന വെബ്‌സൈറ്റിലെ പട്ടിക പൂർണ്ണമായി പരിഷ്‌കരിച്ചിട്ടില്ലെങ്കിലും, യൂണിവേഴ്‌സിറ്റി ഓഫ് ടൊറന്റോ, യൂണിവേഴ്‌സിറ്റി ഓഫ് വിൻഡ്‌സർ തുടങ്ങിയ പ്രമുഖ സർവ്വകലാശാലകൾ തങ്ങളുടെ ഔദ്യോഗിക ഇന്റർനാഷണൽ സ്റ്റുഡന്റ് ഗൈഡ്‌ലൈനുകളിൽ $23,448 CAD എന്ന പുതിയ നിരക്ക് ഇതിനകം ഉൾപ്പെടുത്തിക്കഴിഞ്ഞു.
ഈ പുതിയ ലിവിംഗ് കോസ്റ്റ് തുക വിദ്യാർത്ഥിയുടെ താമസത്തിനും ഭക്ഷണത്തിനും മാത്രമുള്ളതാണ്. ട്യൂഷൻ ഫീസും കാനഡയിലേക്കും തിരികെ പോകുന്നതിനുമുള്ള യാത്രാച്ചെലവും ഇതിന് പുറമെ അപേക്ഷകർ സാമ്പത്തിക ശേഷിയായി കാണിക്കേണ്ടതുണ്ട്. ഉദാഹരണത്തിന്, പ്രതിവർഷം $30,000 ട്യൂഷൻ ഫീസുള്ള ഒരു കോഴ്‌സിന് അപേക്ഷിക്കുന്ന ഒരു വിദ്യാർത്ഥി, ജീവനാംശ തുകയും യാത്രാച്ചെലവും ഉൾപ്പെടെ കുറഞ്ഞത് $53,448 CAD-ൽ അധികം (ഏകദേശം 33 ലക്ഷത്തിലധികം ഇന്ത്യൻ രൂപ) തങ്ങൾക്കുണ്ടെന്ന് തെളിയിക്കണം. ആവശ്യത്തിന് സാമ്പത്തിക ശേഷി തെളിയിക്കാതിരിക്കുന്നത് സ്റ്റഡി പെർമിറ്റ് നിരസിക്കപ്പെടാനുള്ള പ്രധാന കാരണങ്ങളിലൊന്നാണ്.
സ്റ്റാറ്റിസ്റ്റിക്സ് കാനഡ പുറത്തുവിടുന്ന ലോ-ഇൻകം കട്ട്-ഓഫ് (LICO) നിരക്കിന്റെ 75 ശതമാനം അടിസ്ഥാനമാക്കിയാണ് IRCC ഈ കണക്കുകൾ തയ്യാറാക്കുന്നത്. വിദ്യാർത്ഥിക്കൊപ്പം കുടുംബാംഗങ്ങൾ എത്തുന്നുണ്ടെങ്കിൽ ഈ തുക വീണ്ടും ഉയരും. രണ്ടുപേർ അടങ്ങുന്ന കുടുംബത്തിന് $29,192 ആയും മൂന്നുപേർക്ക് $35,888 ആയും വർദ്ധിക്കും. നാലംഗ കുടുംബത്തിന് $43,572 ഡോളറും ഏഴംഗ കുടുംബത്തിന് $62,054 ഡോളറുമാണ് പുതിയ നിരക്ക്. ഏഴിൽ കൂടുതലുള്ള ഓരോ അധിക അംഗത്തിനും $6,318 ഡോളർ വീതം അധികമായി കാണിക്കേണ്ടി വരും.
അപേക്ഷ വിസ ഓഫീസർ പരിഗണിക്കുന്ന തീയതിയല്ല, മറിച്ച് അപേക്ഷ IRCC-ക്ക് സമർപ്പിക്കുന്ന തീയതിയാണ് ഇവിടെ നിർണ്ണായകം. 2026 ഓഗസ്റ്റ് 31 വരെ സമർപ്പിക്കുന്ന അപേക്ഷകൾക്ക് പഴയ നിരക്കും ($22,895) സെപ്റ്റംബർ 1 മുതൽ സമർപ്പിക്കുന്നവയ്ക്ക് പുതിയ നിരക്കുമാണ് ബാധകമാകുന്നത്. കാനഡയിൽ നിലവിൽ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാർത്ഥികൾ സെപ്റ്റംബർ 1-നോ അതിനുശേഷമോ സ്റ്റഡി പെർമിറ്റ് എക്സ്റ്റൻഷനായി അപേക്ഷിക്കുകയാണെങ്കിലും ഈ പുതിയ തുക തന്നെയാണ് ബാധകമാകുന്നത്. അതേസമയം, സ്വന്തമായി സാമ്പത്തിക മാനദണ്ഡങ്ങളുള്ള ക്യുബെക്ക് (Quebec) പ്രവിശ്യയിലേക്ക് അപേക്ഷിക്കുന്ന വിദ്യാർത്ഥികൾക്ക് ഈ ഫെഡറൽ നിരക്കുകൾ ബാധകമല്ല.
ALSO READ കാനഡ സ്പൗസ് വർക്ക് പെർമിറ്റിലെ ലൂപ്‌ഹോൾ; ആനുകൂല്യം ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തൽ, കടുത്ത നടപടിക്ക് സാധ്യത
കാനഡിയൻ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നുള്ള ജി.ഐ.സി (GIC), വിദേശ ബാങ്കുകളിലെ ലിക്വിഡ് ഫണ്ടുകൾ വ്യക്തമാക്കുന്ന ബാങ്ക് സ്റ്റേറ്റ്‌മെന്റുകൾ, അംഗീകൃത വിദ്യാഭ്യാസ വായ്പകൾ, സ്‌കോളർഷിപ്പ് രേഖകൾ എന്നിവ പ്രൂഫ് ഓഫ് ഫണ്ട്സ് ആയി സമർപ്പിക്കാവുന്നതാണ്. മാതാപിതാക്കളാണ് സാമ്പത്തിക സഹായം നൽകുന്നതെങ്കിൽ അവരുടെ നാല് മാസത്തെ ബാങ്ക് സ്റ്റേറ്റ്‌മെന്റും ഒപ്പിട്ട സപ്പോർട്ട് ലെറ്ററും ആവശ്യമാണ്. വിദ്യാർത്ഥികൾ കാനഡയിലെത്തിയ ശേഷം സാമ്പത്തിക പ്രതിസന്ധിയിലാകുന്നത് തടയാനാണ് IRCC ഈ രീതിയിൽ പ്രതിവർഷം മാനദണ്ഡങ്ങൾ പരിഷ്കരിക്കുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq





