ഫ്രെഡറിക്റ്റൺ: ന്യൂ ബ്രൺസ്വിക്കിൽ 2025-ന്റെ തുടക്കം മുതൽ 179 പുതിയ ഡോക്ടർമാരെ കൂടി നിയമിച്ചതായി പ്രവിശ്യ സർക്കാർ അറിയിച്ചു. തിങ്കളാഴ്ച ഫ്രെഡറിക്റ്റണിൽ വിളിച്ച് ചേർത്ത വാർത്താ സമ്മേളനത്തിലാണ് പ്രീമിയർ സൂസൻ ഹോൾട്ടും ആരോഗ്യ മന്ത്രി ഡോ. ജോൺ ഡോർണനും ഈ വിവരങ്ങൾ പുറത്തുവിട്ടത്. ജനങ്ങൾക്ക് കൂടുതൽ മെച്ചപ്പെട്ട പ്രാഥമിക ആരോഗ്യ പരിചരണം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് സർക്കാരിന്റെ ഈ പുതിയ നടപടി.
നിയമിക്കപ്പെട്ടവരിൽ 72 പേർ ഫാമിലി മെഡിസിൻ സ്പെഷ്യലിസ്റ്റുകളും 107 പേർ സൈക്യാട്രി, പീഡിയാട്രിക്സ് തുടങ്ങിയ വിവിധ മേഖലകളിലെ വിദഗ്ധരുമാണ്. ഡോക്ടർമാർക്ക് പുറമെ 515 പുതിയ രജിസ്റ്റേർഡ് നഴ്സുമാരെയും 402 ലൈസൻസ്ഡ് പ്രാക്ടിക്കൽ നഴ്സുമാരെയും ഇതോടൊപ്പം നിയമിച്ചിട്ടുണ്ട്. ചരിത്രത്തിലെ ഏറ്റവും വലിയ ഡോക്ടർമാരുടെ വർദ്ധനവാണിതെന്ന് ചൂണ്ടിക്കാട്ടിയ പ്രീമിയർ, പരിചരണ മാതൃകയുടെ വിജയമാണ് ഇതെന്നും വ്യക്തമാക്കി.
Also Read : യു.എസ് – കാനഡ വിമാന സർവീസുകൾ വർദ്ധിപ്പിക്കുന്നു; 6 പുതിയ റൂട്ടുകൾ പ്രഖ്യാപിച്ചു
പ്രവിശ്യയിൽ ഇതുവരെ 22 പുതിയ സഹകരണ പരിചരണ ക്ലിനിക്കുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിലൂടെ 29,500 പേർക്ക് പുതിയ പ്രാഥമിക പരിചരണ ലഭ്യത ഉറപ്പാക്കാൻ സാധിക്കും. 2027-ഓടെ ക്ലിനിക്കുകളുടെ എണ്ണം 30 ആയി ഉയർത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്. നിലവിൽ 2,62,758 ആളുകൾ ഫാമിലി ഡോക്ടർമാരുടെ സേവനത്തിനായി കാത്തിരിക്കുമ്പോൾ, ഈ പുതിയ ക്ലിനിക്കുകൾ വഴി അടിയന്തരമല്ലാത്ത ആശുപത്രി സന്ദർശനങ്ങളിൽ 20 ശതമാനം കുറവുണ്ടായതായും അധികൃതർ വിലയിരുത്തുന്നു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





