ഓട്ടവ: യു.എസിനും കാനഡയ്ക്കും ഇടയിലുള്ള വിമാന സർവീസുകൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി യുണൈറ്റഡ് എയർലൈൻസും എയർ കാനഡയും ആറ് പുതിയ ട്രാൻസ്ബോർഡർ റൂട്ടുകൾ പ്രഖ്യാപിച്ചു. കരാർ പുതുക്കിയതിനെ തുടർന്ന് അടുത്ത വർഷം മുതൽ പുതിയ റൂട്ടുകളിലും നിലവിലുള്ള പ്രമുഖ റൂട്ടുകളിലും സർവീസുകളുടെ എണ്ണം കൂട്ടാനാണ് തീരുമാനം. ടൊറന്റോ-ലൂയിസ്വില്ലെ, മോൺട്രിയൽ-ഇന്ത്യാനാപോളിസ്, എഡ്മണ്ടൺ-ന്യൂവാർക്ക് എന്നിവ ഉൾപ്പെടെയുള്ള റൂട്ടുകളിലാണ് എയർ കാനഡ പുതിയ സർവീസുകൾ ആരംഭിക്കുന്നത്. ലൂയിസ്വില്ലിലെ ഏക അന്താരാഷ്ട്ര വിമാന സർവീസായിരിക്കും ടൊറന്റോയിലേക്കുള്ള ഈ പുതിയ കണക്ഷൻ.
എയർ കാനഡയുടെ പുതിയ റൂട്ടുകളിൽ ടൊറന്റോ-ലൂയിസ്വില്ലെ ഏപ്രിൽ മുതൽ ഒക്ടോബർ വരെയും, മോൺട്രിയൽ-ഇൻഡ്യാനാപോളിസ് ജൂൺ മുതൽ സെപ്റ്റംബർ വരെയും, എഡ്മിന്റൻ-ന്യൂവാർക്ക് ജൂൺ മുതൽ ഒക്ടോബർ വരെയും സീസണൽ അടിസ്ഥാനത്തിൽ പ്രവർത്തിക്കും. കൂടാതെ എഡ്മിന്റൻ-സാൻ ഫ്രാൻസിസ്കോ റൂട്ടിൽ വലിയ എയർബസ് A220 വിമാനം ഉപയോഗിച്ച് യാത്രാശേഷി ഉയർത്തും. അതേസമയം, യുണൈറ്റഡ് എയർലൈൻസ് ന്യൂവാർക്കിൽ നിന്ന് സെന്റ് ജോൺസിലേക്ക് പുതിയ സർവീസ് തുടങ്ങുന്നതിനൊപ്പം ഡെൻവറിൽ നിന്ന് ഓട്ടവ, ക്യുബെക്ക് സിറ്റി എന്നിവിടങ്ങളിലേക്ക് പുതിയ കണക്ഷനുകൾ നൽകും.
Also Read: 90 മില്യൺ ഡോളറിന്റെ റെക്കോർഡ് ജാക്ക്പോട്ട്: കാനഡയിൽ നാളെ രാത്രി നിർണായക നറുക്കെടുപ്പ്
1,200-ലധികം കണക്റ്റിംഗ് യാത്രാ പദ്ധതികളെ പിന്തുണയ്ക്കുന്ന ഇരു എയർലൈനുകളുടെയും ജോയിന്റ് ബിസിനസ് കരാർ 2022-ലാണ് ആരംഭിച്ചത്. അന്നുമുതൽ ഇരു രാജ്യങ്ങൾക്കുമിടയിൽ 20 പുതിയ റൂട്ടുകൾ കൂട്ടിച്ചേർക്കാൻ സാധിച്ചിട്ടുണ്ട്. രണ്ട് അയൽരാജ്യങ്ങൾ തമ്മിലുള്ള യാത്രാസൗകര്യം സുഗമമാക്കുന്നതിനും സാമ്പത്തിക വളർച്ചയും വിനോദസഞ്ചാരവും പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഈ സർവീസുകൾ വിപുലീകരിക്കുന്നതെന്ന് യുണൈറ്റഡ് അധികൃതർ വ്യക്തമാക്കി. യുണൈറ്റഡ് എയർലൈൻസിന്റെ പുതിയ റൂട്ടുകളുടെ തുടങ്ങുന്നതിന്റെ തീയതികൾ ഉടൻ പ്രഖ്യാപിക്കും.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





