ഷാർലറ്റ്ടൗൺ : കാർലി ഫോർച്യൂണിന്റെ പ്രശസ്തമായ ‘ദിസ് സമ്മർ വിൽ ബി ഡിഫറന്റ്’ എന്ന നോവലിനെ ആസ്പദമാക്കിയുള്ള നെറ്റ്ഫ്ലിക്സ് പരമ്പരയുടെ ചിത്രീകരണം പ്രിൻസ് എഡ്വേർഡ് ഐലൻഡിൽ ആരംഭിച്ചു. ഷാർലറ്റ്ടൗണിലെ അലക്സാണ്ടർ ബി. കാംപ്ബെൽ എയർപോർട്ട്, കുലിനറി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാനഡ എന്നിവിടങ്ങളിൽ സിനിമാ സംഘവും വാഹനങ്ങളും എത്തിയതോടെയാണ് ചിത്രീകരണ വിവരങ്ങൾ പുറത്തുവന്നത്. ചിത്രീകരണത്തിന്റെ ഭാഗമായി നോർത്ത് റസ്റ്റി കോയിലെ ബീച്ച് ബുധനാഴ്ച രാവിലെ 7 മുതൽ രാത്രി 10 വരെ പൊതുജനങ്ങൾക്ക് നിരോധിച്ചിട്ടുണ്ട്.
ബേസിൻ ഹെഡ് പ്രൊവിൻഷ്യൽ പാർക്ക് വ്യാഴാഴ്ച അടച്ചിടുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും കാരണം വ്യക്തമാക്കാൻ പ്രവിശ്യാ ഭരണകൂടം തയ്യാറായിട്ടില്ല. ഈ പ്രൊജക്റ്റിനായി റിബേറ്റ് ഇനത്തിൽ 5 മില്യൺ ഡോളറാണ് പ്രവിശ്യ നിക്ഷേപിച്ചിട്ടുള്ളത്. ‘TSWBD’ എന്നെഴുതിയ ബോർഡുകൾ പ്രദേശത്ത് സ്ഥാപിച്ചിട്ടുണ്ട്. ഈ പരമ്പരയുടെ ചിത്രീകരണം പ്രിൻസ് എഡ്വേർഡ് ഐലൻഡിലും ടൊറന്റോയിലുമായാണ് നടക്കുന്നത്. ഡെയ്ൻ ക്ലാർക്ക്, ലിൻസെ സ്റ്റുവർട്ട് എന്നിവർ ചേർന്നാണ് 10 എപ്പിസോഡുകളുള്ള ഈ പരമ്പര നിർമ്മിക്കുന്നത്.
യല്ലോജാക്കറ്റ്സ് എന്ന ചിത്രത്തിലൂടെ പ്രശസ്തയായ കനേഡിയൻ നടി സോഫി നെലിസ് ആണ് ലൂസി ആഷ്ബി എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഫ്രാൻസെസ്ക റിയാൽ, റോബി അറ്റാൽ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. ലൂസി ആഷ്ബിയും സുഹൃത്തിന്റെ സഹോദരനായ ഫെലിക്സ് ക്ലാർക്കും തമ്മിലുള്ള ബന്ധത്തിന്റെ കഥയാണ് നോവൽ പറയുന്നത്. നോവലിൽ പ്രിൻസ് എഡ്വേർഡ് ഐലൻഡ് വെറുമൊരു പശ്ചാത്തലമല്ലെന്നും ഒരു പ്രധാന കഥാപാത്രമാണെന്നും നെറ്റ്ഫ്ലിക്സ് കാനഡ പ്രൊഡക്ഷൻ മാനേജ്‌മെന്റ് ഡയറക്ടർ റോബിൻ നെയ്ൻസ്റ്റീൻ ജൂണിൽ വ്യക്തമാക്കിയിരുന്നു.
മാർച്ച് 19-നാണ് നോവൽ സീരീസാക്കി മാറ്റുന്ന കാര്യം നെറ്റ്ഫ്ലിക്സ് പ്രഖ്യാപിച്ചത്. പ്രൊഡക്ഷൻ അസിസ്റ്റന്റുമാർ, പെയിന്റർമാർ, കേറ്ററർമാർ തുടങ്ങി 75-ഓളം പ്രാദേശിക തസ്തികകളിലേക്ക് ഈ ചിത്രീകരണത്തിലൂടെ തൊഴിലവസരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പരമ്പരയുടെ റിലീസ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
Netflix series ‘This Summer Will Be Different’ begins filming in P.E.I.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla




