വ്യാപക നാശനഷ്ടങ്ങൾ വിതച്ച നേപ്പാൾ ദുരന്തത്തിൽ നഷ്ടപരിഹാരം തേടി നേപ്പാൾ പ്രധാനമന്ത്രി ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയിലേക്ക്. കാലാവസ്ഥ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങളിൽ നിന്ന് കരകയറാൻ അന്താരാഷ്ട്ര സമൂഹത്തിന്റെ ശക്തമായ പിന്തുണ വേണമെന്ന് അദ്ദേഹം അസംബ്ലിയിൽ ആവശ്യപ്പെടും. വരുന്ന 22-ാം തീയതി ആരംഭിക്കുന്ന ജനറൽ അസംബ്ലിയിൽ രാജ്യത്തിന്റെ സമ്പൂർണ്ണ പുനർനിർമ്മാണത്തിനുള്ള സാമ്പത്തിക സഹായവും നേപ്പാൾ ഔദ്യോഗികമായി തേടും.
രാജ്യത്തെ ബാധിച്ച കനത്ത പ്രകൃതിദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം 1350 കവിഞ്ഞു. ഇന്ത്യയുടെ സമ്പൂർണ്ണ പിന്തുണയോടെയാണ് നിലവിൽ രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. ദുരന്തത്തിൽ നിർമ്മാണത്തിലിരുന്ന ടണലുകളിൽ നൂറിലധികം തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. ഈ ടണലുകൾ കൃത്യമായി കണ്ടെത്താനും രക്ഷാപ്രവർത്തനം വേഗത്തിലാക്കാനും അത്യാധുനിക ഉപഗ്രഹ ചിത്രങ്ങളും ഉപയോഗപ്പെടുത്തുന്നുണ്ട്.
ഈ പ്രകൃതിദുരന്തത്തിന് പിന്നിൽ ഇന്ത്യയോ ചൈനയോ അല്ലെന്ന് നേപ്പാൾ വിദേശകാര്യമന്ത്രി ശിശിർ ഖനാൽ വ്യക്തമാക്കി. ഇന്ത്യയും ചൈനയും നേപ്പാളും ഒരേപോലെയാണ് സമാനമായ കാലാവസ്ഥാ പ്രതിസന്ധികളെ നേരിടുന്നത് എന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. അതേസമയം, ദുരന്തത്തിൽ കാണാതായ വിദേശപൗരത്വമുള്ള മലയാളികളെക്കുറിച്ചുള്ള പുതിയ വിവരങ്ങളൊന്നും ഇതുവരെ ലഭ്യമായിട്ടില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq








