ഓട്ടവ: ഗുരുതരമായ അലർജിയുള്ളവർക്ക് ആശ്വാസമായി, സൂചി ഉപയോഗിക്കാതെ എപിനെഫ്രിൻ നൽകുന്ന ‘നെഫി’ (Neffy) നേസൽ സ്പ്രേ കാനഡയിൽ ഉടനീളം ലഭ്യമാകുന്നു. ഔദ്യോഗികമായി ഷെഡ്യൂൾ II ഉൽപ്പന്നമായി തരംതിരിച്ച ഈ മരുന്ന് ഇനി ഫാർമസികളിൽ ഡോക്ടറുടെ പ്രിസ്ക്രിപ്ഷൻ ഇല്ലാതെ നേരിട്ട് വാങ്ങാം.
കാനഡയിൽ ഏകദേശം 2.5 ദശലക്ഷം ആളുകൾ കടുത്ത അലർജികൾ മൂലം അനാഫൈലക്സിസ് സാധ്യത നേരിടുന്നുണ്ട്. ഇവർക്കായി ജീവൻ രക്ഷാ മരുന്ന് കൂടുതൽ വേഗത്തിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് നിർമ്മാതാക്കളായ ALK കാനഡ ഈ മാറ്റം നടപ്പിലാക്കിയത്. നിലക്കടല, ഷെൽഫിഷ് തുടങ്ങിയ ഭക്ഷണങ്ങൾ, പ്രാണികളുടെ കടി, മരുന്നുകൾ എന്നിവയാണ് പലരിലും ഗുരുതരമായ അലർജിക്ക് കാരണമാകുന്നത്.
വർഷങ്ങളായി എപ്പിപെൻ പോലുള്ള ഒറ്റത്തവണ ഉപയോഗിക്കാവുന്ന കുത്തിവയ്പ്പ് ഉപകരണങ്ങളെയാണ് കാനഡക്കാർ പ്രധാനമായും ആശ്രയിച്ചിരുന്നത്. എന്നാൽ തുടയിൽ കുത്തിവയ്ക്കേണ്ട ഈ സൂചി ഉപകരണങ്ങൾ ഉപയോഗിക്കാൻ പലർക്കും പ്രയാസവും മടിയും നേരിട്ടിരുന്നു. ഈ വർഷം ആദ്യം ഹെൽത്ത് കാനഡ നെഫി നാസൽ സ്പ്രേയ്ക്ക് അനുമതി നൽകിയതോടെ ഈ രംഗത്ത് വലിയൊരു വഴിത്തിരിവാണ് ഉണ്ടായിരിക്കുന്നത്.
പുതിയ നിയമപ്രകാരം രാജ്യത്തെ എല്ലാ അംഗീകൃത ഫാർമസികളിലും ഈ മരുന്ന് ആവശ്യക്കാർക്കായി ലഭ്യമാക്കിയിട്ടുണ്ട്. ഫാർമസിസ്റ്റിന്റെ സഹായത്തോടെ ഉപഭോക്താക്കൾക്ക് ഇത് എളുപ്പത്തിൽ സ്വന്തമാക്കാൻ സാധിക്കുന്നതാണ്. സൂചികൾ ഉപയോഗിക്കാൻ താൽപ്പര്യമില്ലാത്തവർക്കും കുട്ടികളെ പരിചരിക്കുന്നവർക്കും ഈ പുതിയ രീതി വലിയൊരു ആശ്വാസമായിരിക്കുമെന്ന് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നു.
കുറഞ്ഞത് 30 കിലോഗ്രാം ഭാരമുള്ള മുതിർന്നവരിലും കുട്ടികളിലും അടിയന്തര അലർജി ചികിത്സയ്ക്കായി ഈ നാസൽ സ്പ്രേ ഉപയോഗിക്കാം. അത്യാഹിത ഘട്ടങ്ങളിൽ വേഗത്തിൽ പ്രവർത്തിക്കാനും രോഗികൾക്ക് കൃത്യസമയത്ത് ചികിത്സ ഉറപ്പാക്കാനും ഇതിലൂടെ സാധിക്കും.
ഈ സുപ്രധാന മാറ്റം കാനഡയിലെ ആരോഗ്യ രംഗത്ത് വലിയ മുന്നേറ്റമുണ്ടാക്കുമെന്നാണ് കമ്പനി അധികൃതരുടെ വിലയിരുത്തൽ. അടിയന്തര ഘട്ടങ്ങളിൽ എപിനെഫ്രിൻ കൊണ്ടുപോകുന്നതിനും ഉപയോഗിക്കുന്നതിനും പുതിയ സംവിധാനം ആളുകൾക്ക് ഏറെ എളുപ്പമാകും. ഗുരുതരമായ അലർജി ബാധിതർക്ക് സുരക്ഷിതവും ലളിതവുമായ ഒരു പ്രതിരോധ മാർഗ്ഗമാണ് ഇതിലൂടെ യാഥാർത്ഥ്യമായിരിക്കുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





