ഫ്രെഡറിക്‌ടൺ: ന്യൂ ബ്രൺസ്‌വിക്കിലെ ആയിരക്കണക്കിന് പൊതുമേഖലാ ജീവനക്കാരുടെയും വിരമിച്ചവരുടെയും കോടിക്കണക്കിന് ഡോളർ പെൻഷൻ ഫണ്ടുകൾ കൈകാര്യം ചെയ്യുന്ന സ്ഥാപനമാണ് വെസ്റ്റ്‌കോർ ഇൻക്. ഈ സ്ഥാപനത്തിനെതിരെ സാമ്പത്തിക ക്രമക്കേട് ആരോപിച്ചുകൊണ്ട് ക്ലാസ്-ആക്ഷൻ കേസിന് അനുമതി തേടി ബ്രിട്ടീഷ് കൊളംബിയയിൽ ഹർജി സമർപ്പിച്ചിട്ടുണ്ട്. കാനഡയിലുടനീളമുള്ള നൂറുകണക്കിന് നിക്ഷേപകർക്ക് സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്നാണ് വെസ്റ്റ്‌കോറിനും അതിന്റെ ഒരു മുതിർന്ന എക്സിക്യൂട്ടീവിനുമെതിരെ ഉയർന്നിട്ടുള്ള പ്രധാന ആരോപണം.
ഫ്രെഡറിക്‌ടൺ ആസ്ഥാനമായുള്ള ഈ കമ്പനി, അവർക്ക് പങ്കാളിത്തമുള്ള രണ്ട് കമ്പനികൾ കൂടി ചേർന്നപ്പോൾ അതിന്റെ മൂല്യം പെരുപ്പിച്ച് കാണിച്ച് ഓഹരി ഉടമകളെ കബളിപ്പിച്ചു എന്ന് ഹർജിയിൽ പറയുന്നുണ്ട്. വെസ്റ്റ്‌കോർ ഭൂരിപക്ഷ ഓഹരി ഉടമയായ എക്‌സ്‌റോ ടെക്നോളജീസ്, വെസ്റ്റ്‌കോറിന് ഓഹരി പങ്കാളിത്തമുള്ള എസ്.ഇ.എ. ഇലക്ട്രിക് ഇൻക്. നെ 2024-ൽ ഏറ്റെടുത്തതുമായി ബന്ധപ്പെട്ടാണ് കേസ്. എസ്.ഇ.എ.യ്ക്ക് 2024-ൽ 200 മില്യൺ ഡോളർ ലാഭമുണ്ടാക്കാൻ കഴിയുമെന്ന് എക്‌സ്‌റോ അതിന്റെ ഓഹരി ഉടമകളെ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ 300 മില്യൺ ഡോളറിനാണ് ഈ ഏറ്റെടുക്കൽ നടന്നത്.
എന്നാൽ, ഈ ലാഭക്കണക്ക് തെറ്റായതോ തെറ്റിദ്ധാരണ ഉണ്ടാക്കുന്നതോ ആയിരുന്നുവെന്നും ഹർജിയിൽ ആരോപിക്കുന്നുണ്ട്. എസ്.ഇ.എ.യുടെ ആസ്തിയുടെ മൂല്യം പെരുപ്പിച്ചു കാട്ടാൻ സഹായിക്കുന്ന വസ്തുതകൾ നിലവിലില്ലായിരുന്നുവെന്നാണ് ഹർജിക്കാരുടെ വാദം. ഈ ലയനത്തിലൂടെ വെസ്റ്റ്‌കോറിനും അതിന്റെ ഇക്വിറ്റി വൈസ് പ്രസിഡന്റ് മാർക്ക് ഹോളറനും എസ്.ഇ.എ.യിലെ തങ്ങളുടെ നിക്ഷേപം രക്ഷിക്കാനോ, അതിന്റെ മൂല്യം നിലനിർത്താനോ ലക്ഷ്യമിട്ടുവെന്നും ഹർജിയിൽ വ്യക്തമാക്കിയിരുന്നു. വെസ്റ്റ്‌കോർ എക്‌സ്‌റോയുടെ ഭൂരിപക്ഷ ഓഹരി ഉടമയും അതേസമയം എസ്.ഇ.എ.യുടെ 14.3% ഓഹരി ഉടമയും ആയിരുന്നു.
ഏറ്റെടുക്കലിന് ശേഷം എക്‌സ്‌റോയുടെ വരുമാനം കുത്തനെ കുറയുകയും, നവംബർ 2024-ൽ കമ്പനി 226 മില്യൺ ഡോളർ നഷ്ടം രേഖപ്പെടുത്തുകയും ചെയ്തു. ഇതിൽ 211 മില്യൺ ഡോളർ എസ്.ഇ.എയുടെ ആസ്തിയുടെ മൂല്യത്തകർച്ചയാണ്. ഈ നഷ്ടം എക്‌സ്‌റോയെ പൂർണ്ണമായ തകർച്ചയിലേക്ക് നയിക്കുകയും, ഒക്ടോബറിൽ കമ്പനിയെ ടൊറന്റോ സ്റ്റോക്ക് എക്സ്ചേഞ്ചിൽ നിന്ന് ഡീലിസ്റ്റ് ചെയ്യുകയും ചെയ്തു.
വെസ്റ്റ്‌കോർ സി.ഇ.ഒ. ഷോൺ ഹ്യൂവിറ്റ് ഈ ആരോപണങ്ങളെ തള്ളിപ്പറഞ്ഞു. കോടതിയിൽ തെളിയിക്കപ്പെടാത്തതിനാൽ ഈ ആരോപണങ്ങൾ വിശ്വസിക്കേണ്ടതില്ല എന്ന് അദ്ദേഹം വ്യക്തമാക്കി. കമ്പനിയുടെ 23 ബില്യൺ ഡോളർ പോർട്ട്ഫോളിയോയിൽ ഈ നിക്ഷേപത്തിന്റെ സ്വാധീനം വളരെ ചെറുതാണ്. മൊത്തം മൂല്യത്തിന്റെ ഒരു ശതമാനത്തിൽ താഴെ മാത്രമാണ് ഇതിന്റെ അളവ്. അതിനാൽ, പെൻഷൻകാരുടെ മാസവരുമാനത്തെ ഇത് ബാധിച്ചിട്ടില്ലെന്നും അദ്ദേഹം ഉറപ്പുനൽകി.നിലവിൽ, ബ്രയാൻ ഇർവിൻ (ബ്രിട്ടീഷ് കൊളംബിയ), മൈക്ക് സീൻചുക്ക് (ഒന്റാരിയോ) എന്നിവരാണ് കേസ് നൽകിയിരിക്കുന്നത്. ഏകദേശം 500 ഓളം ഓഹരി ഉടമകൾ കേസിൽ ചേരാൻ തയ്യാറാണെന്ന് അഭിഭാഷകൻ അറിയിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
N.B. Pension Fund Managers Alleged Financial Impropriety: Shareholders Move to Court






