33 ബില്യൺ ഡോളറിന്റെ വമ്പൻ ഇടപാട്
ഇലോൺ മസ്‌കിന്റെ AI കമ്പനിയായ xAI, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം X-നെ 33 ബില്യൺ ഡോളറിന് ഏറ്റെടുത്തു. ഓഹരികൾ കൈമാറിയുള്ള ഈ ഇടപാട് മസ്‌കിന്റെ രണ്ട് പ്രധാന സംരംഭങ്ങളെ സംയോജിപ്പിക്കുന്നു. ഇത് xAI-യുടെ AI മോഡലായ Grok-ന് വിപുലമായ ഡാറ്റയും വിതരണ മേന്മകളും നൽകിയേക്കാം. X-ൽ ഇക്കാര്യം പ്രഖ്യാപിച്ച മസ്‌ക്, കടബാധ്യതകൾ കണക്കിലെടുത്തശേഷം xAI-യുടെ മൂല്യം 80 ബില്യൺ ഡോളറും X-ന്റെ മൂല്യം 33 ബില്യൺ ഡോളറുമാണെന്ന് വ്യക്തമാക്കി.
തന്റെ X പോസ്റ്റിൽ മസ്‌ക് ഈ ലയനത്തിന്റെ തന്ത്രപരമായ പ്രാധാന്യം ഊന്നിപ്പറഞ്ഞു: “xAI-യുടെയും X-ന്റെയും ഭാവി പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു, ഈ ഇടപാട് കംപ്യൂട്ടിംഗ് ശേഷി, ഡേറ്റ, മോഡലുകൾ,വിതരണ സംവിധാനങ്ങൾ, പ്രതിഭ എന്നിവ ഏകീകരിക്കാൻ അനുവദിക്കുന്നു”. സാമ്പത്തിക, പ്രവർത്തന വിശദാംശങ്ങൾ വ്യക്തമല്ലെങ്കിലും, മസ്‌കിന് കീഴിലുള്ള X-ന്റെ അസ്ഥിരമായ ഉടമസ്ഥതയുടെ സമാപനമായി ഇടപാട് മാറിയേക്കാമെന്ന് വിദഗ്ധർ സൂചിപ്പിക്കുന്നു.അതോടൊപ്പം ഈ ഇടപാടിന് വിപുലമായ സാമ്പത്തിക, രാഷ്ട്രീയ പ്രത്യാഘാതങ്ങളുണ്ടെന്നും വിദഗ്ധർ ചൂണ്ടികാട്ടി. ചില നിക്ഷേപകരോട് കൂടിയാലോചിച്ചില്ലെങ്കിലും, മസ്‌കിന്റെ നേതൃത്വ തന്ത്രത്തിലെ സ്വാഭാവിക പുരോഗതിയായി അവർ ഈ നീക്കത്തെ കാണുന്നു.xAI അടുത്തിടെ 75 ബില്യൺ ഡോളർ മൂല്യത്തിൽ 10 ബില്യൺ ഡോളറാണ് സമാഹരിച്ചത്.
2015-ൽ OpenAI-യുടെ സഹസ്ഥാപകനായിരുന്ന മസ്‌ക്, പിന്നീട് അതിന്റെ വാണിജ്യ മാറ്റങ്ങളെ ചോദ്യം ചെയ്ത് നിയമ നടപടികൾ സ്വീകരിച്ചിരുന്നു. ഈ വർഷം ആരംഭത്തിൽ OpenAI ഏറ്റെടുക്കാനുള്ള മസ്കിന്റെ 97.4 ബില്യൺ ഡോളറിന്റെ നിർദേശം നിരസിക്കപ്പെടുകയും ചെയ്യപ്പെട്ടു.
2022-ൽ 44 ബില്യൺ ഡോളറിന് ട്വിറ്റർ ഏറ്റെടുത്ത മസ്‌ക്, കമ്പനിയെ ഗണ്യമായി പുനഃക്രമീകരിച്ചു. ഇത് പരസ്യദാതാക്കളുടെ പിന്മാറ്റത്തിന് കാരണമായെങ്കിലും അടുത്തിടെ വരുമാനത്തിൽ വൻ മുന്നേറ്റം ഉണ്ടായി. വാഷിംഗ്ടണിൽ, പ്രത്യേകിച്ച് ട്രംപ് ഭരണകൂടത്തിൽ, സ്വാധീനം വർദ്ധിക്കുന്നതോടെ മസ്‌കിന്റെ അധികാര ഏകീകരണം കൂടുതൽ നിയന്ത്രണ സൂക്ഷ്മപരിശോധന ക്ഷണിച്ചുവരുത്തുമെന്ന് കരുതുന്നു. അതോടൊപ്പം, X-ന്റെ സാമ്പത്തിക സ്ഥിരത മെച്ചപ്പെട്ടതായും റിപ്പോർട്ടുകൾ പറയുന്നു.






