മൊൺട്രിയലിൽ നിരവധി മുതിർന്ന പൗരന്മാരെ ലക്ഷ്യമാക്കി ആഭരണ കവർച്ച. സംഭവത്തിൽ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മൂന്ന് പുരുഷന്മാരെയും രണ്ട് സ്ത്രീകളെയുമാണ് സംഭവത്തിൽ പോലീസ് അറസ്റ്റ് ചെയ്‌തിരിക്കുന്നത്. അറസ്റ്റിലായവരിൽ മൂന്ന് പേർക്ക് 5,000 ഡോളറിൽ താഴെ പിഴ ചുമത്തി. രണ്ട്പേരെ കർശന വ്യവസ്ഥകളോടെ വിട്ടയച്ചതായും പോലീസ് വ്യക്തമാക്കി.
എവിടേക്കെങ്കിലും പോകാനുള്ള വ്യാജേന വഴി ചോദിച്ചെത്തുന്ന കവർച്ചസംഘം കൃത്യമായ വഴി പറഞ്ഞുകൊടുക്കുന്ന ആളുകൾക്ക് നന്ദി സൂചകമായി ഒരു മാലയോ റിംഗോ നൽകും. ഇത്തരത്തിൽ അവരോടൊരു അടുപ്പം കാണിച്ച് കൂടുതലായി അവർക്ക് അടുത്തേക്ക് എത്തുകയും അവരിൽ നിന്ന് വിലപിടിപ്പുള്ള അവരുടെ ആഭരണങ്ങളോ, പേഴ്സോ തട്ടിയെടുത്ത് അവിടെന്ന് തടിതപ്പുമെന്നാണ് പോലീസ് പറയുന്നത്.
പാർക്കിംഗ് സ്ഥലങ്ങളും, കടകളുടെ പുറകുവശങ്ങളുമാണ് കൊള്ള സംഘം കൂടുതലായും കവർച്ചക്ക് തിരഞ്ഞെടുക്കുന്നത്. മുതിർന്ന പൗരന്മാരെ ലക്ഷ്യം വെച്ചുകൊണ്ടുള്ള കവർച്ചയായതിനാൽ അവർ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അനാവശ്യമായി സംശയാസ്പദമായ സമ്മാനങ്ങൾ സ്വീകരിക്കാതിരിക്കലാണ് ബുദ്ധിയെന്ന് പോലീസ് വ്യക്തമാക്കുന്നു. ഇത്തരം സംഭവങ്ങൾ നേരിട്ടവർ പോലീസുമായി നേരിട്ട് ബന്ധപ്പെടാനും നിർദേശമുണ്ട്.
രാജ്യത്തിലെ മറ്റ് പല സ്ഥലങ്ങളിലും ഇത്തരത്തിലുള്ള കവർച്ചകൾ കൂടിവരികയാണ്. അതുകൊണ്ട് തന്നെ ഈ സംഭവങ്ങൾ പോലീസ് കൂടുതൽ ശ്രദ്ധയോടെയും വിശദമായും അന്വേഷിച്ച് വരികയാണ്. വാങ്കൂവർ, ഒട്ടാവ, ടൊറന്റോ എന്നിവിടങ്ങളിൽ പോലീസ് ഇത്തരം കവർച്ചകളെക്കുറിച്ച് നേരത്തെ മുന്നറിയിപ്പുകൾ നൽകിയിരുന്നു.






