സോഫ്റ്റ്‌വെയർ പ്രശ്‌നങ്ങളെ തുടർന്ന് 70,000-ത്തിലധികം വാഹനങ്ങൾ തിരിച്ചുവിളിക്കാൻ ഒരുങ്ങി ടൊയോട്ട. 12.3 ഇഞ്ച് ഡിസ്‌പ്ലേ ഉള്ള വാഹനങ്ങളിലാണ് പ്രധാനമായും ഈ പ്രശ്‌നം കണ്ടെത്തിയിരിക്കുന്നത്. ഡിസ്‌പ്ലേ പാനലിലെ പ്രശ്നം അപകടസാധ്യത വർധിപ്പിക്കുമെന്നും കമ്പനി മുന്നറിയിപ്പ് നൽകി. കാനഡയിലെ മോട്ടോർ വെഹിക്കിൾ സേഫ്റ്റി റീകോൾസ് ഡാറ്റാബേസ് അനുസരിച്ച്, വാഹനങ്ങൾ സ്റ്റാർട്ട് ചെയ്യുമ്പോൾ ഇൻസ്ട്രുമെന്റ് പാനലിലെ കോമ്പിനേഷൻ മീറ്ററിന്റെ ഡിസ്‌പ്ലേ തകരാറിലാകാൻ സാധ്യതയുണ്ട്.
ഇതിലൂടെ സ്പീഡോമീറ്റർ, ഫ്യുവൽ ഗേജ്, വാണിംഗ് ലൈറ്റുകൾ തുടങ്ങി പ്രധാന വിവരങ്ങൾ ലഭ്യമാകാതെ വരും. ടൊയോട്ടയും ഹ്യുണ്ടായിയും ഈ ആഴ്ച യു.എസിലെ ഇൻസ്ട്രുമെന്റ് പാനൽ ഡിസ്‌പ്ലേകളിലെയും സീറ്റ് ബെൽറ്റുകളിലെയും പ്രശ്‌നങ്ങൾ കാരണം 1.1 ദശലക്ഷം വാഹനങ്ങൾ തിരികെവിളിച്ചിരുന്നു.
2024, 2025 ലെക്സസ് എൽ.എസ്., 2025 ലെക്സസ് ആർ.എക്സ് 500എച്ച്, 2024 ലെക്സസ് ടി.എക്സ്., 2024 ടൊയോട്ട കാമ്രി, 2023, 2024, 2025 ടൊയോട്ട ക്രൗൺ, 2025 ടൊയോട്ട ക്രൗൺ സിഗ്നിയ, 2024 ടൊയോട്ട ജി.ആർ. കൊറോള, 2024, 2025 ടൊയോട്ട ഗ്രാൻഡ് ഹൈലാൻഡർ, 2023, 2024 ടൊയോട്ട ഹൈലാൻഡർ, 2023, 2024, 2025 ടൊയോട്ട ആർ.എ.വി.4, 2023, 2024 ടൊയോട്ട ആർ.എ.വി.4 പ്രൈം, 2024 ടൊയോട്ട ടാകോമ, 2023, 2024 ടൊയോട്ട വെൻസ എന്നീ വാഹനങ്ങളാണ് തിരിച്ചുവിളിക്കുന്നത്. റീകോൾ ചെയ്യുന്ന വാഹനങ്ങളുടെ ഉടമകളെ കമ്പനി മെയിൽ വഴി അറിയിക്കും. തുടർന്ന് ഡീലർഷിപ്പിൽ കൊണ്ടുപോയി കോമ്പിനേഷൻ മീറ്റർ സോഫ്റ്റ്‌വെയർ അപ്ഡേറ്റ് ചെയ്യാൻ നിർദ്ദേശിക്കും. ചില വാഹനങ്ങളിൽ കോമ്പിനേഷൻ മീറ്റർ മാറ്റേണ്ടി വന്നേക്കാമെന്നും അധികൃതർ അറിയിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82



