മോൺട്രിയൽ: മോൺട്രിയലിൽ ഫേസ്ബുക്ക് മാർക്കറ്റ്പ്ലേസ് ഉൾപ്പെടെയുള്ള ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വഴി, മോഷണവസ്തുക്കൾ വിൽപ്പന നടത്തിയ ദമ്പതികൾക്കെതിരെ കേസെടുത്ത് പോലീസ്. മോൺട്രിയലിന്റെ സൗത്ത് ഷോറിലെ ലോംഗുയിൽ പ്രദേശത്ത് താമസിക്കുന്ന ഇസ്മായിൽ ജദിൽ (43), മെര്യം ലൗട്ട്ഫി (32) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും ഏകദേശം 3.5 ലക്ഷം ഡോളർ വിലമതിക്കുന്ന മോഷണസാധനങ്ങൾ കണ്ടെടുത്തതായി ലോംഗുയിൽ പോലീസ് അറിയിച്ചു.
പ്രതികൾ “Jacob TRUD” എന്ന പേരിൽ വ്യാജ ഓൺലൈൻ ക്ലാസിഫൈഡ് അക്കൗണ്ട് ഉണ്ടാക്കിയാണ് തട്ടിപ്പ് നടത്തിയിരുന്നത്. 2024 ഒക്ടോബർ 1 മുതൽ 2025 ഏപ്രിൽ 14 വരെയുള്ള കാലയളവിൽ 5,000 ഡോളറിന് മുകളിലുള്ള വസ്തുക്കളുടെ അനധികൃത വിൽപ്പന ഉൾപ്പെടെയുള്ള ഗുരുതരമായ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്. ലോംഗുയിലെ ഗോഡിൻ സ്ട്രീറ്റിലുള്ള ഇവരുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 2,500-ലേറെ സാധനങ്ങൾ പോലീസ് പിടിച്ചെടുക്കുകയും, തുടർനടപടികളുടെ ഭാഗമായി ഇവരുടെ വീട് വിൽക്കുന്നത് നിയമപരമായി തടയുകയും ചെയ്തിട്ടുണ്ട്.
ഓൺലൈൻ വഴി സാധനങ്ങൾ വാങ്ങുന്നവർ വിപണി വിലയേക്കാൾ വളരെ കുറഞ്ഞ നിരക്കിലുള്ള ഓഫറുകൾ കാണുമ്പോൾ ജാഗ്രത പാലിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി. ഒരേ ഫോൺ നമ്പറിൽ ഒന്നിലധികം അക്കൗണ്ടുകൾ വഴിയുള്ള വിൽപനയും നേരിട്ട് കാണാൻ മടിക്കുന്നവരെയും ശ്രദ്ധിക്കണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു. ഇത്തരം തട്ടിപ്പുകൾ ഒഴിവാക്കാൻ ലോംഗുയിലിലെ ‘699 Curé-Poirier West’ ഉൾപ്പെടെയുള്ള ഔദ്യോഗിക സുരക്ഷിത എക്സ്ചേഞ്ച് സൈറ്റ്സ് മാത്രം പൊതുജനങ്ങൾ ഉപയോഗിക്കണമെന്ന് പോലീസ് നിർദ്ദേശിച്ചു.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Montreal couple arrested for selling stolen goods on Facebook; goods worth Rs 3.5 lakh seized










