ഓട്ടവ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാനഡ സന്ദർശനത്തിന്റെ ഭാഗമായി ഡിസംബർ 11-ന് ടൊറന്റോയിൽ ഇന്ത്യൻ സമൂഹ സംഗമം സംഘടിപ്പിക്കുന്നു. ടൊറന്റോയിലെ പ്രമുഖ വേദിയിൽ നടക്കുന്ന ഈ ആഘോഷ പരിപാടിയിൽ മുപ്പതിനായിരത്തോളം ഇന്തോ-കാനഡക്കാർ പങ്കെടുക്കുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. ഇതിനായി വിവിധ കമ്മ്യൂണിറ്റി സംഘടനകൾക്ക് രജിസ്റ്റർ ചെയ്യുന്നതിനായുള്ള പ്രത്യേക വെബ്‌സൈറ്റും പ്രമോഷണൽ ഫ്ലയറുകളും ഇതിനോടകം പുറത്തിറക്കിയിട്ടുണ്ട്.
ഡിസംബർ 11, 12 തീയതികളിലായി നിശ്ചയിച്ചിരിക്കുന്ന സന്ദർശനത്തിൽ, പ്രധാനമന്ത്രി മാർക്ക് കാർണിയുമായി ഓട്ടവയിൽ വച്ച് മോദി നിർണായക ഉഭയകക്ഷി ചർച്ചകൾ നടത്തും. ഇതിനുപുറമേ കാനഡയിലെ പ്രമുഖ വ്യവസായ പ്രമുഖരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഓട്ടവയിലെയും ടൊറോന്റോയിലെയും പരിപാടികൾക്ക് ശേഷം, ജി20 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി നരേന്ദ്രമോദി അമേരിക്കയിലെ മിയാമിയിലേക്ക് തിരിക്കും.
സന്ദർശന വേളയിൽ ഇന്ത്യയും കാനഡയും തമ്മിലുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (CEPA) സംബന്ധിച്ച ചർച്ചകൾ പൂർത്തിയാക്കി ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അമേരിക്കയുമായുള്ള വ്യാപാര തർക്കങ്ങൾ പരിഹരിക്കുന്നതിന്റെ ഭാഗമായി, ഇന്ത്യയുമായുള്ള സാമ്പത്തിക പങ്കാളിത്തം വിപുലീകരിക്കാൻ കാനഡ വലിയ മുൻഗണന നൽകുന്നുണ്ട്.
2015-ന് ശേഷം ഇന്ത്യൻ പ്രധാനമന്ത്രി നടത്തുന്ന ആദ്യ ഉഭയകക്ഷി കാനഡ പര്യടനമാണിത്. മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ കാലത്ത് ഖാലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിംഗ് നിജ്ജാറിന്റെ വധവുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളെ തുടർന്ന് തകർച്ചയിലായ ഇന്ത്യ- കാനഡ ബന്ധം, 2025 മാർച്ചിൽ മാർക്ക് കാർണി പ്രധാനമന്ത്രിയായി അധികാരമേറ്റതോടെയാണ് വേഗത്തിൽ പുനഃസ്ഥാപിക്കപ്പെട്ടത്.
ALSO READ: ഇന്ത്യ-കാനഡ വ്യാപാര കരാർ: നിർമ്മാണ മേഖലയ്ക്ക് തണലാകുമോ? സാധ്യതകളും പ്രധാന വെല്ലുവിളികളും!
കാനഡ, അമേരിക്കൻ പര്യടനങ്ങൾക്ക് ശേഷം ഡിസംബർ 16-17 തീയതികളിൽ മോദി ബ്രസ്സൽസ് സന്ദർശിച്ച് ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാറിലും ഒപ്പുവെക്കുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ, നയതന്ത്ര സൗഹൃദം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി 2027 ജനുവരിയിലെ ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷത്തിൽ പ്രധാനമന്ത്രി മാർക്ക് കാർണിയെ മുഖ്യാതിഥിയായി ക്ഷണിക്കാനും ഇന്ത്യ തീരുമാനിച്ചിട്ടുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





