ഓട്ടവ: പ്രധാനമന്ത്രി മാർക്ക് കാർണിയുടെ നേതൃത്വത്തിലുള്ള ലിബറൽ സർക്കാർ വ്യാഴാഴ്ചയാണ് പാർലമെന്റിൽ തങ്ങളുടെ രണ്ടാമത്തെ ബജറ്റ് സമർപ്പിച്ചത്. “നമ്മുടെ വിധിയുടെ നാഥന്മാർ” എന്നാണ് പുതിയ ബജറ്റിന് നൽകിയിരിക്കുന്ന പേര്. രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയും സാധാരണക്കാരുടെ ജീവിതച്ചെലവുകളും ലക്ഷ്യമിട്ട് അവതരിപ്പിച്ച ബജറ്റിൽ ജനങ്ങളെ നേരിട്ട് ബാധിക്കുന്ന നിരവധി നിർണായക നിർദ്ദേശങ്ങളുണ്ട്.
തപാൽ സ്റ്റാമ്പ് വില കുതിച്ചുയർന്നു: കാനഡ പോസ്റ്റിന്റെ സാമ്പത്തിക നഷ്ടം പരിഹരിക്കുന്നതിനായി സ്റ്റാമ്പ് നിരക്ക് 40 ശതമാനത്തോളം ഉയർത്തി. 1.44 ഡോളറായിരുന്ന സാധാരണ സ്റ്റാമ്പിന് ഇനി 2 ഡോളർ നൽകണം. തുടർന്ന് ഓരോ വർഷവും 7 ശതമാനം വീതം വർധനവുണ്ടാകും.
25 വയസ്സിൽ താഴെയുള്ളവർക്ക് മ്യൂസിയങ്ങളിൽ സൗജന്യ പ്രവേശനം: ചെറുപ്പക്കാരിൽ സാംസ്കാരിക ബോധം വളർത്തുന്നതിനായി ‘കാനഡ സ്ട്രോങ് പാസ്’ പദ്ധതി പുതുക്കി. 25 വയസ്സുവരെയുള്ളവർക്ക് നാഷണൽ ഗാലറി, മ്യൂസിയം ഓഫ് ഹിസ്റ്ററി തുടങ്ങിയ ദേശീയ മ്യൂസിയങ്ങളിൽ സൗജന്യ പ്രവേശനം ലഭിക്കും. 5 വർഷത്തേക്ക് 500 ദശലക്ഷത്തിലേറെ ഡോളറാണ് ഇതിനായി മാറ്റിവെച്ചിരിക്കുന്നത്.
സ്പോർട്സ് റീക്രിയേഷൻ കേന്ദ്രങ്ങൾക്ക് 1.5 ബില്യൺ ഡോളർ: രാജ്യത്തെ കായിക വികസനത്തിനായി 9 വർഷത്തിനിടെ 1.5 ബില്യൺ ഡോളർ ചെലവഴിക്കും. ഇതിൽ 750 ദശലക്ഷം ഡോളർ ഐസ് റിങ്കുകൾക്കും ബാക്കി 750 ദശലക്ഷം മറ്റ് റീക്രിയേഷൻ സെന്ററുകൾക്കുമാണ്.
കലാകാരന്മാർക്ക് പുതിയ ടാക്സ് ക്രെഡിറ്റ്: കലാമേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന് ‘കാനഡ ക്രിയേറ്റീവ് ക്രെഡിറ്റ്’ പ്രഖ്യാപിച്ചു. അടിസ്ഥാന ഇളവുകൾക്കൊപ്പം കലാകാരന്മാർക്ക് 45,000 ഡോളർ വരെ പേഴ്സണൽ ഇൻകം ടാക്സ് ക്രെഡിറ്റായി ലഭിക്കും.
ALSO READ: യു.എസ് ആശ്രയം അവസാനിപ്പിക്കുന്നു; ചരിത്ര ബജറ്റ് പ്രഖ്യാപിച്ച് കാനഡ
നികുതി കുടിശ്ശിക ക്രെഡിറ്റ് സ്കോറിനെ ബാധിക്കും: സിആർഎയ്ക്ക് (CRA) 50,000 ഡോളറിലധികം നികുതി കുടിശ്ശിക വരുത്തുന്നവരുടെ വിവരങ്ങൾ ക്രെഡിറ്റ് റേറ്റിംഗ് ഏജൻസികൾക്ക് കൈമാറാൻ ഇൻകം ടാക്സ് ആക്റ്റിൽ ഭേദഗതി കൊണ്ടുവരും. ഇത് ക്രെഡിറ്റ് സ്കോറിനെ ദോഷകരമായി ബാധിക്കും.
മസാജ് തെറാപ്പിക്ക് ജിഎസ്ടി/എച്ച്എസ് ടി ഇളവ്: ആരോഗ്യ മേഖലയ്ക്ക് ആശ്വാസമായി മസാജ് തെറാപ്പിസ്റ്റുകളുടെ സേവനങ്ങളെ ഇനിമുതൽ GST/HST നികുതിയിൽ നിന്ന് പൂർണ്ണമായി ഒഴിവാക്കി.
സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്തുന്നതിനൊപ്പം കലാ-കായിക രംഗങ്ങൾക്കും സാമാന്യ ജനങ്ങൾക്കും ആശ്വാസം നൽകുന്ന പ്രഖ്യാപനങ്ങളാണ് ബജറ്റിലുള്ളതെന്ന് ധനമന്ത്രി ഫ്രാൻസ്വാ-ഫിലിപ്പ് ഷാംപെയ്ൻ വ്യക്തമാക്കി.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





