ന്യൂ ബ്രണ്‍സ്വിക്ക് : ഡോക്ടർമാരുടെ ക്ഷാമം കാരണം വാട്ടർവിലിലെ അപ്പർ റിവർ വാലി ആശുപത്രിയിൽ ഏപ്രിൽ 20 മുതൽ 27 വരെ പ്രസവ സേവനങ്ങൾ നിർത്തിവെക്കുമെന്ന് ന്യൂ ബ്രണ്‍സ്വിക്ക് അധികാരികൾ പ്രഖ്യാപിച്ചു.ഈ കാലയളവിൽ പ്രസവം അടുത്തിരിക്കുന്നവർ ഫ്രെഡറിക്ടണിലേക്ക് 117 കിലോമീറ്റർ യാത്ര ചെയ്ത് ഡോ. എവറെറ്റ് ചാൾമേഴ്സ് റീജിയണൽ ആശുപത്രിയിൽ എത്തേണ്ടതാണെന്ന് അധികൃതർ അറിയിച്ചു.
പ്രസവ പ്രക്രിയയുമായി ബന്ധപ്പെട്ട അപ്രതീക്ഷിത അടിയന്തിര സാഹചര്യങ്ങളുടെ സാധ്യത കണക്കിലെടുത്ത്, കുറഞ്ഞ റിസ്ക് വിഭാഗത്തിൽ ഉൾപ്പെടുന്നവർ ഉൾപ്പെടെയുള്ള എല്ലാ ഗർഭിണികളും ഫ്രെഡറിക്ടണിലേക്ക് പോകണമെന്ന് ഹൊറൈസൺ ഹെൽത്ത് നെറ്റ്‌വർക്ക് ഊന്നിപ്പറഞ്ഞിട്ടുണ്ട്. ഇതിനകം തന്നെ 35 ആഴ്ചയോ അതിലധികമോ ഗർഭകാലം പൂർത്തിയാക്കിയ ഗർഭിണികൾക്ക് ഈ സാഹചര്യത്തെക്കുറിച്ച് അധികൃതർ അറിയിപ്പ് നൽകിയിട്ടുണ്ട്.
“ഡോക്ടർമാരുടെ ലഭ്യതയിലുള്ള താൽക്കാലിക വെല്ലുവിളി മൂലമാണ് ഈ തീരുമാനം എടുക്കേണ്ടി വന്നത്. രോഗികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ഈ നടപടി അത്യാവശ്യമാണ്. എന്നാൽ ആശുപത്രിയിലെ മറ്റ് സേവനങ്ങൾ തടസ്സമില്ലാതെ തുടരുന്നതാണ്,” എന്ന് ഹൊറൈസൺ ഹെൽത്ത് നെറ്റ്‌വർക്കിന്റെ ചീഫ് മെഡിക്കൽ ഓഫീസർ അറിയിച്ചു.






