വാഷിംഗ്ടൺ: അന്താരാഷ്ട്ര ഹാക്കിംഗ് ശൃംഖല നടത്തിയ വൻ സാമ്പത്തിക തട്ടിപ്പിൽ കാനഡ ഉൾപ്പെടെയുള്ള 19 രാജ്യങ്ങളിലെ ആയിരത്തിലധികം പേർക്ക് പണം നഷ്ടമായി. ഏകദേശം 215 മില്യൺ യുഎസ് ഡോളറാണ് സംഘം തട്ടിയെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് നൈജീരിയൻ ബന്ധമുള്ള 25 അംഗ സംഘത്തെ അമേരിക്കയിലെ ഫെഡറൽ ജൂറി കുറ്റക്കാരായി വിധിച്ചു. അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലുമായി വ്യാപിച്ചുകിടക്കുന്ന ബിസിനസ് സ്ഥാപനങ്ങളെയും വ്യക്തികളെയുമാണ് സംഘം പ്രധാനമായും ലക്ഷ്യമിട്ടത്.
‘ബിസിനസ് ഇമെയിൽ കമ്പ്രോമൈസ്’ (BEC) എന്ന നൂതനമായ ഹാക്കിംഗ് രീതിയിലൂടെയാണ് സംഘം തട്ടിപ്പ് നടത്തിയത്. വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ഇമെയിൽ അക്കൗണ്ടുകൾ ഹാക്ക് ചെയ്ത് അവരുടെ ഇടപാടുകൾ നിരീക്ഷിക്കുകയായിരുന്നു ആദ്യ ഘട്ടം. തുടർന്ന് യഥാർത്ഥ ഇടപാടുകാരെന്ന വ്യാജേന ഇമെയിലുകൾ അയച്ച് പണം ആവശ്യപ്പെടും. വിശ്വസനീയമായ രീതിയിലുള്ള ഇമെയിലുകൾ കണ്ട് പണം കൈമാറുന്നതോടെ ഇത് സംഘം നിയന്ത്രിക്കുന്ന വിവിധ വ്യാജ ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റുകയും പിന്നീട് ക്രിപ്റ്റോ കറൻസിയിലേക്കും മറ്റും മാറ്റി വെളുപ്പിക്കുകയും ചെയ്യുന്നതാണ് ഇവരുടെ പ്രവർത്തനശൈലി.
തട്ടിയെടുത്ത പണം ഉപയോഗിച്ച് ആഡംബര വാച്ചുകളും വലിയ വില്ലകളും വാങ്ങിക്കൂട്ടിയതായി അന്വേഷണത്തിൽ കണ്ടെത്തി. സംഘത്തിലെ പ്രധാനികളായ ഒലുവാഫെമി മൈക്കൽ അബോയ്മി, അരുൺ ഡ്രേക്ക്, പീറ്റർ റീഡ് എന്നിവരടക്കം 25 പേർക്കെതിരെ ഗൂഢാലോചന, കള്ളപ്പണം വെളുപ്പിക്കൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഇതിൽ 22 പേരും കുറ്റം സമ്മതിച്ചു. ലക്ഷക്കണക്കിന് രൂപ വിലവരുന്ന ആഡംബര വാച്ചുകളും വീടുകളും ഇവരില് നിന്ന് അധികൃതർ കണ്ടുകെട്ടിയിട്ടുണ്ട്. ഒഹായോയിലെ യുഎസ് അറ്റോർണി ഓഫീസാണ് കേസ് വ്യക്തമാക്കിയത്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Massive financial fraud in 19 countries including Canada: 25 people arrested in US for stealing $215 million




